50 മുതല്‍ 500 രൂപ വരെ വില; ജോണിന്റെ ഒരേക്കര്‍ തോട്ടത്തില്‍ 60 ഇനം മുളകള്‍

'വേണമെങ്കില്‍ മുള പാറപ്പുറത്തും വളരും. വളര്‍ത്താനുള്ള മനസ്സും പരിചരിക്കാന്‍ ഒരിത്തിരി സമയവും മാറ്റിവെച്ചാല്‍ മതി'- പറയുന്നത് കല്ലടിക്കോട് കിനാക്കുഴിയില്‍ കെ.സി. ജോണ്‍. മുളപരിപാലത്തിന് സഹായിക്കുകയും മുളകളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും വ്യക്തമായി പറഞ്ഞുതരികയും ചെയ്യും. മുളയുടെ തൈകളും തരും. ഭാവിയുടെ സസ്യമാണ് മുളയെന്നാണ് കെ.സി. ജോണിന്റെ പക്ഷം. അത് സത്യമാണെന്ന് ജോണിന്റെ വീട്ടുവളപ്പിലെ മുളങ്കൂട്ടം സാക്ഷ്യപ്പെടുത്തും. തരിശായിക്കിടന്നിരുന്ന സ്ഥലംവാങ്ങി മുളയുടെ തൈകളും വിത്തും നട്ടുപരിപാലിച്ചു. ഇപ്പോള്‍ വീടിനടുത്തെത്തുമ്പോള്‍ത്തന്നെ ശാന്തത. മണ്ണിരയും പക്ഷികളും അതിന്റെ ആവാസവ്യവസ്ഥയിലേക്ക് സസന്തോഷം കയറിവരുന്നു.
ബിസിനസും മറ്റുമായി തിരക്കിലായിരുന്ന ജോണ്‍ 15 വര്‍ഷം മുന്‍പാണ് മുളകളുടെ കൂട്ടുകാരനായത്. ഇപ്പോള്‍ 60 ഇനം മുളകള്‍ അദ്ദേഹത്തിന്റെ ഒരേക്കര്‍വരുന്ന തോട്ടത്തിലുണ്ട്. ഇതില്‍ അലങ്കാര മുളകളും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുന്ന മുളകളുമുണ്ട്. വള്ളിയായി പടര്‍ത്തിയ മുള, കറുപ്പ് നിറത്തിലുള്ള തടിയുള്ള മുള, ബുഷ് ബാംബൂ, കുമുസോക്ക, ബുദ്ധ ബാംബൂ, തോട്ടി മുള, ആനമുള, ടുള്‍ഡ, ആസ്പര്‍, ബിലാത്തി മുള, പോളി മോര്‍ഫ, കച്ചറന്‍സസ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. ചെടികള്‍ പരിപാലിക്കാന്‍ ഭാര്യ മിഷജോണും മക്കളായ ജോയ്ലിനും ജെസ്വിനും ഒപ്പമുണ്ട്.
ഗ്ലോബല്‍ ബാംബൂ ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് ഓഫ് ബാംബൂ എന്നീ സ്ഥാപനങ്ങള്‍ മുഖേന ആവശ്യക്കാര്‍ക്ക് മുളകളെക്കുറിച്ച് ക്ലാസ് നല്‍കുകയും മുള നട്ടുപിടിപ്പിക്കാന്‍ സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. 50 രൂപമുതല്‍ 500 രൂപവരേക്കുള്ള മുളകളുണ്ട്. തൈയുടെ വിലയും തൊഴിലാളികളുടെ കൂലിയും അനുസരിച്ച് തോട്ടം നിര്‍മിച്ചുനല്‍കാനും ആവശ്യമനുസരിച്ച് നട്ടുകൊടുക്കാനും ഈടാക്കുന്ന തുക വ്യത്യാസപ്പെടും. സര്‍ക്കാര്‍ പദ്ധതികളില്‍ ദര്‍ഘാസ് വിളിച്ച് മുള നട്ടുപിടിപ്പിച്ച് നല്‍കും. ചിലയിടങ്ങളില്‍ സൗജന്യമായും നട്ടുപിടിപ്പിച്ച് നല്‍കിയിട്ടുണ്ട്.
പാറപ്പുറം മതി, മുള വളരും
പാറപ്പുറത്തും മുളവളര്‍ത്തി വിജയിച്ചിട്ടുണ്ട് ജോണ്‍. തൈനട്ടാല്‍ ഒരുവര്‍ഷം അല്പമൊന്ന് ശ്രദ്ധിക്കണം. വളര്‍ന്നു തുടങ്ങിയാല്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ലെങ്കിലും മുള വളര്‍ന്നോളുമെന്ന് ജോണ്‍. അഞ്ചുവര്‍ഷംമുന്‍പ് പരീക്ഷണാടിസ്ഥാനത്തിലാണ് പാറപ്പുറത്ത് മുള നട്ടത്. ഒരു മുളച്ചുവട്ടില്‍നിന്ന് 15 ചെടിവരെ വരും. ഇവ വെട്ടിയെടുത്താല്‍ വീണ്ടും വളരും. ഇത്തരത്തില്‍ നൂറിലധികം മുളകള്‍വരെ ഒരു ചെടിയില്‍നിന്ന് വെട്ടിയെടുക്കാമെന്ന് ജോണ്‍ പറയുന്നു. 50 മുതല്‍ 90 വരെ വര്‍ഷമാണ് ഒരു മുളയുടെ ആയുസ്സ്. അത്രയും വര്‍ഷം വരുമാനം ഉറപ്പിക്കാം.
വിവിധ രാജ്യങ്ങളില്‍പ്പോയി മുള നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച ജോണ്‍, ഗുണമേന്മയുള്ള തൈകളും വിത്തുകളും വീട്ടിലെ തോട്ടത്തിലേക്ക് എത്തിക്കാനും മറക്കാറില്ല. തോട്ടത്തില്‍വളരുന്ന മുള കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കയറ്റിയയയ്ക്കുന്നുണ്ട്. ഒരു മുളയ്ക്ക് 300 രൂപ ലഭിക്കും. മുളയുടെ വലിപ്പവും ഗുണവും അനുസരിച്ച് വ്യത്യാസപ്പെടും. മണ്ണൊലിപ്പ് തടയാനും ഭൂജലത്തിന്റെ അളവുകൂട്ടാനും കിണര്‍ റീ-ചാര്‍ജിങ്ങിനും മുള സഹായിക്കും. വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ നല്ലൊരു മാര്‍ഗംകൂടിയാണ് മുളയെന്നും പറയുന്നു. അതിന് മുള്ളുമുളയാണ് നടേണ്ടത്.
Content Highlights: Kerala farmer shares his expertise on bamboo cultivation and its benefits