കിലോയ്ക്ക് 1000 മുതല്‍ 1500 രൂപവരെ വിപണിയില്‍ വില; 'സ്വര്‍ഗത്തിലെ കനി' സെബാസ്റ്റ്യന്റെ വീട്ടിലുണ്ട്

ആദ്യം പച്ചനിറം, പിന്നെ മഞ്ഞ, ഓറഞ്ച്, ഒടുവില്‍ ചുവപ്പ്-നിറം മാറിക്കൊണ്ടിരിക്കുന്ന ഈ 'സ്വര്‍ഗത്തിലെ കനി' ആളൊരു വിദേശിയാണ്. കടല്‍ക്കടന്ന് വിയറ്റ്നാമില്‍ നിന്നെത്തിയ ഗാഗ് ഫ്രൂട്ട് ഇവിടെ വയനാട്ടിലും വേരുപിടിച്ചുകഴിഞ്ഞു. വൈറ്റമിന്‍ സി.യുടെ കലവറയായ ഈ വിദേശി പഴം നമ്മുടെ കാലാവസ്ഥയിലും നൂറുമേനി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ഷകനായ വയനാട്, മുള്ളന്‍കൊല്ലി ഇരിപ്പൂട് സ്വദേശിയായ കല്ലിങ്കല്‍ സെബാസ്റ്റ്യന്‍.
സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ വിവിധ വര്‍ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനില്‍ക്കുന്ന മനോഹരമായ കാഴ്ച ഏവരിലും കൗതുകമുണര്‍ത്തും. കായിട്ട് പഴം പാകമാകുന്നതുവരെ നാല് നിറങ്ങളില്‍ ഗാഗ് ഫ്രൂട്ടിനെ കാണാനാകും. കായകള്‍ക്ക് ആദ്യം പച്ചനിറമായിരിക്കും. വളര്‍ച്ച രണ്ടാം ഘട്ടത്തിലെത്തുമ്പോള്‍ മഞ്ഞയാകും. കുറച്ചുകൂടി പാകമാകുമ്പോഴേക്കും ഓറഞ്ച് നിറത്തിലെത്തും. വിളവെടുപ്പിന് പാകമാകുന്നതോടെ ചുവപ്പ് നിറമാകും. ഒമേഗാ-ത്രീ, ഒമേഗാ-സിക്‌സ്, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍-സി തുടങ്ങിയ ഒട്ടേറെ വൈറ്റമിനുകളുടെ കലവറയാണ് ഗാഗ്.
ഔഷധഗുണമുള്ളതുകൊണ്ടുതന്നെ ഗാഗ് ഫ്രൂട്ടിനെ സ്വര്‍ഗത്തിലെ കനി എന്നും വിളിക്കാറുണ്ട്. കേരളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന ഗാഗ് ഫ്രൂട്ട് രുചിയിലും വ്യത്യസ്തമാണ്. ഒരേ സമയം പഴമായും പച്ചക്കറിയായും ഇത് ഉപയോഗിക്കാം. ഒരു പഴത്തിന് ഒരു കിലോയ്ക്ക് മുകളില്‍ ഭാരമുണ്ട്. കിലോയ്ക്ക് 1000 മുതല്‍ 1500 രൂപവരെയാണ് വിപണിയില്‍ വില. പഴത്തിന് പുറമേ ചെടിയുടെ ഇലയടക്കമുള്ളവ ഭക്ഷണാവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കാനാകുമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. ഒരു ചെടിയില്‍ നിന്നും വര്‍ഷങ്ങളോളം കായ്ഫലം ലഭിക്കും.
ബെംഗളൂരുവിലെ ഒരു മാര്‍ക്കറ്റില്‍ നിന്നും ഗാഗ് ഫ്രൂട്ട് കണ്ട് കൗതുകം തോന്നിയാണ് സെബാസ്റ്റ്യന്‍ വിയറ്റ്നാമിലുള്ള സുഹൃത്തുവഴി ഇതിന്റെ വിത്തുകള്‍ എത്തിച്ചത്. ഒന്‍പത് മാസം മുമ്പാണ് സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്ന് മുറ്റത്ത് ഗാഗ് ചെടി പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുവളര്‍ത്തിയത്. വിത്തുമുളയ്ക്കാന്‍ ഒരു മാസത്തിലേറെ സമയമെടുത്തു.
ചാണകമല്ലാതെ കാര്യമായ മറ്റു വളമൊന്നും വേണ്ടെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. ആവശ്യത്തിന് സൂര്യപ്രകാശവും, രണ്ട് നേരം നനയും വേണം. വള്ളിപ്പടര്‍പ്പുപോലെ പടര്‍ന്നുപോകുന്നവയാണ് ഗാഗ് ചെടി. നിറയെ പൂക്കള്‍ വിരിയും. ഇവയില്‍ ആണ്‍ പൂക്കളെ ശേഖരിച്ച്, പെണ്‍പൂവില്‍ ചേര്‍ത്ത് കൃത്രിമ പരാഗണം നടത്തണം. മികച്ച വിളവ് ലഭിച്ചതോടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സെബാസ്റ്റ്യന്‍. നാട്ടില്‍ അപൂര്‍വമായി വിളഞ്ഞ ഗാഗ് ഫ്രൂട്ട് വാങ്ങുന്നതിനായി ഒട്ടേറെയാളുകള്‍ എത്തുന്നുണ്ട്.
Content Highlights: gag-fruit-wayanad-kerala