കുലയല്ല, ഇലയാണ് താരം; പ്ലാസ്റ്റിക്കിനെ പടിക്കുപുറത്താക്കി ചാക്കോച്ചേട്ടന്റെ 'വാഴയില' കൃഷി

#സ്വന്തം ലേഖകൻ
ചാക്കോ കൂപ്ലിക്കാട്ട് കൃഷിയിടത്തിൽ | Photo: Jaivin T Xavier/Mathrubhumi.com
ചാക്കോ കൂപ്ലിക്കാട്ട് കൃഷിയിടത്തിൽ | Photo: Jaivin T Xavier/Mathrubhumi.com

ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ഒരു വ്യത്യസ്തമായ വാഴത്തോട്ടമുണ്ട്. ഇവിടെ വാഴക്കുലകളല്ല, മറിച്ച് പച്ചപ്പാർന്ന വാഴയിലകളാണ് പ്രധാന വിള. 63-കാരനായ ചാക്കോ കൂപ്ലിക്കാട്ടാണ് ഈ വിജയഗാഥയ്ക്ക് പിന്നിൽ. പ്ലാസ്റ്റിക് ഇലകൾക്ക് ബദലായി വാഴയിലകൾ വിപണിയിലെത്തിച്ച് ശ്രദ്ധേയനാകുകയാണ് ഇദ്ദേഹം.

കേരളത്തിലെ തനത് സംസ്കാരത്തിന്റെ ഭാഗമായ വാഴയില കൃഷിയിലൂടെ വലിയൊരു സാമൂഹിക മാറ്റത്തിന് കൂടി അദ്ദേഹം തുടക്കം കുറിക്കുന്നു. കുട്ടിക്കാലം മുതലേ കണ്ടുവന്ന കാർഷിക പാരമ്പര്യമാണ് തന്നെ വാഴയില കൃഷിയിലേക്ക് നയിച്ചതെന്ന് ചാക്കോച്ചേട്ടൻ പറയുന്നു.

'ആലപ്പുഴയിലെ വിശേഷങ്ങൾക്കെല്ലാം വാഴയിലാണ് ഭക്ഷണം വിളമ്പുക. തമിഴ്‌നാട്ടിൽ നിന്നുള്ള ഇലകളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം നാട്ടിൽ എന്തുകൊണ്ട് ഇത് കൃഷി ചെയ്തുകൂടാ എന്ന ചിന്തയാണ് വാഴയില കൃഷി എന്ന ആശയത്തിലേക്ക് എത്തിച്ചത്. പ്ലാസ്റ്റിക് ഇലകൾ ഒഴിവാക്കി ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഇലകളിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരവുമാണ്.'

'ഞാലിപ്പൂവൻ ഇനത്തിൽപ്പെട്ട വാഴകളാണ് ഇലയ്ക്കായി പ്രധാനമായും വളർത്തുന്നത്. ഒരു വാഴയിൽ നിന്ന് മാസത്തിൽ നാലോ അഞ്ചോ ഇലകൾ ലഭിക്കും. ഒരു തൂശനിലയ്ക്ക് (വാഴയിലയുടെ അ‌ഗ്രഭാഗം) 5 രൂപയാണ് നിലവിൽ ലഭിക്കുന്ന വില. 3,000 വാഴകൾ കൃഷി ചെയ്താൽ ദിവസേന മാറി മാറി 200 ഇലകൾ വീതം വെട്ടി ഏകദേശം 1,000 രൂപയോളം സ്ഥിരവരുമാനം നേടാനാകും.' ചാക്കോച്ചേട്ടൻ വ്യക്തമാക്കി.

പൂർണ്ണമായും ജൈവരീതിയിലാണ് ചാക്കോച്ചേട്ടന്റെ കൃഷി. രാസവളങ്ങളോ കീടനാശിനികളോ അദ്ദേഹം തന്റെ തോട്ടത്തിൽ ഉപയോഗിക്കാറില്ല. ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാരം എന്നിവയാണ് പ്രധാന വളങ്ങൾ. മനുഷ്യർ ഭക്ഷണം കഴിക്കുന്ന ഇലയായതിനാൽ വിഷം തളിക്കാൻ പാടില്ലെന്ന കർശനമായ നിലപാട് അദ്ദേഹത്തിനുണ്ട്. വാഴയ്ക്ക് എന്തെങ്കിലും കേട് വന്നാൽ ആ ഭാഗം മുറിച്ചുമാറ്റുകയാണ് പതിവ്.

കഠിനാധ്വാനമുണ്ടെങ്കിലും വിപണനത്തിലെ വെല്ലുവിളികൾ അദ്ദേഹം തുറന്നുപറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് വർഷം തോറും ഏകദേശം ഏഴുകോടി രൂപയുടെ ഇലകളാണ് കേരളത്തിലേക്ക് വരുന്നത്. കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇലകൾ വാങ്ങി ലാഭം കൊയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി ഹോട്ടലുകളിലേക്കും കാറ്ററിങ് ഗ്രൂപ്പുകളിലേക്കും നേരിട്ട് ഇലകൾ എത്തിച്ചാൽ കർഷകർക്ക് മികച്ച ലാഭം നേടാമെന്ന് ചാക്കോച്ചേട്ടന്റെ അ‌നുഭവസാക്ഷ്യം.

ചാക്കോ കൂപ്ലിക്കാട്ട് കൃഷിയിടത്തിൽ | Photo: Jaivin T Xavier/Mathrubhumi.com

'കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മൂന്ന് ലക്ഷത്തോളം വാഴയിലകൾ ഉൽപാദിപ്പിക്കാൻ എനിക്ക് സാധിച്ചു. ഇതിലൂടെ മൂന്ന് ലക്ഷം പ്ലാസ്റ്റിക് ഇലകൾ ഒഴിവാക്കാനായി എന്നതാണ് ഏറ്റവും വലിയ സംതൃപ്തി. തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ 80 ശതമാനവും വാഴയില ഉപയോഗിക്കുന്നത് അവിടുത്തെ ഗവൺമെന്റിന്റെയും ജനങ്ങളുടെയും പിന്തുണയുള്ളത് കൊണ്ടാണ്.

ഇത്തരത്തിൽ കേരളത്തിലും സർക്കാരിന്റെയും പഞ്ചായത്തുകളുടെയും ഭാഗത്തുനിന്ന് കർഷകർക്ക് കൂടുതൽ പിന്തുണ വേണം. ഓരോ പഞ്ചായത്തിലെയും ഹോട്ടലുകളിൽ ദിവസേന 50 ഊണെങ്കിലും വാഴയിലയിൽ നൽകാൻ ശ്രമിച്ചാൽ ഇവിടുത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾ മുഴുവൻ വിറ്റുപോകുകയും കർഷകർക്ക് അർഹമായ വില ലഭിക്കുകയും ചെയ്യും.' അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷി എന്നത് ഒരു പ്രകൃതി നിയമമാണെന്നും കർഷകനെ നിലനിർത്തേണ്ടത് നാടിന്റെ സമൃദ്ധിക്ക് അനിവാര്യമാണെന്നും ചാക്കോച്ചൻ പറയുന്നു. രാവിലെ തോട്ടത്തിലെ ശുദ്ധവായു ശ്വസിച്ചു കൊണ്ടുള്ള തൊഴിൽ നൽകുന്ന ഊർജ്ജവും മാനസിക സംതൃപ്തിയും വിലമതിക്കാനാവാത്തതാണ്. ആർക്കും മാതൃകയാക്കാവുന്ന ഈ കൃഷിരീതിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യവുമുള്ള ഒരു സമൂഹത്തെയാണ് ഈ കർഷകൻ സ്വപ്നം കാണുന്നത്.

Content Highlights: how farmer Chacko is revolutionizing sustainable agriculture in Alappuzha by replacing plastic with organic banana leaves.