കാപ്പി വെട്ടി കുളം കുഴിച്ച ശശീന്ദ്രന്റെ ആ പഴയ 'വട്ടാണ്' രാജ്യം ആദരിച്ച ഈ ജൈവവൈവിധ്യ പാഠശാല

ഏഴരയേക്കര്‍ പറമ്പ് വാങ്ങി അതിലുള്ള കാപ്പിയൊക്കെ വെട്ടിക്കളയുന്നതു കണ്ടപ്പോള്‍ ചുറ്റുവട്ടത്തുള്ളവരെല്ലാം ശശീന്ദ്രനെ പരിഹസിച്ചിട്ടുണ്ട്. വലിയ കായ്ഫലമില്ലാത്ത കവുങ്ങും തെങ്ങും പിഴുതുമാറ്റി അവിടെയൊരു കുളം കുഴിച്ചതോടെ കണ്ടുനിന്നവരെല്ലാം ഉറപ്പിച്ചു, ഈ മനുഷ്യന് 'വട്ട് ' തന്നെ. ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ശശീന്ദ്രന്റെ ആ ഭ്രാന്ത് അടങ്ങിയിട്ടൊന്നുമില്ല. പക്ഷേ, നാട്ടുകാരുടെ ഭാഷയില്‍ അന്ന് വെട്ടിനിരത്തിയ പറമ്പിന് ഇന്നൊരു പേരു വീണിട്ടുണ്ടെന്ന് മാത്രം. 'കേരളത്തിന്റെ ജൈവ വൈവിധ്യ പാഠശാല.'
വയനാടന്‍ ചുരം കയറി വൈത്തിരിയിലെ മഴപ്പെയ്ത്തില്‍ നനഞ്ഞ് നാട്ടുവഴികളിലൂടെ വെങ്ങപ്പള്ളിയിലേക്ക് വണ്ടിയോടിച്ചാല്‍ ശശീന്ദ്രന്റെ ആ പാഠശാലയിലെത്താം. രണ്ടായിരത്തിലധികം വ്യത്യസ്ത മരങ്ങള്‍, 1600 ഇനം ഔഷധച്ചെടികള്‍, പന്ത്രണ്ട് കുളങ്ങള്‍, അതില്‍ നിറയെ നീന്തിക്കളിക്കുന്ന മീനുകളും. മയിലും വേഴാമ്പലും തുടങ്ങി എപ്പോഴും ഒച്ചവെക്കുന്ന നൂറുകണക്കിന് പക്ഷികള്‍, അപൂര്‍വ ജനുസ്സിലുള്ള പശുക്കള്‍ തുടങ്ങി ഭൂമിയുടെ അവകാശികളെല്ലാം സന്തോഷത്തോടെ സഹവസിക്കുന്നുണ്ട് ആ പഴയ കാപ്പിത്തോട്ടത്തില്‍. അന്നത്തെ തെങ്ങും കവുങ്ങും കാപ്പിയും മാത്രം നിലനിര്‍ത്തി മുന്നോട്ട് പോയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന വരുമാനത്തിന്റെ നാലഞ്ചിരട്ടി കാശും ഇപ്പോള്‍ ശശീന്ദ്രന് കിട്ടുന്നുണ്ട്. ഭൂമിയെ കണ്ടറിഞ്ഞ് സ്നേഹിച്ച കര്‍ഷകന് പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ വരുമാനമാണിതെന്ന് നിസ്സംശയം പറയാം.
Content Highlights: agri farm, cow, biodiversity saseendran, prime minister agriculture, herbal farm