തണുപ്പും ഈർപ്പവും രോഗങ്ങൾ കൂട്ടും, ഇടിമിന്നൽ ആഘാതം കൂടുതൽ; തുലാവർഷത്തിൽ പശുക്കൾക്ക് വേണം പ്രത്യേക ശ്രദ്ധ

മഴയും ഇടിയും മിന്നലുമൊക്കെയായി തുലാവർഷക്കാലം വന്നെത്തിയിരിക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളും ശരീരസമ്മർദ്ദങ്ങളും പശു അടക്കമുള്ള വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെയും പാൽ ഉൽപ്പാദനത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കാം. അതിനാൽ തന്നെ തുലാവർഷക്കാലത്ത് പശുപരിപാലനത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ മൃഗങ്ങളിൽ ശരീരസമ്മർദ്ദത്തിനും സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നു. ഒപ്പം തണുപ്പുള്ളതും നനവാർന്നതുമായ അന്തരീക്ഷം സാംക്രമിക രോഗവാഹികൾ പെരുകാൻ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്യുന്നു. കുരലടപ്പൻ, കുളമ്പുരോഗം തുടങ്ങിയ ബാക്ടീരിയൽ-വൈറൽ രോഗങ്ങളും, ബബീസിയോസിസ്, തൈലേറിയോസിസ്, ട്രിപ്പനൊസോമിയാസിസ് തുടങ്ങിയ പ്രോട്ടോസോവൽ-റിക്കറ്റ്സിയൽ രോഗങ്ങളും പിടിപെടാൻ ഈ സമയത്ത് സാധ്യതയേറെയാണ്.
തീറ്റമടുപ്പ്, പനി, പാൽ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവ്, വയറിളക്കം, വിളർച്ച, ശ്വാസതടസ്സം, മൂക്കൊലിപ്പ് തുടങ്ങിയ പൊതുവായ ലക്ഷണങ്ങൾ ഏതെങ്കിലും കണ്ടാൽ ഉടൻതന്നെ വിദഗ്ധ ചികിത്സ പശുക്കൾക്ക് ലഭ്യമാക്കണം. മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളിൽ മേയ്ക്കാൻ വിടുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ, പശുക്കൾക്ക് മതിയായ രോഗ പ്രതിരോധശേഷി ഉറപ്പു വരുത്തുന്നതിനായി വിവിധ ധാതുലവണങ്ങൾ അടങ്ങിയ മിശ്രിതങ്ങൾ ദിവസേന തീറ്റയിൽ ഉൾപ്പെടുത്തുകയും വേണം.
തുലാമഴക്കാലത്തെ ഫാം സംരക്ഷണം; ഇടിമിന്നലും വൈദ്യുതി സുരക്ഷയും
ഇടിമിന്നലേറ്റുള്ള അപകടസാധ്യത മനുഷ്യരേക്കാൾ കന്നുകാലികൾക്കാണ് കൂടുതലെന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. നാലു കാലുകളിൽ നിൽക്കുന്ന മൃഗങ്ങളിൽ മുൻകാലുകളും പിൻകാലുകളും തമ്മിലുള്ള അകലം കൂടുതലായതിനാൽ, ഭൂമിയിൽ മിന്നലേൽക്കുമ്പോൾ ഉണ്ടാകുന്ന സാന്ദ്രതാ വ്യതിയാനം (Step Potential) കാരണം ശരീരത്തിലൂടെ വലിയ അളവിൽ വൈദ്യുതി കടന്നുപോകുകയും ആഘാതം വർദ്ധിക്കുകയും ചെയ്യും. ഇടിമിന്നലേറ്റുള്ള കന്നുകാലി മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇടിമിന്നലുള്ള സമയങ്ങളിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിലോ മരച്ചുവട്ടിലോ കെട്ടാതെ സുരക്ഷിതമായി തൊഴുത്തിൽ തന്നെ പാർപ്പിക്കണം.
ഇടിമിന്നൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഫാം നിർമിക്കുമ്പോൾ മേൽക്കൂരയിൽ കൃത്യമായ എർത്തിംഗോട് കൂടിയ ലൈറ്റ്നിങ് അറസ്റ്ററുകൾ (Lightning Arresters) സ്ഥാപിക്കുന്നത് അപകടസാധ്യത കുറയ്ക്കും. പശുക്കൾക്ക് നിൽക്കാനും കിടക്കാനുമായി തൊഴുത്തിന്റെ തറയിൽ വിരിക്കുന്ന റബ്ബർ മാറ്റുകൾ മികച്ചൊരു ഇൻസുലേറ്ററായി പ്രവർത്തിച്ച്, ഇടിമിന്നലിന്റെയും വൈദ്യുതി ചോർച്ചയുടെയും ആഘാതം തടയാൻ ഉപകരിക്കും.
തുലാമഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ തൊഴുത്തുമായി ബന്ധപ്പെട്ട വൈദ്യുതി അപകടങ്ങളും വർദ്ധിക്കാറുണ്ട്. അശ്രദ്ധയോടെ സ്ഥാപിച്ച ഇലക്ട്രിക് ലൈനുകളിൽ നിന്നോ ഉപകരണങ്ങളിൽ നിന്നോ ഉണ്ടാകുന്ന വൈദ്യുതി ചോർച്ച (Earth Leakage) തൊഴുത്തിന്റെ ഇരുമ്പ് തൂണുകളിലേക്കും പൈപ്പുകളിലേക്കും പാൽ കറവ യന്ത്രങ്ങളിലേക്കും തീറ്റത്തൊട്ടിയിലേക്കും പ്രവഹിച്ച് കന്നുകാലികൾക്കും കർഷകർക്കും ഒരുപോലെ ജീവഹാനി വരുത്താം.
ഇത് ഒഴിവാക്കാൻ വൈദ്യുതി ചോർച്ച ഉണ്ടായാൽ സെക്കന്റുകൾക്കുള്ളിൽ കണക്ഷൻ സ്വയം വിച്ഛേദിക്കപ്പെടുന്ന ELCB (Earth Leakage Circuit Breaker) അല്ലെങ്കിൽ RCCB സ്വിച്ചുകൾ മെയിൻ ബോർഡിൽ സ്ഥാപിക്കേണ്ടതുണ്ട്. തൊഴുത്തിലെ എല്ലാ ഇലക്ട്രിക് സിസ്റ്റത്തിനും മോട്ടോറുകൾക്കും കുറ്റമറ്റ എർത്തിങ് ഉറപ്പാക്കുകയും വേണം.
വീടുകളിൽനിന്ന് അശ്രദ്ധമായി വയർ വലിച്ച് തൊഴുത്തിന്റെ മേൽക്കൂരയിലൂടെ ഇടുമ്പോൾ, കാലപ്പഴക്കം കൊണ്ടോ ഉരഞ്ഞോ ഇൻസുലേഷൻ നഷ്ടപ്പെട്ട് വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാ ലൈനുകളും പിവിസി കോൺഡ്യൂയിറ്റ് പൈപ്പുകളിലൂടെ (Conduit Pipes)മാത്രം കൊണ്ടുപോകാനും, ഇൻസുലേഷൻ നഷ്ടപ്പെട്ട പഴകിയ വയറുകൾ കണ്ടാൽ ഉടൻ മാറ്റാനും ശ്രദ്ധിക്കണം.
കൂടാതെ, തൊഴുത്തിന് പുറത്തുള്ള സ്വിച്ച് ബോർഡുകളിലും MCB-കളിലും വെള്ളം കയറാതെ വാട്ടർപ്രൂഫ് ബോക്സുകൾ ഉപയോഗിച്ച് സംരക്ഷിക്കേണ്ടതുണ്ട്. ശാസ്ത്രീയമായ അറിവില്ലാതെ സ്വയം ഇലക്ട്രിക് പരീക്ഷണങ്ങൾക്ക് മുതിരാതെ, ലൈസൻസുള്ള ഒരു പ്രൊഫഷണൽ ഇലക്ട്രീഷ്യനെക്കൊണ്ടുമാത്രം തൊഴുത്തിലെ ലൈനുകളും എർത്തിങ്ങും പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
തൊഴുത്ത് രോഗവിമുക്തമായി സൂക്ഷിക്കാം
മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പവും ഈച്ച, കൊതുക് തുടങ്ങിയ ബാക്ടീരിയ വാഹകരുടെ എണ്ണവും വർദ്ധിക്കുന്നതിനാൽ കറവപ്പശുക്കളിൽ അകിടുവീക്കത്തിന് (Mastitis) സാധ്യത വളരെ കൂടുതലാണ്. അകിടിൽ പാൽ ശേഷിച്ചാൽ അത് ബാക്ടീരിയകൾക്ക് പെരുകാനുള്ള മികച്ച മാധ്യമമായി മാറുമെന്നതിനാൽ, കൃത്യമായ ഇടവേളകളിൽ പൂർണ്ണമായും പാൽ കറന്നെടുക്കേണ്ടതാണ്. കറവയ്ക്ക് മുൻപായി അകിടുകൾ നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി അല്ലെങ്കിൽ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി, ഓരോ പശുവിനും പ്രത്യേക ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം (ഒരേ തുണി പല പശുക്കൾക്ക് ഉപയോഗിക്കുന്നത് രോഗപകർച്ചയ്ക്ക് ഇടയാക്കും).
കറവ പൂർത്തിയായ ഉടൻ മുലക്കാമ്പുകളിലെ ദ്വാരം (Teat Sphincter) അടയാൻ ഏകദേശം 30മുതൽ 45 മിനിറ്റുവരെ സമയമെടുക്കും. ഈ സമയത്ത് അണുക്കൾ ഉള്ളിൽ കടക്കുന്നത് തടയാൻ, കറവ കഴിഞ്ഞ ഉടൻ മുലക്കാമ്പുകൾ 0.5% മുതൽ 1%വരെ സാന്ദ്രതയുള്ള പോവിഡോൺ അയഡിൻ അല്ലെങ്കിൽ ക്ലോർഹെക്സിഡിൻ ലായനിയിൽ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിങ് (Teat Dipping) നൽകണം. കറവ കഴിഞ്ഞയുടൻ പശുക്കൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ തീറ്റത്തൊട്ടിയിൽ അല്പം പച്ചപ്പുല്ലോ ഖരാഹാരമോ നൽകി അവയെ എഴുന്നേറ്റു നിൽക്കാൻ പ്രേരിപ്പിക്കണം.
അകിടിലുണ്ടാകുന്ന ചെറിയ മുറിവുകളും പോറലുകളും രോഗാണുക്കൾക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള വഴിയൊരുക്കുന്നതിനാൽ കൃത്യമായി അണുനാശക മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കണം. രക്തത്തിൽ ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ അപര്യാപ്തത മൂലമോ അല്ലെങ്കിൽ കാമ്പുകളിലെ പേശികളുടെ അയവ് മൂലമോ പാൽ തനിയെ തറയിൽ ചുരന്നുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് കാമ്പുകളിലേക്ക് രോഗാണുക്കൾ പ്രവേശിക്കാനും അകിടുവീക്കത്തിനും ഇടയാക്കും.
പുറമേ ലക്ഷണങ്ങളൊന്നും കാണിക്കാത്ത നിശബ്ദ അകിടുവീക്കം (Subclinical Mastitis) തിരിച്ചറിയാൻ സി.എം.ടി (കാലിഫോർണിയ Mastitis Test - CMT) കിറ്റ് ഉപയോഗിച്ച് ആഴ്ചയിൽ രണ്ടു തവണയെങ്കിലും അകിടുവീക്ക നിർണ്ണയ പരിശോധന നടത്തണം. പരിശോധനയിൽ നിശബ്ദ അകിടുവീക്കം കണ്ടെത്തിയാൽ, പാലിന്റെ പി.എച്ച് (pH) വ്യതിയാനം ക്രമീകരിക്കുന്നതിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ട്രൈസോഡിയം സിട്രേറ്റ് (Trisodium Citrate) പൊടി 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവിൽ നൽകുന്നത് അകിടിന്റെ സ്വാഭാവിക പ്രതിരോധശേഷി വീണ്ടെടുക്കാനും രോഗം തടയാനും ഏറെ ഫലപ്രദമാണ്.
തീറ്റയൊരുക്കുമ്പോൾ
തുലാവർഷക്കാലത്ത് കന്നുകാലികളുടെ തീറ്റ നൽകുന്നതിലും സംഭരിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മഴക്കാലത്ത് സമൃദ്ധമായി വളരുന്ന തളിർപ്പുല്ലുകൾ ധാരാളമായി നൽകുന്നത് വയറുപെരുപ്പം (Bloat), വയറിളക്കം, ദഹനക്കേട് എന്നിവയ്ക്ക് ഇടയാക്കും. ഇത്തരം ഇളംപുല്ലിൽ നാരുകളുടെ (Crude Fibre) അളവ് കുറവായതും ജലാംശം കൂടുതലായതും പാലിലെ കൊഴുപ്പിന്റെ അളവ് (FAT percentage) ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
ഇളംപുല്ലുകൾ വെയിലത്ത് 1–2 മണിക്കൂർ വാട്ടിയ ശേഷമോ വൈക്കോലുമായി കലർത്തിയോ മാത്രം നൽകാൻ ശ്രദ്ധിക്കണം. ഈർപ്പമുള്ള കാലാവസ്ഥയിൽ കാലിത്തീറ്റ, വൈക്കോൽ, പിണ്ണാക്കുകൾ എന്നിവയിൽ കുമിളുകൾ (Fungi) വളരാനും അഫ്ലാടോക്സിൻ (Aflatoxin) എന്ന മാരകമായ പൂപ്പൽവിഷബാധയ്ക്ക് ഇടയാക്കാനും സാധ്യതയേറെയാണ്. കടലപ്പിണ്ണാക്ക്, പരുത്തിക്കുരു പിണ്ണാക്ക് എന്നിവയിൽ കുമിൾബാധയ്ക്ക് സാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ വേണം.
ക്രമേണയുള്ള തീറ്റമടുപ്പ്, വയറിളക്കം, തളർച്ച, പാൽ ഉൽപ്പാദനക്കുറവ്, വാൽ, ചെവി എന്നിവയുടെ അറ്റം അഴുകി ദ്രവിക്കൽ, രോമക്കൊഴിച്ചിൽ എന്നിവയാണ് അഫ്ലാടോക്സിൻ വിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. ഗർഭിണിപ്പശുക്കളിൽ ഇത് ഗർഭമലസലിനും കാരണമായേക്കാം. തീറ്റയ്ക്ക് ദുർഗന്ധം, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, കട്ടകെട്ടൽ, തീറ്റയിൽ വെള്ളയോ കറുപ്പോ നിറത്തിൽ കാണുന്ന പൂപ്പൽ കോളനികൾ എന്നിവ വിഷബാധയുടെ സൂചനകളായതിനാൽ ഇത്തരം തീറ്റകൾ ഒരു കാരണവശാലും കന്നുകാലികൾക്ക് നൽകരുത്.
തീറ്റ സാധനങ്ങൾ തറയിൽനിന്ന് കുറഞ്ഞത് ഒരടി ഉയരത്തിലും ചുമരിൽനിന്ന് ഒന്നരയടി അകലത്തിലും മരപ്പലകകളിലോ ഇരുമ്പ് തട്ടുകളിലോ ഈർപ്പം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കേണ്ടതാണ്. തീറ്റ സൂക്ഷിക്കുന്ന മുറിയിൽ തണുത്ത കാറ്റോ, മഴച്ചാറ്റലോ കയറാൻ അനുവദിക്കരുത്. നനഞ്ഞ കൈകൊണ്ടോ നനവുള്ള പാത്രങ്ങൾ കൊണ്ടോ തീറ്റ കോരിയെടുക്കരുത്, ആവശ്യത്തിന് തീറ്റയെടുത്തശേഷം ബാക്കി ഭാഗം ഈർപ്പം കയറാത്ത രീതിയിൽ ചാക്കിന്റെ വായ്ഭാഗം നന്നായി അടച്ചു കെട്ടി സൂക്ഷിക്കണം.
വലിയ ചാക്കുകളിൽനിന്ന് ദിവസേന നേരിട്ട് തീറ്റയെടുക്കുന്നതിന് പകരം, കുറച്ചു ദിവസത്തേക്ക് ആവശ്യമുള്ളത് ചെറിയ പാത്രങ്ങളിലേക്കോ ഡ്രമ്മുകളിലേക്കോ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ, തീറ്റവസ്തുക്കൾ ഒരാഴ്ചയിലധികം മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്നത് ഒഴിവാക്കുകയും, എന്തെങ്കിലും കാരണവശാൽ തീറ്റ നനയാൻ ഇടയായാൽ ഉടൻ വെയിലത്തിട്ട് ഉണക്കി എത്രയും വേഗം ഉപയോഗിച്ചു തീർക്കുകയും വേണം.
കരുതാം കുളമ്പുകൾ
തുലാവർഷക്കാലത്ത് പരുപരുത്തതും ഈർപ്പമുള്ളതും ചെളി നിറഞ്ഞതുമായ തറയിൽ നില്ക്കുന്ന പശുക്കളുടെ കുളമ്പുകളിൽ ക്ഷതമേൽക്കാനും, ബാക്ടീരിയൽ അണുബാധ കാരണം കുളമ്പുചീയൽ (Foot rot) ഉണ്ടാകാനും സാധ്യതയേറെയാണ്. ചെളിയുള്ള പറമ്പുകളിലോ തൊഴുത്തിലോ പശുക്കളെ നിർത്തിയാൽ കുളമ്പുരോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഇരട്ടിയാകും. നടക്കാനും കിടക്കാനുമുള്ള മടി, കുളമ്പുകൾക്കിടയിലെ വീക്കം, രക്തസ്രാവം, ദുർഗന്ധത്തോടു കൂടിയ ദ്രവം വരിക എന്നിവയെല്ലാം കുളമ്പുചീയലിന്റെ പ്രധാന ലക്ഷണങ്ങളാണ്.
കുളമ്പിലുണ്ടാകുന്ന മുറിവുകൾ ഉടൻ തന്നെ നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ആന്റിബയോട്ടിക് മരുന്നുകളും സ്പ്രേകളും പുരട്ടി ചികിത്സിക്കേണ്ടതുണ്ട്. കുളമ്പുചീയൽ തടയുന്നതിനായി ആഴ്ചയിൽ രണ്ടു തവണയെങ്കിലും 5% തുരിശ് ലായനിയിലോ (Copper Sulphate) 2% ഫോർമാലിൻ ലായനിയിലോ കുളമ്പുകൾ 20 മിനിറ്റ് നേരം മുക്കിവെക്കുന്നത് (Foot Dip) വളരെ ഫലപ്രദമാണ്. തൊഴുത്തിന്റെ പ്രവേശന കവാടത്തിലോ കറവപ്പുരയിലോ 1.75മുതൽ 1.8 മീറ്റർവരെ നീളത്തിലും 70മുതൽ 80 സെന്റിമീറ്റർവരെ വീതിയിലും 6മുതൽ 8 ഇഞ്ചുവരെ ആഴത്തിലും കോൺക്രീറ്റ് ഫൂട്ട് ബാത്ത് ടാങ്കുകൾ (Foot Bath Tanks) പണികഴിപ്പിക്കുന്നത് കുളമ്പുസുരക്ഷയ്ക്ക് ഏറെ ഗുണകരമാണ്.
ഫൂട്ട് ബാത്ത് ടാങ്കുകളിൽ കൃത്യമായ അനുപാതത്തിൽ ലായനി നിറയ്ക്കുകയും, ജൈവമാലിന്യങ്ങളും ചെളിയും വീഴുമ്പോൾ പഴയ ലായനി മാറ്റി പുതിയത് നിറച്ച് എപ്പോഴും ശുചിയായി സൂക്ഷിക്കുകയും വേണം. കൂടാതെ, അമിതമായി വളർന്ന് വൈകല്യമുണ്ടായ കുളമ്പുകൾ വിദഗ്ധരുടെ സഹായത്തോടെ കൃത്യമായി മുറിച്ചുമാറ്റി ഹൂഫ് ട്രിമ്മിംഗ് (Hoof Trimming) നടത്താനും കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.
പരാദങ്ങളെ തൊഴുത്തിന് പുറത്ത് നിർത്താം
ബാഹ്യ-ആന്തര പരാദങ്ങൾ പെരുകാൻ ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് തുലാവർഷക്കാലത്ത് നിലനിൽക്കുന്നത്. അതിനാൽ മഴ ശക്തമാകുന്നതിന് മുൻപായി തന്നെ പ്രതിരോധം എന്ന രീതിയിൽ ആന്തരപരാദങ്ങൾക്കെതിരെയുള്ള വിരമരുന്നുകൾ കൃത്യമായ അളവിൽ നൽകേണ്ടതുണ്ട്. തണ്ണീർത്തടങ്ങൾ, വെള്ളക്കെട്ടുകൾ, വയലുകൾ എന്നിവയ്ക്ക് സമീപമാണ് ഫാം സ്ഥിതിചെയ്യുന്നതെങ്കിൽ, പരാംഫിസ്റ്റോമം പോലെയുള്ള പണ്ടപ്പുഴുക്കൾ രോഗബാധയുണ്ടാക്കാൻ സാധ്യതയേറെയാണ്.
ഇവയുടെ ഇടനിലക്കാരായ വെള്ളത്തിലെ ഒച്ചുകളെ നിയന്ത്രിക്കുന്നതോടൊപ്പം, ഇത്തരം പ്രദേശങ്ങളിലെ കന്നുകാലികൾക്ക് പണ്ടപ്പുഴുവിനെതിരെയുള്ള പ്രത്യേക വിരമരുന്നുകളായ ക്ലോസാന്റൽ അല്ലെങ്കിൽ ഓക്സിക്ലോസനൈഡ് നൽകാനും ശ്രദ്ധിക്കണം. നിരന്തരം വിരമരുന്ന് നൽകുമ്പോൾ മരുന്നുകളോട് വിരകൾ പ്രതിരോധശേഷി കൈവരിക്കുന്നത് തടയാൻ ചാണക പരിശോധന നടത്തി വിരകളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ഓരോ തവണയും വിവിധ കെമിക്കൽ വിഭാഗത്തിൽപ്പെട്ട വിരമരുന്നുകൾ മാറ്റി നൽകുകയും വേണം. വിരകളുടെ ലാർവകൾ പുല്ലിന്റെ അടിഭാഗത്ത് കൂടുതലായി കാണപ്പെടുന്നതിനാൽ തീറ്റപ്പുല്ല് വളരെ താഴെനിന്ന് ചെത്തി നൽകുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ, ചാണകം നേരിട്ട് പുൽപ്പാടങ്ങളിൽ വളമായി ഇടാതെ നന്നായി ഉണങ്ങിപ്പൊടിഞ്ഞ് കമ്പോസ്റ്റ് ആയതിനുശേഷംമാത്രം ഉപയോഗിച്ചാൽ വിരമുട്ടകൾ വീണ്ടും ശരീരത്തിൽ പ്രവേശിക്കുന്നത് തടയാം.
മുടന്തൻപനി (Bovine Ephemeral Fever), തൈലേറിയോസിസ് (Theileriosis), ബബേസിയോസിസ് (Babesiosis), ട്രിപ്പനോസോമിയാസിസ് (Trypanosomiasis) തുടങ്ങിയ രോഗങ്ങൾ പശുക്കളിലേക്ക് പകരുന്നത് രക്തം ഊറ്റിക്കുടിക്കുന്ന പട്ടുണ്ണികൾ (Ticks), കൊതുകുകൾ, കടിയീച്ചകൾ തുടങ്ങിയ ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ വാഹകരായ ബാഹ്യപരാദങ്ങൾ വഴിയാണ്. തണുപ്പും ഈർപ്പവും കൂടുന്ന നവംബർ മാസങ്ങളിൽ കേരളത്തിൽ ഇത്തരം രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് National Animal Disease Referral Expert System (NADRES) മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രോഗവാഹകരെ പ്രതിരോധിക്കാൻ പശുക്കളുടെ ശരീരത്തിലും തൊഴുത്തിന്റെ ചുമരുകളിലും സുരക്ഷിതമായ ബാഹ്യപരാദനാശിനികളായ ഫ്ലുമെത്രിൻ (Flumethrin) അല്ലെങ്കിൽ അമിത്രാസ് (Amitraz) അടങ്ങിയ സ്പ്രേകളോ, നട്ടെല്ലിന് മുകളിലൂടെ ഒഴിച്ചു കൊടുക്കാവുന്ന പോർ-ഓൺ (Pour-on) ലായനികളോ ഉപയോഗിക്കാം. സുരക്ഷിതത്വത്തിനായി ഇത്തരം മരുന്നുകൾ ചേർത്തോ പ്രകൃതിദത്ത വേപ്പെണ്ണ മിശ്രിതങ്ങൾ ഉപയോഗിച്ചോ തൊഴുത്ത് വെള്ളപൂശുന്നത് പരാദങ്ങളെ അകറ്റാൻ സഹായിക്കും. കൂടാതെ, ഈച്ചകളുടെയും കൊതുകുകളുടെയും മുട്ടകളും ലാർവകളും നശിക്കുന്നതിനായി വളക്കുഴിയിലും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും കുമ്മായവും ബ്ലീച്ചിങ് പൗഡറും 4:1 എന്ന അനുപാതത്തിൽ ചേർത്ത് വിതറുകയും വേണം.