ജൻഔഷധി മാതൃകയിൽ കുറഞ്ഞവിലയ്ക്ക് മൃഗചികിത്സാമരുന്നുകൾ; സംസ്ഥാനത്തും ‘പശുഔഷധി’ കേന്ദ്രങ്ങൾ വരുന്നു

#ദേവിക സാവിത്രി
പ്രതീകാത്മക ചിത്രം | Photo: Ramanathpai / Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Ramanathpai / Mathrubhumi

മലപ്പുറം: കുറഞ്ഞവിലയിൽ മൃഗചികിത്സാ മരുന്നുകൾ ലഭ്യമാക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പശുഔഷധി പദ്ധതി സംസ്ഥാനത്തും തുടങ്ങുന്നു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ ചേർന്നാണ് നടപ്പാക്കുന്നത്. ജൻഔഷധി മാതൃകയിൽ ‘പശുഔഷധി വിക്രയ് കേന്ദ്രങ്ങൾ’ സ്ഥാപിക്കും. ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചുവരികയാണ്. ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായുള്ള പദ്ധതിയിൽ എത്തനോ-വെറ്ററിനറി മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കലാണ് ലക്ഷ്യം.

മൃഗചികിൽസാ മരുന്നുകൾ കിട്ടാനില്ലാത്തതും വില കൂടുതലാണെന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് 2025 മാർച്ചിൽ സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഏകദേശം 134 ജനറിക് മരുന്നുകൾ പശുഔഷധി കേന്ദ്രങ്ങളിലൂടെ വിൽക്കും. മോഡേൺ സമ്പ്രദായത്തിലുള്ള മരുന്നുകൾക്കുപുറമേ ആയുർവേദം ഉൾപ്പെടെയുള്ള നാടൻ മരുന്നുകളും ഇതു വഴി വിൽക്കും. ഒപ്പം ഗുണമേന്മയുള്ള കാലിത്തീറ്റകളും. തുടക്കത്തിൽ കന്നുകാലികളുടെ എണ്ണം കൂടുതലുള്ള ഗ്രാമീണ, മലയോര മേഖലകൾക്കായിരിക്കും മുൻഗണന.

‘പ്രധാനമന്ത്രി കിസാൻസമൃദ്ധി’ കേന്ദ്രങ്ങൾ, സഹകരണസംഘങ്ങൾ വഴിയാണ് പ്രവർത്തിക്കുക. കേന്ദ്രം ആരംഭിക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിയുടെ ലൈസൻസ് വേണം. സ്വന്തമായോ വാടകയ്ക്കോ കുറഞ്ഞത് 120 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം വേണം. അംഗീകൃത ഫാർമസിസ്റ്റും വേണം. 5,000 രൂപയാണ് പൊതുവിഭാഗത്തിന്റെ അപേക്ഷാഫീസ്. മരുന്നുകളുടെ വില്പനവിലയുടെ 20 ശതമാനം ലാഭം കേന്ദ്രം നടത്തുന്നവർക്ക് ലഭിക്കും.

Content Highlights: The Central government's 'Pashu Aushadhi' scheme is being implemented in Kerala by the animal husbandry and dairy development departments to provide affordable generic and traditional veterinary medicines to dairy farmers through Jan Aushadhi-style distribution centers.