പാലിനപ്പുറം ചിന്തിച്ചാൽ മികച്ച ലാഭം; മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ലില്ലി, ക്ഷീരമേഖലയിലെ പെൺകരുത്ത്

ഒരു ലിറ്റർ നറുംപാൽ പ്രാദേശിക വിപണിയിൽ നേരിട്ട് വിൽക്കുമ്പോൾ ലഭിക്കുന്നത് ശരാശരി 60 രൂപ. എന്നാൽ അതേ പാൽ തൈരാക്കി വിപണിയിലെത്തിച്ചാൽ വില 70 രൂപയ്ക്കു മുകളിലെത്തും. ഒരു ലിറ്റർ തൈരിൽനിന്നു മാത്രം പത്ത് രൂപയിലേറെ അധികവരുമാനം. ഇങ്ങനെ പ്രതിദിനം 1,500 ലിറ്ററോളം തൈര് വിവിധ രുചികളിൽ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ചാൽ ലഭിക്കുന്ന അധികലാഭം എത്രയാകുമെന്നു ഊഹിക്കാം. പാലിന് മൂല്യവർധന നൽകി വരുമാനം വർധിപ്പിക്കുന്ന ഈ വിജയമാതൃക യാഥാർഥ്യമാക്കിയ സംരംഭകയാണ് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തവിഞ്ഞാൽ പഞ്ചായത്തിലെ ഒഴക്കോടി അയ്യാനിക്കാട്ട് ലില്ലി മാത്യു.
പരമ്പരാഗതമായ പാൽവിൽപ്പനയിൽ ഒതുങ്ങാതെ, പാലിനെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിച്ചാണ് ലില്ലീസ് ഫാം ഇന്ന് കേരളത്തിലെ ശ്രദ്ധേയമായ ക്ഷീരബ്രാൻഡുകളിലൊന്നായി വളർന്നത്. ഈ സംരംഭമികവിനുള്ള അംഗീകാരമായാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസംരംഭകയ്ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ക്ഷീരശ്രീ പുരസ്കാരം ലില്ലി മാത്യുവിനെ തേടിയെത്തിയത്. പരമ്പരാഗത ക്ഷീരകർഷകയിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിജയസംരംഭകയിലേക്കുള്ള ഈ യാത്ര കേരളത്തിലെ ക്ഷീരമേഖലയ്ക്ക് വഴികാട്ടിയാണ്.
കുരുമുളകിൽ കിതച്ചു, കറവപ്പശുക്കളിൽ കുതിച്ചു
ലില്ലി മാത്യുവിന്റെ ക്ഷീരസംരംഭത്തിന് ഇന്ന് 27 വർഷത്തെ അനുഭവസമ്പത്തുണ്ട്. എന്നാൽ, ഈ യാത്രയുടെ തുടക്കം പശുവളർത്തലിൽ ആയിരുന്നില്ല. കൃഷിയായിരുന്നു പ്രധാന ആശ്രയം, അതിൽ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്നത് കുരുമുളക് കൃഷിയിലായിരുന്നു. എന്നാൽ, ദ്രുതവാട്ടരോഗം കുരുമുളക് തോട്ടങ്ങളെ നശിപ്പിച്ചതോടെ ജീവിതത്തിന്റെ ദിശ മാറി. പ്രതിസന്ധിയെ അവസരമാക്കി മാറ്റിയ ലില്ലി, പശുവളർത്തലിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഏതാനും പശുക്കളുമായി തുടങ്ങിയ സംരംഭം ക്രമേണ വളർന്നു. പശുക്കളുടെ എണ്ണവും തൊഴുത്തിന്റെ വിസ്തൃതിയും വർധിച്ചു. ഇന്ന് കിടാക്കളും കിടാരികളും കറവപ്പശുക്കളും ഉൾപ്പെടെ ഏകദേശം 140-ഓളം പശുക്കൾ ലില്ലീസ് ഫാമിന്റെ സമ്പത്താണ്. പ്രതിദിനം ഏകദേശം 1,500 ലിറ്റർ പാൽ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. ലില്ലീസ് ഫാമിന്റെ യഥാർഥ കരുത്ത് പാലുൽപ്പാദനത്തിലല്ല, മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിലാണ്. തൈര്, മോര്, പനീർ, നെയ്യ്, പേഡ, വിവിധതരം മധുരപലഹാരങ്ങൾ തുടങ്ങി പാലിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഗുണനിലവാരത്തിലും രുചിയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ലില്ലീസ് ഫാമിനെ ഉപഭോക്താക്കളുടെ പ്രിയ ബ്രാൻഡാക്കി മാറ്റിയത്. ലില്ലീസ് ഫാമിലെ ഉൽപ്പന്നങ്ങൾക്ക് വയനാട് ജില്ലയിൽ മാത്രമല്ല, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും മികച്ച വിപണിയുണ്ട്. അതുമാത്രമല്ല, കടൽ കടന്ന് ഗൾഫ് രാജ്യങ്ങളിലേക്കും ലില്ലീസ് ഫാമിന്റെ ഉൽപ്പന്നങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്.
സ്വന്തം പേരിൽ നിന്നും ബ്രാൻഡിന്റെ പിറവി
സാധാരണ ക്ഷീരകർഷകരെപ്പോലെ ഫാമിൽനിന്നുള്ള പാൽ തൊട്ടടുത്ത ക്ഷീരസംഘത്തിൽ അളന്ന് വരുമാനം കണ്ടെത്തിയിരുന്ന ഒരു സംരംഭകയായിരുന്നു തുടക്കകാലത്ത് ലില്ലി. എന്നാൽ, പാലിനേക്കാൾ കൂടുതൽ ആദായം പാലുൽപ്പന്നങ്ങൾക്കാണെന്ന തിരിച്ചറിവാണ് 2018-ൽ നറുംപാലിൽനിന്ന് വൈവിധ്യമാർന്ന പാലുൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള വെറ്ററിനറി സർവകലാശാലയിലും ഇന്ത്യൻ ഡയറി അസോസിയേഷനിലുംനിന്ന് ലഭിച്ച പരിശീലനങ്ങൾ ഈ സംരംഭത്തിന് കരുത്തേകി. തൈര് നിർമ്മാണത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് കൂടുതൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ആവേശം ലില്ലിയെ പുതിയ പരീക്ഷണങ്ങളിലേക്ക് നയിച്ചു. പാലുൽപ്പന്ന നിർമ്മാണത്തിന് ആവശ്യമായ യന്ത്രവൽക്കരണത്തെക്കുറിച്ച് അറിഞ്ഞതോടെ, ആധുനിക ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള ശ്രമവും ആരംഭിച്ചു. പാൽ ശീതീകരിച്ച് സംഭരിക്കുന്നതിനുള്ള ബൾക്ക് മിൽക്ക് കൂളർ, കറന്നെടുത്ത പാൽ അണുവിമുക്തമാക്കുന്നതിനുള്ള മിനി പാസ്ചറൈസേഷൻ പ്ലാന്റ്, പാലിലെ കൊഴുപ്പുകണികകൾ ഏകീകൃതമാക്കുന്നതിനുള്ള ഹോമോജെനൈസർ, പാലിൽ നിന്ന് കൊഴുപ്പ് വേർതിരിച്ചെടുക്കുന്നതിനുള്ള ക്രീം സെപ്പറേറ്റർ തുടങ്ങി ഒരു ചെറുകിട ഡയറി പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങൾ ഒന്നൊന്നായി ലില്ലിയുടെ ഫാമിലെത്തി.
തൊഴുത്തിനോട് ചേർന്ന് മിനി ഡയറി പ്ലാൻ്റ് സജ്ജമായതോടെ ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് ലില്ലി കടന്നു. ഉപഭോക്താക്കളെ ആകർഷിക്കണമെങ്കിൽ നല്ല ബ്രാൻഡിങും പാക്കിങും വേണം. അങ്ങനെയാണ് ഉൽപ്പന്നങ്ങൾക്ക് ഒരു പേര് ആലോചിച്ചത്. ഒടുവിൽ തന്റെ പേര് തന്നെ ഫാമിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്കും നൽകാൻ ലില്ലി തീരുമാനിച്ചു. അങ്ങനെയാണ് 'ലില്ലീസ് ഫാം' എന്ന ബ്രാൻഡ് പിറക്കുന്നത്.
വറ്റാത്ത വിപണിയുണ്ട് പാലുത്പന്നങ്ങൾക്ക്
രാവിലെ മൂന്നു മണിക്ക് ആരംഭിക്കുന്നതാണ് 'ലില്ലീസ് ഫാംസിലെ' ഒരു ദിവസത്തെ പ്രവർത്തനങ്ങൾ. മൂന്നു മുതൽ അഞ്ചര വരെയാണ് കറവ സമയം. ആറു മണിയോടെ ഡയറി പ്ലാന്റിലെ പ്രവർത്തനങ്ങൾക്കും തുടക്കമാകും. രാവിലെ കറന്നെടുക്കുന്ന നറുംപാൽ അപ്പോൾത്തന്നെ സംസ്കരണത്തിനായി പ്ലാന്റിലെത്തും. വൈകിട്ടത്തെ പാൽ ബൾക്ക് മിൽക്ക് കൂളറുകളിൽ (Bulk Milk Cooler) ശീതീകരിച്ചു സൂക്ഷിച്ച് പിറ്റേദിവസത്തെ ഉൽപ്പന്ന നിർമ്മാണത്തിനായാണ് ഉപയോഗിക്കുന്നത്. ആവശ്യകത വർദ്ധിച്ചതോടെ സ്വന്തം ഫാമിലെ പാൽ തികയാത്ത സാഹചര്യമുണ്ട്. അതിനാൽ, പ്രാദേശിക ക്ഷീരസഹകരണ സംഘങ്ങളിൽനിന്ന് ദിവസവും അഞ്ഞൂറോളം ലിറ്റർ പാൽ വാങ്ങി പ്ലാന്റിലെത്തിച്ചും ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. രാവിലെ ആറു മുതൽ പത്തു മണി വരെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 500 ലിറ്റർ വീതം പാൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റിൽ നാലു മണിക്കൂർ കൊണ്ട് രണ്ടായിരം ലിറ്ററോളം പാൽ സംസ്കരിച്ചെടുക്കുന്നു.
ഫാമിലെ പ്രധാന ഉൽപ്പന്നം തൈരാണ്. പ്രതിദിനം 1500 ലിറ്ററോളം പാൽ തൈര് നിർമ്മാണത്തിനായി മാത്രം ഉപയോഗിക്കുന്നു. ഉപഭോക്താക്കളുടെ താല്പര്യമനുസരിച്ച് കട്ടത്തൈര്, കറിത്തൈര്, പുളി കുറഞ്ഞ തൈര്, ക്രീമി തൈര്, ഉറ ഒഴിച്ചുണ്ടാക്കിയ നാടൻ തൈര് എന്നിങ്ങനെ അഞ്ചു തരം തൈരുകളാണ് ലില്ലീസ് ഫാമിൽനിന്നു വിപണിയിലെത്തുന്നത്. ഓരോ തരം തൈരിനും പ്രത്യേക ബാക്ടീരിയൽ കൾച്ചർ (Bacterial Culture) മിശ്രിതങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ കമ്പനികളിൽനിന്ന് വില നൽകി എത്തിക്കുന്ന ഈ മിശ്രിതങ്ങൾ ചേർത്ത ശേഷം പ്രത്യേക താപനില ക്രമീകരിച്ച ഇൻകുബേഷൻ റൂമിലേക്ക് (Incubation Room) പാൽ മാറ്റുന്നു. ഓരോ ഉൽപ്പന്നത്തിനും കൃത്യമായ അളവിലും കൂട്ടിലും കൾച്ചർ ചേർക്കുന്നതിൽ ലില്ലിക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്.
ലില്ലീസ് ഫാമിൽനിന്നുള്ള മറ്റൊരു ജനപ്രിയ ഉൽപ്പന്നം നെയ്യാണ്. ഫാമിനോട് ചേർന്നുള്ള ഒൻപത് ഏക്കറോളം സ്ഥലത്തെ തീറ്റപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ പാലിന് ഉയർന്ന ഗുണനിലവാരമുണ്ടെന്ന് ലില്ലി സാക്ഷ്യപ്പെടുത്തുന്നു. പച്ചപ്പുല്ല് ധാരാളം കഴിക്കുന്ന പശുക്കളുടെ പാലിൽ നിന്നുണ്ടാക്കുന്ന നെയ്യിന് കടുംമഞ്ഞ നിറമായിരിക്കും. ഈ ഗുണമേന്മ തന്നെയാണ് ഈ നെയ്യിനെ പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ, ദിവസവും 300 ലിറ്ററോളം പാൽ 'ഫാം ഫ്രഷ് മിൽക്ക്' എന്ന പേരിൽ പാക്ക് ചെയ്തും വിപണിയിലെത്തിക്കുന്നു.
പേഡ, ഗീ കേക്ക് തുടങ്ങിയ മധുരപലഹാരങ്ങൾ ഉൾപ്പെടെ പതിനാറിലധികം ഉൽപ്പന്നങ്ങളാണ് 'ലില്ലീസ്' എന്ന ബ്രാൻഡിൽ വിപണിയിലുള്ളത്. മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലുമായി നാല് സ്വന്തം ഔട്ട്ലെറ്റുകൾ വഴിയും വയനാട്, കണ്ണൂർ ജില്ലകളിലെ സൂപ്പർമാർക്കറ്റുകൾ വഴിയും ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നു. ഇടനിലക്കാരില്ലാതെ സ്വന്തം വാഹനങ്ങളിൽ ഉൽപ്പന്നങ്ങൾ നേരിട്ട് കടകളിലെത്തിക്കുന്നതാണ് രീതി. വിപണിയിൽ എത്ര എത്തിച്ചാലും ഉൽപ്പന്നങ്ങളെല്ലാം വിറ്റുതീരുന്നു എന്നത് ഗുണനിലവാരത്തിനുള്ള തെളിവാണെന്ന് ലില്ലി അഭിമാനത്തോടെ പറയുന്നു.
പണമാണ് ചാണകം
പാലുൽപ്പന്നങ്ങൾക്ക് പുറമേ, "പൊന്നു വിളയുന്ന ചാണകം" എന്ന ആശയം മുൻനിർത്തി ചാണകത്തിലും മികച്ച രീതിയിലുള്ള മൂല്യവർദ്ധനവ് നടത്താൻ ലില്ലീസ് ഫാം പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. ഫാമിന്റെ സ്വന്തം ബ്രാൻഡിലുള്ള സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും വിപണിയിൽ എത്തിക്കുന്നു. ഉയർന്ന ഗുണനിലവാരമുള്ള സമ്പുഷ്ടീകരിച്ച ചാണകപ്പൊടി നിർമ്മിച്ച് പാക്ക് ചെയ്യണമെങ്കിൽ കൃത്യമായി 60 ദിവസത്തെ ദൈർഘ്യമേറിയ നിർമ്മാണ പ്രക്രിയ ആവശ്യമാണ്.
ഫാമിൽനിന്ന് ശേഖരിക്കുന്ന ചാണകം ആദ്യം നന്നായി പൊടിച്ച ശേഷം, സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത തണലുള്ള സ്ഥലത്തിട്ടാണ് ഉണക്കിയെടുക്കുന്നത്. ചാണകം പാകത്തിന് ഉണങ്ങിവരുന്ന ഘട്ടത്തിൽ, ഉയർന്ന നിലവാരമുള്ള വേപ്പിൻ പിണ്ണാക്ക് പൊടി രൂപത്തിലാക്കി ഇതിൽ ചേർത്തുകൊടുക്കുന്നു. തുടർന്ന് 45 ദിവസം പിന്നിടുമ്പോൾ, സസ്യങ്ങൾക്ക് ഉയർന്ന പ്രതിരോധശേഷിയും പെട്ടെന്നുള്ള വളർച്ചയും നൽകുന്ന മിത്രകുമിളായ ട്രൈക്കോഡെർമ (Trichoderma) ഇതിലേക്ക് നിശ്ചിത അളവിൽ ചേർക്കുന്നു. നിർമ്മാണ ഘട്ടത്തിലുടനീളം കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് ഈർപ്പം നൽകുന്നതിനായി നനച്ചുകൊടുക്കുകയും, മിശ്രിതം നന്നായി ഇളക്കി നൽകുകയും ചെയ്യേണ്ടതുണ്ട്.
ചാണകം ഉണക്കുന്ന സമയത്തും വീണ്ടും സമ്പുഷ്ടീകരിക്കുന്ന വേളയിലും യാതൊരു കാരണവശാലും നേരിട്ടുള്ള വെയിൽ അടിക്കാതെ പ്രത്യേകം സൂക്ഷിക്കണം. ശാസ്ത്രീയമായ ഇത്തരം ഘട്ടങ്ങൾക്കെല്ലാം ശേഷം കൃത്യമായി 60 ദിവസം തികയുമ്പോൾ ഉന്നത ഗുണനിലവാരമുള്ള സമ്പുഷ്ടീകരിച്ച ചാണകപ്പൊടി പാക്ക് ചെയ്ത് ലില്ലിസ് സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി എന്ന ബ്രാൻഡിങ്ങുമായി വിപണിയിൽ എത്തിക്കും.
വീഴ്ചയില്ലാത്ത പശുപരിപാലനം
സംരംഭത്തിന്റെ വിജയത്തിന് പ്രധാനം കറവപ്പശുക്കളുടെ മികച്ച പരിപാലനം തന്നെയാണ്. രോഗങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലാതെ പശുക്കളെ പരിപാലിച്ചാൽ മാത്രമേ ഉൽപ്പന്ന നിർമ്മാണത്തിന് ആവശ്യമായ പാൽ തടസ്സമില്ലാതെ ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പശുക്കളുടെ പരിചരണത്തിൽ അതീവ ശ്രദ്ധയാണ് നൽകുന്നത്.
തീറ്റപ്പുല്ല് എത്രത്തോളം അധികം നൽകാൻ കഴിയുമോ, അത്രത്തോളം പശുക്കളുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടും. ഒൻപത് ഏക്കറോളം സ്ഥലത്താണ് തീറ്റപ്പുൽ കൃഷി ചെയ്യുന്നത്. പാലുൽപ്പാദന മികവിന് പേരുകേട്ട ഹോൾസ്റ്റൈൻ ഫ്രീഷ്യൻ (HF) പശുക്കളാണ് ഫാമിലുള്ളത്. പ്രതിദിനം 20 ലിറ്ററിൽ കൂടുതൽ പാൽ നൽകുന്ന പശുക്കളെയാണ് ഫാമിൽ നിലനിർത്തുന്നത്. മികച്ച രീതിയിൽ പാൽ ലഭിക്കുന്നതിനായി തീറ്റപ്പുല്ലിനൊപ്പം ഗുണമേന്മയുള്ള സാന്ദ്രീകൃത തീറ്റയും നൽകുന്നു.
വിവിധ തീറ്റ ചേരുവകൾ മൊത്തമായി വാങ്ങി ആവശ്യാനുസരണം യോജിപ്പിച്ച് സ്വന്തമായി തീറ്റ തയ്യാറാക്കുന്ന രീതിയാണ് ലില്ലീസ് ഫാമിലുള്ളത്. ഇതിനുപുറമെ കുറഞ്ഞ അളവിൽ റെഡിമെയ്ഡ് കാലിത്തീറ്റയും നൽകിവരുന്നു. ഫാമിലെ പശുക്കളെയെല്ലാം ഇൻഷൂർ ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ട്. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ (KLDB) നിന്നുള്ള ഗുണമേന്മയുള്ള ബീജമാത്രകൾ ഉപയോഗിച്ചാണ് പശുക്കളുടെ ബീജാധാനം നടത്തുന്നത്.
ഫാമിൽ തന്നെ ജനിക്കുന്ന കിടാക്കളെ ശാസ്ത്രീയമായി വളർത്തി പശുക്കളാക്കി മാറ്റുന്നതാണ് രീതി. അതുകൊണ്ടുതന്നെ പുതിയ പശുക്കളെ പുറത്തുനിന്ന് വാങ്ങി എത്തിക്കേണ്ട സാഹചര്യം ഉണ്ടാവാറില്ല.
ക്ഷീരസ്വപ്നങ്ങൾ ഇനിയും ഏറെ
പശുക്കളെ സ്നേഹിച്ച വീട്ടമ്മ സ്വന്തം നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ഒരു ക്ഷീര ബ്രാൻഡ് ആയിത്തന്നെ മാറിയ വിജയകഥയാണ് ലില്ലീസ് ഫാമിന്റേത്. ഇന്ന് വയനാട് ജില്ലയിൽ ലില്ലീസ് ഫാമിൽനിന്നുള്ള ഉൽപ്പന്നങ്ങൾ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല; ഇതിനകംതന്നെ ജനങ്ങളുടെ മനസ്സിൽ ഉറച്ച പ്രാദേശിക പാൽ ബ്രാൻഡുകളിൽ ഒന്നാണത്. കണ്ണൂരിലും മികച്ച വിപണി ലില്ലീസ് ഉൽപ്പന്നങ്ങൾക്കുണ്ട്. കോഴിക്കോട് ജില്ലയിലേക്കും ഭാവിയിൽ വിപണി വ്യാപിപ്പിക്കാനുള്ള ആഗ്രഹം ലില്ലിക്കുണ്ട്. ഡയറി പ്ലാന്റിനോട് ചേർന്ന് ഐസ്ക്രീം നിർമ്മാണത്തിനായി ഒരു യൂണിറ്റ് കൂടി ഒരുക്കാൻ പദ്ധതിയുണ്ട്.
കൂടാതെ, ക്ഷീരമേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും സ്വന്തം സംരംഭം കൂടുതൽ വിപുലപ്പെടുത്താനും മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന ആളുകൾക്കുമായി ഫാമിനോട് ചേർന്ന് ഒരു പരിശീലന കേന്ദ്രവും ഫാം സ്കൂളും ഒരുക്കാനുള്ള പദ്ധതിയും മനസ്സിലുണ്ട്. ലില്ലിയുടെ സംരംഭത്തിന് പിന്തുണയായി കുടുംബം ഒപ്പമുണ്ട്. പശുക്കളുടെ പരിപാലനത്തിന്റെയും പ്ലാന്റിന്റെ പ്രവർത്തനത്തിന്റെയും മേൽനോട്ടം ലില്ലിക്ക് തന്നെയാണ്. തീറ്റയുടെയും ഫാമിലെ മറ്റ് പ്രവർത്തനങ്ങളുടെയും തൊഴിലാളികളുടെയും ഒക്കെ കാര്യങ്ങൾ ഭർത്താവ് മാത്യുവിന്റെ മേൽനോട്ടത്തിലാണ്. ഉൽപ്പന്നങ്ങളുടെ വിപണനവും ഔട്ട്ലെറ്റുകളുടെ പ്രവർത്തനവും എം.ബി.എ. ബിരുദധാരി കൂടിയായ മകൻ ടോണി മാത്യുവിന്റെ ചുമതലയിലാണ്.
Content Highlights: Wayanad's Lilly Mathew built a thriving dairy brand through value-added milk products.