മഴയായാലും മഞ്ഞായാലും നാടുണരും മുൻപേ തൊഴുത്തിലെത്തി ദിലീപ്; 30 വർഷമായി മുടങ്ങാത്ത പാൽവഴി

#എം.കെ. കൃഷ്ണകുമാർ
ദിലീപ് | ഫോട്ടോ: പ്രജ്ജ്വൽ സുരേഷ്/മാതൃഭൂമി
ദിലീപ് | ഫോട്ടോ: പ്രജ്ജ്വൽ സുരേഷ്/മാതൃഭൂമി

കട്ടപിടിച്ച ഇരുട്ടിലേക്ക് ടോർച്ച് തെളിച്ച് ദിലീപ് വീടിനു പുറത്തിറങ്ങുകയാണ്. സമയം പുലർച്ചെ 3.50 മണിക്കൂറുകൾക്കുമുൻപ് പെയ്ത മഴയിൽ ഇടവഴി നനഞ്ഞുകിടക്കുന്നു. പാതിരാക്കിളികൾ പാട്ട് നിർത്തിയിട്ടില്ല. എം80 സ്കൂട്ടറിൽ അയാൾ യാത്ര തുടങ്ങുകയായി....

ചേർപ്പ് ചെറുചേനത്തെ അകത്തേപ്പറമ്പിൽ ദിലീപ് 30 കൊല്ലത്തിലേറെയായി കറവക്കാരനാണ്. 57-ാം വയസ്സിലും ഒരു മാറ്റവുമില്ലാതെ ജോലി തുടരുന്നു. നാടുണരുംമുൻപേ ജോലിക്കിറങ്ങുന്നു. മഴയായാലും മഞ്ഞായാലും ഒരു പോലെ. ശബരിമലയ്ക്കു പോകാൻ കഴിഞ്ഞ ദിവസം മാലയിട്ട് വ്രതം തുടങ്ങിയിട്ടുണ്ട്. കറവ കഴിഞ്ഞ് വീട്ടിലെത്തി കുളി കഴിഞ്ഞേ ചായപോലും കുടിക്കുകയുള്ളൂ.

ദിലീപ് | ഫോട്ടോ: പ്രജ്ജ്വൽ സുരേഷ്/മാതൃഭൂമി

ദിലീപിന്റെ സ്കൂട്ടർ ആദ്യംനിന്നത് ചെറുചേനത്തുതന്നെയുള്ള കാക്കറാലി വീട്ടിൽ മുഹമ്മദാലിയുടെ വീടിനുമുൻപിൽ. സ്കൂട്ടറിന്റെ ശബ്ദം കേട്ടപ്പോഴേക്കും തൊഴുത്തിൽനിന്ന് പശുക്കൾ അമറാൻ തുടങ്ങി. “അവർക്കറിയാം ഞാനെത്തിയത്.” ദിലീപ് പറഞ്ഞു. കൃത്യസമയത്തുതന്നെ പാൽ കറന്നില്ലെങ്കിൽ പശുക്കൾക്ക് അസ്വസ്ഥതയാണെന്ന് അറിയാവുന്ന കറവക്കാരൻ അതിൽ വീഴ്ച വരുത്താറുമില്ല. വെള്ളപ്പൊക്കം നാടിനെ വിറപ്പിച്ച കാലത്തുപോലും.

പലപ്പോഴും വീട്ടുകാരെ ബെല്ലടിച്ച് വിളിച്ചുണർത്തുന്നതുപോലും ദിലീപാണ്. വീടുകളുടെ ഇരുട്ടുനിറഞ്ഞ ഓരത്തുകൂടെ തൊഴുത്തിലേക്ക്... പാത്രവുമായി വീട്ടുകാർ വരുന്നതോടെ കറവ തുടങ്ങും. ഇരുകൈകളുംകൊണ്ട് അതിവേഗമാണ് കറവ. 20 മിനിറ്റുകൊണ്ട് നാലെണ്ണത്തെ കറന്നു. പരിചിതനായ കറവക്കാരനെ അനുസരിക്കുന്ന പശുക്കൾ ക്യാമറവെളിച്ചം കണ്ടപ്പോഴും അസ്വസ്ഥരായില്ല.

ദിലീപ് | ഫോട്ടോ: പ്രജ്ജ്വൽ സുരേഷ്/മാതൃഭൂമി

കൊതുകും ഈച്ചയും ചാണകഗന്ധവുമുള്ള തൊഴുത്തിൽ കുതികാലിലിരുന്ന് പാൽ കറക്കുന്നത് കണ്ടുനിൽക്കുമ്പോളറിയാം, ഇതൊരു കഠിനമായ ജോലി തന്നെ. ഇരുപതോളം പശുക്കളെയാണ് ദിവസവും രണ്ടുനേരം കറക്കുന്നത്. ഒരു ദിവസംപോലും ജോലിയിൽനിന്നു മാറിനിൽക്കാനാകില്ല. ഒരു മണിക്കൂർപോലും വൈകാനുമാകില്ല. അസുഖമായോ മറ്റോ പോകാൻ കഴിയാതിരുന്നാൽ, വീട്ടുകാർ അല്പം കറന്നെടുത്ത് ബാക്കി പശുക്കിടാങ്ങൾക്ക് കുടിക്കാൻ വിട്ടുനൽകാറാണ് പതിവ്. മാസങ്ങൾക്കുമുൻപ്, ദിലീപ് കറക്കുന്ന പശു കുറുക്കൻ കടിച്ച് പേ ബാധിച്ച് ചത്തിരുന്നു. തുടർന്ന് ഉള്ളംകൈയിലാണ് കുത്തിവെപ്പുകളെടുത്തത്.

കോന്നങ്ങത്തു വീട്ടിൽ രാധയുടെ വീട്ടിലെത്തിയപ്പോഴേക്കും അഞ്ചു മണിയാകാറായി. 50 കൊല്ലത്തിലേറെയായി രാധയും സഹോദരിയും പശുക്കളെ വളർത്തുന്നുണ്ട്. ദിലീപ് കറവയ്ക്കെത്തുന്നതുകൊണ്ടു മാത്രമാണ് ഇതു തുടരാനാകുന്നതെന്ന് അവർ പറയുന്നു. പിന്നീട് കാക്കറാലി വീട്ടിൽ അബ്ദുള്ളയുടെ വീട്ടിലേക്ക്. അദ്ദേഹത്തിന്റെ വീടിന്റെ മുകളിലെ രണ്ടു വെള്ളിമൂങ്ങകൾ ആളനക്കംകേട്ട് പറന്നുപോയി. “രണ്ടു കുഞ്ഞുങ്ങളെയും അവയ്ക്കൊപ്പം കാണാറുണ്ട്” -ദിലീപിന്റെ പുലർവെട്ടം വരുംമുൻപുള്ള പരിചിത കാഴ്ചയാണതും.

എം80 പിന്നെയും പല വീടുകൾ തേടിപ്പോയി. അവിടെയെല്ലാം കറവപ്പശുക്കൾ ദിലീപിന്റെ വരവറിഞ്ഞ് ശബ്ദമുണ്ടാക്കി... പാൽതീരാ അകിടുതേടി പശുക്കിടാങ്ങൾ തിരക്കുകൂട്ടി. ഇടയ്ക്ക് അവ വിടർന്ന കണ്ണുകൾ ക്യാമറയുടെ ലെൻസിലേക്കു തുറന്നു. ഒൻപതു മണിയോടെ വീട്ടിലേക്ക് തിരിച്ചെത്തി. എന്നിട്ടും ദിലീപിന് വിശ്രമമില്ല. ഒന്നരയേക്കറോളം വയലിൽ കൃഷിയുണ്ട്. ഉച്ചവരെ അവിടെയാണ്. ഉച്ചയ്ക്ക് വീണ്ടും കറവയ്ക്കിറങ്ങണം. ഈ അധ്വാനത്തിന്റെ മഹിമ തിരിച്ചറിയുന്നുണ്ട് ഭാര്യ ലതയും മകൻ കയ്പമംഗലത്ത് ഹെൽത്ത് ഇൻസ്പെക്ടറായ ലതീപും.

തിരിച്ചുപോരാൻനേരം വീണ്ടും ഒരു ചെറുമഴ.. ചരലുകളിൽ പാൽപ്പതപോലെ നനവ് പൊതിഞ്ഞു....

Content Highlights: Meet Dileep, a 57-year-old dedicated milkman in Cherpu, Kerala, who begins his rounds before dawn, rain or shine. His commitment ensures farmers and their cattle are well cared for. Explore his demanding routine.