തങ്കച്ചൻ ക്ഷീരപ്രതിഭ, ഡോൺ മാത്യുവിന് ക്ഷീരരത്ന; IVA ക്ഷീരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഏർപ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്കാരത്തിന് വയനാട് പുൽപ്പറമ്പിൽ ഡയറി ഫാം നടത്തുന്ന പി.ഐ. തങ്കച്ചൻ അർഹനായി. മലപ്പുറം നിലമ്പൂർ സ്വദേശി യുവക്ഷീരകർഷകൻ ഡോൺ മാത്യുവിനാണ് ക്ഷീരരത്ന പുരസ്കാരം. ക്ഷീരമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷനാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
കിടാരികളും പശുക്കളും ഉൾപ്പെടെ പത്തുവരെ എണ്ണം പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരകർഷകനാണ് ക്ഷീരരത്ന പുരസ്കാരം. 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരസംരംഭകനാണ് ക്ഷീരപ്രതിഭ പുരസ്‍കാരം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 120ഓളം കർഷകരാണ് ഇത്തവണ പുരസ്കാരത്തിന് അപേക്ഷിച്ചത്. ജില്ലാ സംസ്ഥാന തലങ്ങളിൽ അവാർഡ് നിർണയ പരിശോധന പൂർത്തിയാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ.എസ്.ഒ. സർട്ടിഫൈഡ് പുൽപ്പറമ്പിൽ ഫാം; മികവാർന്ന മാതൃക
വയനാട് മാനന്തവാടിക്കടുത്ത് യവനാർക്കുളത്താണ് പി.ഐ. തങ്കച്ചൻ്റെ ഫാം പ്രവർത്തിക്കുന്നത്. 39 ഓളം പശുക്കളെ വളർത്തുന്ന പുൽപ്പറമ്പിൽ ഡയറി ഫാം ക്ഷീരമേഖലയിൽ മികച്ച മാതൃകയാണ്. അത്യുല്പാദനമുള്ള ഇരുപതോളം പശുക്കളിൽ നിന്നായി പ്രതിദിനം 500 ലിറ്ററിലധികം പാലാണ് ഇദ്ദേഹത്തിന്‍റെ ഫാമിൽ നിന്നും ഉല്പാദിപ്പിക്കുന്നത്. പ്രതിദിനം 40 ലിറ്ററിലധികം പാൽ ചുരത്തുന്ന പശുക്കൾവരെ തങ്കച്ചൻ്റെ ഫാമിലുണ്ട്. ആധുനിക ക്ഷീരസംരംഭത്തിന് വേണ്ട സാങ്കേതിക സംവിധാനങ്ങൾ എല്ലാം തന്നെ ഫാമിൽ ഒരുക്കിയിട്ടുണ്ട്. ഫാം ലൈസൻസിന് പുറമെ ഐ.എസ്.ഒ. അംഗീകാരം കൂടി നേടിയ ഫാമാണ് തങ്കച്ചൻ്റേത്. കേരള വെറ്ററിനറി സർവകലാശാലയുടെ ഫാം സ്കൂൾ ആയും തങ്കച്ചൻ്റെ ഫാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ശാസ്ത്രീയമായ പുൽകൃഷി, കിടാക്കളുടെ പരിപാലനം, തൊഴുത്തിലെ സാങ്കേതിക വിദ്യകൾ, ചാണകസംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ എല്ലാം തന്നെ തങ്കച്ചന്റെ ഫാം മികച്ച മാതൃകയാണ്. തൈര്, നെയ്യ് തുടങ്ങി പാലിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ഫാമിൽ ഉത്പാദിപ്പിക്കുന്നുണ്ട്. വയനാട് ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരം കുടിയായ തങ്കച്ചൻ സംസ്ഥാനത്തെ നിരവധി ഡയറി ഫാമുകളുടെ ഡിസൈനർ കൂടിയാണ്. പശുവളർത്തിലൂടെ മാത്രം പ്രതിമാസം ഒന്നരലക്ഷത്തോളം രൂപ ആദായമായി നേടാനും തങ്കച്ചന് സാധിക്കുന്നുണ്ട്.
ക്ഷീരരത്ന പുരസ്കാരം നേടിയ ഡോൺ മാത്യുവിന്റെ ഡയറി ഫാം പ്രവർത്തിക്കുന്നത് നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിലാണ്. ഒമ്പത് പശുക്കൾ ഉൾപ്പെടുന്ന ഫാമിൽ ഏഴു കറവപ്പശുക്കളിൽ നിന്നായി പ്രതിദിനം നൂറു ലിറ്ററോളം ആണ് ഫാമിൽ നിന്നുള്ള പാലുത്പാദനം. പ്രാദേശിക ക്ഷീരസംഘത്തിൽ പാൽ അളക്കുന്നതിനൊപ്പം പ്രാദേശിക വിപണനത്തിലൂടെയും വരുമാനം കണ്ടെത്തുന്നു. ഒന്നര ഏക്കറോളം സ്ഥലത്ത് തീറ്റപുൽ കൃഷിയും ഒരുക്കിയിട്ടുണ്ട്. ആധുനിക മാതൃകയിലാണ് തൊഴുത്ത് പണികഴിപ്പിച്ചിട്ടുള്ളത്. 27- വയസ്സുകാരനായ യുവക്ഷീരകർഷകൻ ഡോൺ മാത്യു ക്ഷീര മേഖലയിലെ പുതുപ്രതീക്ഷയാണ്.
2025 ഡിസംബർ 27-ന് തിരുവനന്തപുരത്ത് നടക്കുന്ന ഐ.വി.എ കേരളയുടെ വാർഷിക സമ്മേളനത്തിൽ സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
Content Highlights: Indian Veterinary Association announces Kerala`s top dairy awards. P.I. Thangachan honored with Ksheeraprathibha, Don Mathew with Ksheeraratna. Learn about their success.