ട്രാഡ് വൈഫ്: പുതുകാലത്തും പിന്നോട്ടുരുളുന്ന പിന്തിരിപ്പൻ ചക്രങ്ങൾ

കാലാകാലങ്ങളായി ആണധികാരം ഭരിക്കുന്ന സമൂഹത്തോട്, കലഹിച്ചും സമരസപ്പെടാതെയും ഇന്ന് സ്ത്രീലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. കല, കായികം, വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയപ്രവർത്തനം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവുകൾ തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽത്തന്നെ, `ട്രാഡ് വൈഫ്‘ എന്നപേരിൽ ഒരു പുതിയ സാമൂഹികപ്രവണത വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
`ട്രഡീഷണൽ വൈഫ്’ എന്നതിന്റെ ചുരുക്കരൂപമാണ് `ട്രാഡ് വൈഫ്.‘ മലയാളത്തിൽ `പരമ്പരാഗത വീട്ടമ്മ’ എന്ന പദവുമായി നമുക്കിതിനെ ചേർത്തുവായിക്കാം. വിവാഹിതരായ സ്ത്രീകളെന്നാൽ വീട്ടിലിരുന്ന് ഭർത്താവിനും കുട്ടികൾക്കും സമർപ്പിതമായ ഒരു ജീവിതശൈലി പിന്തുടരേണ്ടവരാണ് എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. ഭർത്താവിനെ അനുഗമിക്കൽ, വീട് പരിപാലിക്കൽ, പാചകം ചെയ്യൽ, കുട്ടികളെ വളർത്തൽ, ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കൽ എന്നിവയെല്ലാം തങ്ങളുടെ കടമകളായാണ് ഇവർ കാണുന്നത്. ചില സ്ത്രീകളാവട്ടെ, ഇത്തരം ജീവിതത്തെ ഒരു ഭാര്യയുടെ ധർമ്മമായോ സൗഭാഗ്യത്തോടുകൂടിയ ജീവിതരീതിയായോ തെറ്റിദ്ധരിക്കുന്നു.
1950-കളിൽ പാശ്ചാത്യരാജ്യങ്ങളിൽ നിലനിന്നിരുന്ന ഈ ആശയം ഏറെക്കാലം കഴിഞ്ഞ് 2020 ഓടെ ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ വീണ്ടും വ്യാപിക്കുകയുണ്ടായി.
ഇവിടെയുള്ള ട്രാഡ് വൈഫ് ഇൻഫ്ലുവൻസർമാർ വീടിനെ ചുറ്റിപ്പറ്റിയുള്ള തങ്ങളുടെ വ്യക്തിജീവിതം പൊതുസമൂഹത്തിൽ പ്രദർശിപ്പിച്ചു. പാചകം, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം, ഭർത്താവിനോടുള്ള വിധേയത്വം, മൃദുവായ പെരുമാറ്റം, പരമ്പരാഗത വസ്ത്രധാരണം എന്നിവയിലൂടെ ഒരു `പഴയകാല ഗ്ലാമർ‘ ലോകംതന്നെ ഇവരിലൂടെ അവതരിപ്പിക്കപ്പെട്ടു.
ചുരുക്കത്തിൽ, ഒരു പാട്രിയാർക്കൽ സമൂഹത്തിൽ സ്ത്രീകൾ എങ്ങനെയൊക്കെ ആവണമെന്ന പിന്തിരിപ്പൻ ആശയങ്ങളെയാണ് ട്രാഡ് വൈഫ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഫെമിനിസത്തോടുള്ള വിമുഖത, കുടുംബത്തോടുള്ള വിധേയത്വം, മതപരമായ വിശ്വാസങ്ങൾ ഇവയൊക്കെ ഇവർ മുറുകെപ്പിടിക്കുന്നു.
ട്രാഡ് വൈഫ് എന്ന ആശയം പാശ്ചാത്യരാജ്യങ്ങളിൽ മാത്രമല്ല, കേരളത്തിലും അതിന്റെ അലയൊലികൾ ഒളിഞ്ഞും തെളിഞ്ഞും ഇന്നുമുണ്ട്. സ്ത്രീകൾ വീടുകളിൽമാത്രം ഒതുങ്ങിക്കഴിയേണ്ടവരാണെന്ന യാഥാസ്ഥിതികബോധത്തിൽനിന്ന് നമ്മളിനിയും മുക്തരായിട്ടില്ല. സമീപകാലത്ത് സെലിബ്രിറ്റികളായിട്ടുള്ള ചില സ്ത്രീകൾ ഇത്തരം ആശയങ്ങളോടു ചേർന്നുനിൽക്കുന്ന സ്റ്റേറ്റ്മെന്റുകളിറക്കിയത് നാം കണ്ടതാണ്. “പെണ്ണുങ്ങളായാൽ അറപ്പ് പാടില്ലെന്ന് എന്റെ അമ്മ എന്നെ പഠിപ്പിച്ചുണ്ട്”,
“ഇക്വാലിറ്റി വേണ്ട എന്നത് എന്റെ പേഴ്സണൽ ചോയ്സാണ്”,
"ഭർത്താവിന്റെ അതേ സ്ഥാനം ഭാര്യയ്ക്ക് വേണമെന്ന് വാശിപിടിക്കരുത്“ എന്നൊക്കെയുള്ള പിന്തിരിപ്പൻ പ്രസ്താവനകൾക്ക് നാം സാക്ഷിയായി. ഇതെല്ലാം സമൂഹത്തിൽ അപകടകരമായ ചലനങ്ങളുണ്ടാക്കിയേക്കുമെന്ന സാമാന്യബോധംപോലുമില്ലാതെ, അവരുടെ വ്യക്തിപരമായ അഭിപ്രായം ആഘോഷിക്കപ്പെട്ടു. പുതിയ തലമുറയിലും ഇതിന്റെ സ്വാധീനം ഏറെക്കുറയുണ്ട്. വളരെ ചെറിയ പ്രായത്തിൽത്തന്നെ വിവാഹംചെയ്ത് “ഇവൻ പണിക്കു പോവുന്നത് എനിക്കിഷ്ടമല്ല. ഞങ്ങളെ ഇവന്റെ അച്ഛൻ നോക്കട്ടെ“ എന്നൊക്കെ ഒരു വലിയ പ്ലാറ്റ്ഫോമിലിരുന്ന് ഛർദിച്ചുവെക്കുന്നത് അത്ര നിഷ്കളങ്കമല്ല. ഭർത്താവ് പണിക്കുപോവുമ്പോൾ ഭാര്യ `സ്നേഹത്തോടെ‘ തയ്യാറാക്കിക്കൊടുക്കുന്ന `ലഞ്ച് ബോക്സ്‘ റീലുകളും ഈയടുത്ത കാലത്ത് ട്രെൻഡ് ആണ്. പുരോഗമന ആശയങ്ങളെ വെല്ലുവിളിക്കുന്ന, സ്ത്രീമുന്നേറ്റങ്ങൾക്കുമേൽ കടിഞ്ഞാൺ മുറുക്കുന്ന, ഫെമിനിസ്റ്റ് ആശയങ്ങളെ റദ്ദ് ചെയ്യുന്ന ഇത്തരം പ്രവണതകളെ നാം ഭയക്കേണ്ടതുണ്ട്.
മാത്രമല്ല, `ട്രാഡ് വൈഫ് ജീവിതരീതി‘ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഇത് ആണധികാരലോകത്തിന് സ്ത്രീകൾക്കുമേൽ പ്രയോഗിക്കാവുന്ന ഒരു രഹസ്യായുധമായി മാറുന്നു എന്നതാണ് വാസ്തവം.
ട്രാഡ് വൈഫ് ആകുന്നതിന്റെ `തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം' പലപ്പോഴും `തിരഞ്ഞെടുക്കാൻ കഴിയാത്ത‘ തങ്ങളുടെ നിസ്സഹായാവസ്ഥയിൽനിന്നാണ് വരുന്നതെന്ന് സ്ത്രീകൾ തിരിച്ചറിയേണ്ടതുണ്ട്. പുതിയ തലമുറ തികഞ്ഞ രാഷ്ട്രീയബോധത്തോടെ അതിനെ കാണേണ്ടതുമുണ്ട്.
ഇക്കണ്ട മാറ്റങ്ങളൊന്നും പെട്ടന്നുണ്ടായതല്ല. അതെ, പോരാടിയും കലഹിച്ചും തന്നെയാണ് സ്ത്രീകൾ തങ്ങളുടെ ലോകം കെട്ടിപ്പടുത്തിട്ടുള്ളത്. മാറ്റങ്ങളുണ്ടാവട്ടെ... കാലം മുന്നോട്ട് മുന്നോട്ട് ഉരുളട്ടെ...
Content Highlights: what is the concept of trad wife