ഫ്രെനെമീസ് (Frenemies) ഒരു ശല്യമോ? സൗഹൃദങ്ങളിലെ 'വൈബ്' ഒന്ന് ചെക്ക് ചെയ്യാം

സോഷ്യൽ മീഡിയ സ്റ്റോറികളും റീൽസും കണ്ടിട്ട് ജീവിതം ഫുൾ വൈബ് ആണെന്ന് തോന്നാമെങ്കിലും റിയൽ ലൈഫിൽ കാര്യങ്ങൾ അതല്ല. കൂടെയുള്ളവർ ശരിക്കും നമ്മുടെ വളർച്ചയിൽ ഹാപ്പിയാണോ, അതോ ചുമ്മാ അഭിനയിക്കുകയാണോ? പുറമേ ഉറ്റസുഹൃത്തുക്കളാണെന്ന് നടിക്കുകയും ഉള്ളിൽ ചെറിയ രീതിയിലുള്ള അസൂയയും മത്സരബുദ്ധിയും കൊണ്ടുനടക്കുന്ന ഒരു വിഭാഗത്തെയാണ് പുതിയ ജനറേഷൻ ഫ്രെനെമീസ്' (Frenemies = Friends + Enemies) എന്ന് വിളിക്കുന്നത്. ഇവരോട് വലിയ ശത്രുതയൊന്നും കാണിക്കേണ്ട കാര്യമില്ല; പകരം, നമ്മുടെ മാനസികാരോഗ്യത്തിന് വേണ്ടി കൃത്യമായി ചില ബൗണ്ടറികൾ സെറ്റ് ചെയ്യുക എന്നതാണ് പ്രധാന കാര്യം.
റെഡ് ഫ്ലാഗ് തിരിച്ചറിയാം
ബാക്ക്‌ഹാൻഡഡ് കോംപ്ലിമെന്റ്‌സ് (Backhanded Compliments): കാണുമ്പോൾ നല്ല വർത്താനമൊക്കെ പറയും. പക്ഷേ, അതിനുള്ളിൽ വ്യക്തിത്വത്തെ ചെറുതാക്കുന്ന പല ഒളിയമ്പുകളും കാണും. ഉദാഹരണത്തിന്, "നീ തടിച്ചിട്ടാണെങ്കിലും ഈ ഡ്രസ്സിൽ നിന്നെ കാണാൻ കൊള്ളാം!" എന്ന് പറയുമ്പോൾ കേൾക്കുമ്പോൾതന്നെ നമ്മുടെ മനസ്സിന് ഒരു കല്ലുകടി തോന്നും. അഭിനന്ദിക്കുന്നതുപോലെ തോന്നിപ്പിക്കുമെങ്കിലും കേൾവിക്കാരനിൽ വിഷമം ഉണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം സംസാരങ്ങൾ ഇവരുടെ സ്ഥിരം പരിപാടിയായിരിക്കും.
നമ്മുടെ വിജയങ്ങളിലെ ലോ-വൈബ്: ചെറിയൊരു നേട്ടമോ പ്രമോഷനോ എന്തിനേറെപ്പറയുന്നു, കോളേജിലോ ഓഫീസിലോ ഒരു ചെറിയ അച്ചീവ്‌മെന്റ് ഉണ്ടാക്കിയാൽ പോലും അതിൽ മനസ്സ് തുറന്ന് സന്തോഷിക്കാൻ ഇവർക്ക് കഴിയണമെന്നില്ല. മുഖത്ത് ഒരു പെർഫെക്ട് ചിരി വരുത്തുമെങ്കിലും കണ്ണുകളിൽ ആ സന്തോഷം കാണില്ല. നമ്മുടെ സന്തോഷങ്ങളിൽ ഒപ്പം നിൽക്കാൻ മടിക്കുന്ന ഇവരുടെ നിലപാട് ആശയക്കുഴപ്പത്തിന് വഴിയൊരുക്കും.
പ്രൈവസി ലീക്കിങ്: നമ്മൾ ഒരുപാട് വിശ്വസിച്ച് പറഞ്ഞ വ്യക്തിപരമായ കാര്യങ്ങൾ വേറെ എവിടെയെങ്കിലും ചർച്ചയാകുന്നത് കാണുമ്പോൾ മനസ്സിലാക്കാം സംഗതി പന്തിയല്ലെന്ന്. നമ്മുടെ സ്വകാര്യതയെ മാനിക്കാത്ത ഇത്തരം പെരുമാറ്റങ്ങൾ പിന്നീട് വലിയ മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്.
അവശ്യസമയത്തെ അപ്രതീക്ഷിത മുങ്ങൽ വിദഗ്ധർ: നമ്മൾ ഡൗൺ ആയിരിക്കുന്ന സമയത്തോ പ്രയാസം വരുമ്പോഴോ കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നവർ ആ സമയത്ത് സ്പോട്ട് ഔട്ട് ആയിരിക്കും. നമ്മുടെ സന്തോഷങ്ങളിൽ ഒപ്പം കൂടുന്ന ഇവർ ജീവിതത്തിന്റെ സങ്കടഘട്ടങ്ങളിൽ വളരെ അകലെയായിരിക്കും.
ടോക്സിക് വൈബ്: ഈ നെഗറ്റീവിറ്റി നമ്മുടെ ലൈഫിനെ എങ്ങനെ ബാധിക്കുന്നു?
കരിയറിലും വ്യക്തിജീവിതത്തിലും ഒരുപാട് ഡ്രീംസുമായി ഓടിക്കൊണ്ടിരിക്കുന്ന നമുക്ക് ഏറ്റവും കൂടുതൽ വേണ്ടത് പീസ് ഓഫ് മൈൻഡ് ആണ്. ഈ ചെറിയ ടോക്സിക് വൈബുകൾ നമ്മുടെ കോൺഫിഡൻസിനെയും ജോലിയെയോ പഠനത്തെയോ ഒക്കെ സാരമായി ബാധിക്കാം. മറ്റുള്ളവരുമായി നിരന്തരം സ്വയം താരതമ്യപ്പെടുത്തി ഉത്കണ്ഠപ്പെടാൻ ഇത് ഇടയാക്കും. ഇത്തരം ചെറിയ നെഗറ്റീവിറ്റികൾ നമ്മുടെ ആത്മവിശ്വാസത്തെയും ദിവസേനെയുള്ള ഊർജത്തെയും തകർത്തെറിയാൻ പോന്നവയാണ്.
സിമ്പിൾ ആയി കാര്യങ്ങൾ ഡീൽ ചെയ്യാൻ ചില ടിപ്സ്
സെറ്റ് സ്ട്രോങ്ങ് ബൗണ്ടറീസ്: സ്വന്തം രഹസ്യങ്ങളും പേഴ്സണൽ കാര്യങ്ങളും എല്ലാവരുടെയും മുന്നിൽ കൊണ്ടുപോയി ഇടേണ്ടതില്ല. ചില കാര്യങ്ങൾ നമ്മുടേത് മാത്രമായി സൂക്ഷിക്കുക. എല്ലാറ്റിനും ഒരു പരിധി വെക്കുന്നത് ബന്ധങ്ങളിൽ സമാധാനം നിലനിർത്താൻ സഹായിക്കും.
ട്രസ്റ്റ് യുവർ സെൽഫ്: മറ്റുള്ളവരുടെ ചെറിയ കുത്തുവാക്കുകളോ മോശം പെരുമാറ്റങ്ങളോ നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കാൻ ഒരിക്കലും അനുവദിക്കരുത്. സ്വന്തം പൊട്ടൻഷ്യൽ എന്താണെന്ന് ആത്മവിശ്വാസം ഉണ്ടെങ്കിൽ സ്വന്തം കഴിവുകളിൽ ഉറച്ചുനിൽക്കുക.
ആരോഗ്യകരമായ അകൽച്ച (The Art of Stepping Back): മനസ്സിന് സമാധാനമോ സന്തോഷമോ തരാത്ത, നിരന്തരം ഡീഗ്രേഡ് ചെയ്യുന്ന കൂട്ടുകെട്ടുകളിൽനിന്ന് പതുക്കെ പിന്മാറുക. ഒറ്റപ്പെടലിനെ പേടിച്ച് ടോക്സിക് ഫ്രണ്ട്സിന്റെ കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് സ്വന്തം സമാധാനമാണ്.
ഒന്ന് തുറന്ന് സംസാരിച്ച് നോക്കാം: ചിലപ്പോൾ നമ്മുടെ ഭാഗത്തുനിന്നോ അവരുടെ ഭാഗത്തുനിന്നോ ഉള്ള ചെറിയൊരു തെറ്റിദ്ധാരണ മാത്രമായിരിക്കാം പ്രശ്നം. തുറന്നു സംസാരിച്ചാൽ ചിലപ്പോൾ തെറ്റിദ്ധാരണ തീർക്കാനും ബന്ധങ്ങൾ ക്ലിയറാക്കാനും സാധിക്കും.
ആൾക്കൂട്ടത്തിൽ കാണുന്നവരെല്ലാം ഫ്രണ്ട്സാണെന്ന് വരുത്തിതീർക്കാൻ വേണ്ടി മാത്രം ചിലരുടെ പിന്നാലെ നടക്കേണ്ട ആവശ്യമില്ല. ശരിക്കും കെയർ ചെയ്യുന്ന, ഒപ്പം നിൽക്കുന്ന കുറച്ചുപേർ മതിയല്ലോ ലൈഫ് അടിപൊളിയാക്കാൻ!
Content Highlights: Identifies what frenemies (friends + enemies) are in modern social circles., Highlights key red flags like backhanded compliments, low-vibe reactions to success, and privacy leaking., Explains the impact of toxic vibes on personal confidence and mental peace., Provides actionable tips including setting strong boundaries and practicing healthy detachment.