എല്ലാ ദിവസവും ഒരേ വഴക്കുകൾ, അതേ ബോറിങ് വൈബ്; പ്രണയം 'ഗ്രൗണ്ട്ഹോഗ് ഡേ' ലൂപ്പിൽ പെട്ടോ?

പുറംലോകത്തിന് മുന്നിൽ കപ്പിൾ ഗോൾസ് സ്റ്റാറ്റസുകളിട്ട് ഫ്ലെക്സ് ചെയ്യുമ്പോഴും, ഉള്ളിൽ കടുത്ത ഡെഡ് വൈബും ഒറ്റപ്പെടലും അനുഭവിക്കുന്ന പ്രണയയാഥാർത്ഥ്യങ്ങൾ ചിലർക്കെങ്കിലും മനസ്സ്സിലാവും.
ഒരേ ബെഡിൽ കിടക്കുമ്പോഴും നമ്മൾ എത്രയോ ദൂരെയാണ്?
"നമ്മൾ ഒരേ റൂമിൽ, ഒരേ ബെഡിൽ കിടക്കുമ്പോഴും ഞാൻ എത്രമാത്രം ഒറ്റയ്ക്കാണെന്നു നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?"—ഇന്ന് പല റിലേഷൻഷിപ്പുകളിലും പങ്കാളികൾ പരസ്പരം ചോദിക്കാൻ ആഗ്രഹിക്കുന്നതും ചോദിക്കുന്നതുമായ ഏറ്റവും വലിയ ചോദ്യമാണിത്. കാണാൻ ഒരേപോലെയുള്ള ദിവസങ്ങൾ, യാതൊരു വൈകാരികബന്ധവും ഇല്ലാത്ത ഡ്രൈ ചാറ്റുകൾ, ഒപ്പമുണ്ടെങ്കിലും തീർത്തും ഒറ്റപ്പെട്ടതുപോലെയുള്ള ഫീൽ- ഇതാണ് പലരുടെയും ജീവിതയാഥാർത്ഥ്യം. സോഷ്യൽ മീഡിയയിൽ ഒന്നിച്ച് ഫോട്ടോകളിട്ട് ഹാപ്പി കപ്പിൾ ആയി അഭിനയിക്കുമ്പോഴും, ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന ആ വലിയ ശൂന്യത ആരും കാണാതെ ടോക്സിക് ആയി ബാധിക്കുന്നുണ്ടാകാം.
പ്രണയത്തിലെ 'ഗ്രൗണ്ട്ഹോഗ് ഡേ' ലൂപ്പ്
1993-ൽ ഇറങ്ങിയ 'ഗ്രൗണ്ട്ഹോഗ് ഡേ' ഹോളിവുഡ് മൂവി പോലെയാണ് പലരുടെയും ലൈഫ് ഇപ്പോൾ. നായകൻ എല്ലാ ദിവസവും രാവിലെ ഉണരുന്നത് കൃത്യം ഒരേ ദിവസത്തിലേക്കാണ്; ഒരേ പ്രോബ്ലംസ്, ഒരേ ആർഗ്യുമെന്റ്സ്, അതേ ബോറിങ് വൈബ്. ഇന്ന് പല പ്രണയബന്ധങ്ങളും ഇതുപോലെ ഒരേ ലൂപ്പിൽ കിടന്ന് കറങ്ങുകയാണ്. ഇന്നലെ വഴക്കിട്ട അതേ കാരണത്തിന് നാളെയും കത്തിക്കയറും. കലണ്ടറിലെ ദിവസം മാറുമ്പോഴും, ബന്ധങ്ങളിലെ വൈകാരിക വളർച്ച മാത്രം ഒരേ സ്ഥലത്ത് ഫ്രീസ് ആയി കിടക്കുകയാണ്. യാതൊരു എക്സൈറ്റ്മെന്റും ഇല്ലാതെ, വെറുമൊരു ശീലത്തിന്റെ പുറത്തുമാത്രം മുന്നോട്ടുപോകുന്ന ഈ അവസ്ഥ ബന്ധങ്ങളെ ഉള്ളിൽനിന്ന് തുരുമ്പെടുപ്പിക്കും.
എന്റെ കൺസേൺസ് നിനക്ക് വെറും 'ഓവർ തിങ്കിങ്' മാത്രമാണോ?
ബന്ധത്തിൽ എവിടെയോ എന്തോ മിസ്സിങ് ആണെന്ന് തോന്നി പലതവണ പങ്കാളിയുടെ മുന്നിൽ വന്ന് സംസാരിക്കാൻ നോക്കുന്നു. പണ്ടത്തെപ്പോലെ വൈബ് ആവുന്നില്ലെന്നും, നമ്മൾ തമ്മിൽ അകന്നുപോകുന്നുണ്ടെന്നും ഭയത്തോടെ പങ്കുവെക്കുമ്പോഴൊക്കെ അപ്പുറത്തെ ആൾ തരുന്ന ഒരൊറ്റ റിപ്ലൈ ഉണ്ട്- "നീ വെറുതെ ഓവർ തിങ്ക് ചെയ്യുകയാണ്!"
ഈ ഒഴിവാക്കൽ നിലപാട് മതി, എല്ലാ വൈകാരികതയെയും അടിച്ചമർത്താൻ. ഉത്കണ്ഠകളെ ഗൗരവമായി എടുക്കാതെ ജഡ്ജ്മെന്റൽ തിയറിയിലും റീൽസ് സ്ക്രോളിങ്ങിലും മുഴുകുമ്പോൾ, തൊട്ടടുത്ത് കിടന്ന് സങ്കടം കൊണ്ട് കരയുന്ന പങ്കാളിയെ മൈൻഡ് ചെയ്യാതെ പോവുന്നത് തെറ്റാണെന്ന് എപ്പോഴെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടോ? അങ്ങനെയില്ലെങ്കിൽ യു ഫെയിൽഡ് ആസ് എ പാർട്ണർ... ഒരു പ്രോബ്ലം ഉണ്ടെന്ന് ഒരാൾ കരഞ്ഞുപറയുമ്പോൾ അത് കേൾക്കാൻ പോലും സമയം കണ്ടെത്താത്തത് എത്ര ക്രൂരമാണ്...
പറഞ്ഞു മടുത്തുവന്ന ആ കടുത്ത മാനസിക തളർച്ച
''എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴൊക്കെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ഒരുപാടു ശ്രമിക്കാറുണ്ട്. എന്നാൽ ഓരോ തവണയും എന്റെ ഭാഗം ന്യായീകരിക്കുമ്പോഴും, എവിടെയെങ്കിലും ഒരു തെറ്റുപറ്റിയെന്ന് നീ കരുതുന്നുണ്ടെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഞാൻ എത്രമാത്രം തളരുന്നുണ്ടെന്ന് നിനക്കറിയാമോ? ഒരേ കാര്യം വീണ്ടും വീണ്ടും വിശദീകരിച്ച്, ഒരു ഭിത്തിയോട് സംസാരിക്കുന്നതുപോലെ സംസാരിച്ച് എന്റെ തൊണ്ട വറ്റിപ്പോകുന്നു. എന്റെ സങ്കടങ്ങൾ നിനക്ക് വെറുമൊരു ശല്യമായി മാത്രം തോന്നുമ്പോൾ, ഇനി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നത് തന്നെ വെറുതെയാണെന്ന് എനിക്ക് തോന്നിത്തുടങ്ങുന്നു.''
ഇത് ഒരിക്കലെങ്കിലും പങ്കാളിയിൽനിന്നു കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ പിഴവ് പറ്റിയതെവിടെ എന്നുള്ള ചോദ്യം സ്വയം ഉന്നയിക്കേണ്ടി വരും. ഈ മടുക്കുന്ന അവസ്ഥ (Exhaustion of Convincing) മാനസികമായുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.
ഒരേ ആർഗ്യുമെന്റ്സ്, കേൾക്കാത്ത കാതുകൾ
വഴക്കുകൾ പോലും ഇന്ന് പ്രീ-പ്ലാൻ ചെയ്ത സ്ക്രിപ്റ്റ് പോലെയാണ്. ഇന്നലെയും നമ്മൾ ഇതിന്റെ പേരിൽ ഇതേ ഡയലോഗുകൾ അടിച്ചു, നാളെയും നമ്മൾ ഇത് തന്നെ ആവർത്തിക്കും. പക്ഷേ കാര്യം ഇതല്ല, ശരിക്കും പങ്കുവെക്കേണ്ടത് നിസ്സഹായാവസ്ഥയായിരിക്കും, അല്ലാതെ കുറ്റപ്പെടുത്തലല്ല. സ്നേഹവും പരാതികളും വെറും ശല്യമായി മാറുമ്പോൾ, ഒരു ഭിത്തിയോട് സംസാരിക്കുന്നതുപോലെ ഫീൽ ചെയ്യാൻ പങ്കാളി തുടങ്ങുമെന്നത് തീർച്ച.
''നിന്റെ ലോകത്ത് ഞാൻ എത്രമാത്രം ഇറെലവന്റ് ആയി മാറുന്നുവെന്ന് നീ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?'' എന്ന ചോദ്യം ബന്ധങ്ങളിൽ ആഴത്തിൽ മുഴങ്ങും.
"എല്ലാം വേണ്ടെന്നു വെച്ച് നിന്നെ മാത്രം ചൂസ് ചെയ്തപ്പോൾ..."
ലോകത്തിലെ മറ്റെല്ലാ സന്തോഷങ്ങളെയും ബന്ധങ്ങളെയും വേണ്ടെന്നുവെച്ച് നിന്നെ മാത്രം ചൂസ് ചെയ്തപ്പോൾ അല്ലെങ്കിൽ നിർബന്ധിച്ച് ചൂസ് ചെയ്യിപ്പിച്ചപ്പോൾ അതേ ആളുടെ മുന്നിൽ തോറ്റുപോകുന്നത് കൈകാര്യം ചെയ്യാൻ അത്ര എളുപ്പമല്ല. കൂടെ നിൽക്കുന്ന ആളെ ഗൗനിക്കാതെ, സ്വന്തം താൽപ്പര്യങ്ങളിൽനിന്ന് മാറ്റിനിർത്തുമ്പോൾ ഉണ്ടാകുന്ന അവസ്ഥ സ്വയം ചിന്തിച്ചുനോക്കാം.
പുറംലോകത്തെ കലി മുഴുവൻ എന്റെ മുന്നിലാണോ തീർക്കേണ്ടത്?
"ഓഫീസിലെ ടെൻഷനും ട്രാഫിക് ബ്ലോക്കും വേറെ എവിടെയെങ്കിലും തീർത്തൂടേ, എന്ത് തെറ്റാണ് ഞാൻ ചെയ്തത്?"- ഇന്ന് പല പ്രണയബന്ധങ്ങളിലും പങ്കാളികൾ ഇത് കേൾക്കാറുണ്ട്. പുറംലോകത്തോടും കുടുംബത്തോടും ജോലിയോടും ബോസിനോടും ഫ്രണ്ട്സിനോടുമുള്ള ദേഷ്യം പങ്കാളിയോട് തീർക്കുന്ന പ്രവണത ഇന്നത്തെ പല ബന്ധങ്ങളിലും സാധാരണമാണ്. എല്ലാ ബാഡ് മൂഡിനും പഞ്ചിങ് ബാഗ് ആകേണ്ടവരല്ല പങ്കാളി. ഇത് മനസ്സിലാക്കാതെ സ്വന്തം ത്യാഗങ്ങൾക്ക് പോലും പങ്കാളിയെകൂടെ ഇരയാക്കുന്ന പ്രവണതയും തീർത്തും റെഡ് ഫ്ലാഗാണ്.
റിലേഷൻഷിപ്പ് ഒരു ബോറിങ് റിപ്പീറ്റായി മാറുമ്പോൾ
സിനിമകളിലെ ആവർത്തനവിരസത പോലെ, ഓരോ ദിവസവും ഒരേ ട്രാക്കിലൂടെ ഓടുന്ന ട്രാഫിക് ബ്ലോക്ക് പോലെയാണ് ഫീൽ ചെയ്യുന്നത്. ഒരേ അവഗണന, ഒരേതരം നിരാശകൾ- ഇത് എന്നെ മെന്റലി കംപ്ലീറ്റ്ലി ഡ്രെയിൻ ചെയ്യുന്നുണ്ട്. ജീവനേക്കാൾ സ്നേഹിക്കുന്നു എന്ന് പറയുന്ന ആൾക്ക്, തൊട്ടടുത്തുള്ള ഈ മൗനവും ഏകാന്തതയും മാത്രം കണ്ണിൽ പെടാത്തത് എന്തുകൊണ്ടാണ്? വരികൾക്കിടയിലെ നഷ്ടബോധം വായിച്ചെടുക്കാൻ എല്ലാവർക്കും സാധിക്കുന്നില്ല. പരസ്പരം മനസ്സിലാക്കാനുള്ള ചെറിയൊരു ശ്രമംപോലും നടത്താതെ, രണ്ടുപേരും രണ്ട് കരകളിൽ നിൽക്കുന്ന അപരിചിതരെപ്പോലെയായി മാറുന്നത് കാണുമ്പോൾ ഹാർട് ബ്രേക്ക് കൂടുതൽ വേദനാജനകമാവുന്നു.
എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ: സംസാരിക്കാൻ പോലും തോന്നാത്ത ആ നിശബ്ദത
ഒടുവിൽ, എല്ലാ ശ്രമങ്ങളും വെറുതെയാണെന്ന് തിരിച്ചറിയുമ്പോൾ, ബാക്കിയാകുന്നത് വലിയൊരു മൗനമാണ്. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന തിരിച്ചറിവ് പങ്കാളിയെ നിശബ്ദരാക്കും. വഴക്കുണ്ടാക്കാനോ പരാതികൾ പറയാനോ കാര്യങ്ങൾ വീണ്ടും വിശദീകരിക്കാനോ ഉള്ള എനർജി ഉള്ളിൽ ബാക്കിയുണ്ടാകില്ല. കടുത്ത മാനസിക ക്ഷീണം മാത്രം... ജയിച്ചതുകൊണ്ടോ അല്ലെങ്കിൽ സ്വന്തമായി കുഴപ്പങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടോ ആണ് തന്റെ പങ്കാളി മിണ്ടാതിരിക്കുന്നത് എന്നാണ് പലപ്പോഴും കരുതുക. സത്യം അതല്ല; തന്റെ ഭാഗത്ത് തെറ്റില്ലാഞ്ഞിട്ടും തോറ്റുപോയതിന്റെയും ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്നുള്ള മാനസിക മരവിപ്പിന്റെ (Tiredness of trying) ഫലമാണ് ഈ നിശബ്ദത. ആ മൗനം കാണാൻ കഴിയാതെ ''നീ പഴയപോലെ വഴക്കിടാനും സംസാരിക്കാനും കെയർ പോലും ചെയ്യാത്തത് എന്താണ്'' എന്ന് പാർട്ണറിനോട് ചോദിക്കുമ്പോൾ എല്ലാം എവിടെയോ നഷ്ടപ്പെട്ട ഒരു മൂളൽ മാത്രം തിരിച്ച് കേൾക്കാനും സ്വയം പാകപ്പെടണം.
ആവർത്തനങ്ങളുടെ ഈ വൃത്തത്തിൽനിന്ന് പുറത്തുകടക്കാം
എനിക്ക് നിന്നെ വിട്ടുപോകാനല്ല താല്പര്യം, അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും നിന്റെ മുന്നിൽ എന്റെ മനസ് തുറക്കുന്നത്. നമ്മൾ പരസ്പരം ബ്ലെയിം ചെയ്യുന്ന ഈ ലൂപ്പിൽനിന്ന് നമുക്ക് വെളിച്ചത്തിലേക്ക് നടക്കേണ്ടതുണ്ട്. ഒന്നാമതായി, സംസാരിക്കുന്ന രീതിയിലും തർക്കിക്കുന്ന ശൈലിയിലും എന്തെങ്കിലും മാറ്റം ആവശ്യമാണോ എന്ന് പങ്കാളികൾ പരസ്പരം തിരിച്ചറിയണം. മുൻകാലങ്ങളിൽ വഴക്കിന് കാരണമായ വിഷയങ്ങൾ വരുമ്പോൾ, പതിവ് പ്രതികരണരീതി മാറ്റിപ്പിടിക്കാൻ ശ്രമിക്കുക. രണ്ടാമതായി, പങ്കാളിയുടെ കാഴ്ചപ്പാടുകളെ പൂർണ്ണമനസ്സോടെ കേൾക്കാനുള്ള ക്ഷമ വളർത്തിയെടുക്കുക. പുതിയ ശീലങ്ങൾ രൂപീകരിക്കാനും പരസ്പരം സന്തോഷം നൽകുന്ന ചെറിയ സർപ്രൈസുകൾ നൽകാനും ഒരേ ദിനചര്യകളിൽനിന്ന് മാറി നടക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകണം.
എന്റെ താൽപ്പര്യങ്ങളെ കേൾക്കാനും എന്നെ ചേർത്തുപിടിക്കാനും നമ്മളെന്ന ആ പഴയ വൈബ് തിരിച്ചുപിടിക്കാനും നീ റെഡിയാണോ? ‘ഗ്രൗണ്ട്ഹോഗ് ഡേ’ സിനിമയുടെ അവസാനത്തിൽ നായകൻ തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് മാറുമ്പോൾ മാത്രമാണ് ആ ലൂപ്പിൽനിന്ന് രക്ഷപ്പെടുന്നത്. പ്രണയത്തിന്റെ കാര്യവും അങ്ങനെയാണ്. ഈ മരവിപ്പിൽനിന്ന് ഒരു പുതിയ സ്റ്റാർട്ടപ്പിലേക്ക് പോകാം, പരസ്പരം ശരിക്കും മനസ്സിലാക്കിക്കൊണ്ട്, പ്രണയത്തെ വീണ്ടും മനോഹരമാക്കാം.
Content Highlights: Experiencing extreme loneliness and dead vibes despite being in a committed relationship., The 'Groundhog Day' loop of repetitive arguments and lack of emotional growth., Dismissive behavior from partners regarding genuine concerns and overthinking accusations., The exhaustion of constantly convincing and explaining feelings to an unresponsive partner., Practical steps to break the cycle, rebuild communication, and restore emotional connection.