വൈബ് മാച്ച് മുതൽ ബൈ ബൈ വരെ; ക്രഷിന്റെ ലൈഫ് സൈക്കിൾ

പ്രതീകാത്മക ചിത്രം | ഫോട്ടോ കാൻവ
പ്രതീകാത്മക ചിത്രം | ഫോട്ടോ കാൻവ

‘’എന്നാലും ഞാനിത് എങ്ങനെ സഹിക്കും…!” രവിയുടെ പെട്ടെന്നുള്ള പറച്ചിൽ കേട്ട് ലിജോ ഞെട്ടി. തന്റെ ഫോൺ കാണിച്ച് കൊണ്ട് രവി തുടർന്നു. പ്രിയപ്പെട്ട നായിക വിവാഹിതയാകുന്നുവെന്ന വാർത്തയാണ് അത്. ഇതിൽ എന്താ ഇത്ര വലിയ കാര്യം എന്ന് ലിജോ തിരിച്ച് ചോദിച്ചില്ല. കാരണം ഇത്തരത്തിൽ പ്രിയപ്പെട്ട നായികമാരെ അവനും ആരാധിച്ചിട്ടുണ്ട്. എന്നാലും രവിയെ ആശ്വസിപ്പിക്കുന്ന തരത്തിൽ ലിജോ തുടർന്നു: എടാ അത് നിന്റെ ക്രഷല്ലെ. അല്ലാതെ നെഞ്ച് പൊട്ടുന്ന പ്രണയം ഒന്നുമല്ലല്ലോ.!!!

ക്രഷ്…! ആ വാക്ക് അറിയാത്ത ആരും തന്നെയില്ല. പക്ഷേ, പലപ്പോഴും പ്രണയവും ക്രഷുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഒരു സിനിമയിൽ പറയുന്നത് പോലെ പ്രണയത്തിന് താഴെ ഇൻഫാക്‌ച്വേഷന് മുകളിൽ. അങ്ങനെയും ക്രഷിനെ പറയാം. ടിവിയിൽ കാണുന്ന അഭിനേതാക്കൾ മുതൽ പഠിപ്പിച്ച അധ്യാപകരോട് വരെ ക്രഷ് അടിച്ചവരുടെ എണ്ണം വിരളമല്ല. പക്ഷേ, അതിര് വളരെ നിർബന്ധമാണ്. സ്വന്തമായി തീരണമെന്നത് ക്രഷിന്റെ നിർവചനമല്ല. അതുകൊണ്ട് ചിലപ്പോഴൊക്കെ ഇത് നിസ്വാർത്ഥവുമാവാം.  ക്രഷ് തന്നെ മനോഹരമായ പ്രണയത്തിലേക്കും തകർന്ന പ്രണയത്തിന്റെ ആഴങ്ങളിലേക്കും തള്ളിവിടാറുണ്ട്. എന്നിരുന്നാൽ പോലും അനുഭവിച്ചതിൽവെച്ച് ഏറ്റവും മനോഹരമായ അനുഭവം ആയിരിക്കും ക്രഷ് എന്നത് തീർച്ച. ക്രഷ് എങ്ങനെയാണുണ്ടാകുന്നതെന്ന തിയറി ഇല്ലെങ്കിലും അതിലേക്ക് നയിക്കുന്ന പല കാര്യങ്ങളുണ്ട്.

ഒന്നാമത്തേത് ഇന്ററസ്റ്റാണ്. ആദ്യമായി ഒരാളെ കാണുമ്പോൾ അവരിലേക്ക് അടുപ്പിക്കുന്ന എന്തെങ്കിലുമൊന്ന് ഉറപ്പായുമുണ്ടാകും. ഈ ഒരവസ്ഥ എപ്പോൾ വേണമെങ്കിലും വന്നേക്കാം. കാണുന്ന മാത്രയിൽ, അല്ലെങ്കിൽ ചെലവിടുന്ന ഓരോ നിമിഷവും അത് തോന്നിയേക്കാം. അതേസമയം, ഒരുപാട് നാളായി കൂടെ നടന്നവരോടും ക്രഷടിക്കാറുണ്ട്. ബന്ധങ്ങളിൽ വിള്ളലുണ്ടാകുമെന്ന ഭയത്തിൽ ഇത് പുറത്ത് പറയാറില്ലെന്ന് മാത്രം. കൂടാതെ ഈ ഫീലിങ്ങിനെ എന്ത് വിളിക്കുമെന്ന തോന്നലുകൾ മനസിൽ കുഴഞ്ഞ് മറിഞ്ഞ പരുവത്തിലായിരിക്കും. അത് പ്രണയം ആണെന്ന് തിരിച്ചറിയുന്നതും അല്ല വെറും ക്രഷിൽ ഒതുങ്ങി തീരുന്നതും നമ്മുടെ കയ്യിലല്ല.

ഇവിടെനിന്നാണ് അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പ്‌. നല്ല ഒന്നാന്തരം ജിജ്ഞാസ. കൂടുതൽ അറിയാനും മനസിലാക്കാനും അതിയായി കൊതിക്കും. ഇൻസ്റ്റഗ്രാം പോസ്റ്റുകളും സ്‌റ്റോറിയുെമാക്കെ തിരഞ്ഞ് ഓരോ കാര്യങ്ങളും കൂടുതൽ മനസിലാക്കാൻ ശ്രമിക്കും. അതുവെച്ച് ഒരാളെ അളക്കാൻ സാധിച്ചില്ലെങ്കിലും സ്വന്തമായി ഉടലെടുക്കുന്ന ജിജ്ഞാസ ശമിപ്പിക്കേണ്ടതുണ്ട്.. അവരിൽ തന്നിലുള്ളത് പോലുള്ള ഗുണങ്ങളുണ്ടോ, ഒരേപോലെ ആസ്വദിക്കുന്ന കാര്യങ്ങളുണ്ടോ, വൈബ് മാച്ചാണോ എന്നൊക്കെ നോക്കാൻ പിഎച്ച്ഡി തന്നെ എടുക്കാൻ പലരും റെഡിയാണ്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതൊരു യൂണിവേഴ്‌സൽ തിയറിയാണ്, ഇഷ്ടപ്പെട്ട ആളുകളുടെ ഇഷ്ടാനുഷ്ടങ്ങൾ മനസിലാക്കി വെക്കുന്നത്‌. ചിലരത് നേരിട്ട് ചോദിച്ച് മനസിലാക്കാൻ ശ്രമിക്കും പക്ഷേ, രവിയെ പോലെ സെലിബ്രിറ്റി ക്രഷുള്ളവർ അവരുടെ ഓരോ പോസ്റ്റിനായും കാത്തിരുന്നു മുന്നോട്ട് പോകും.

അടുത്തത് ഇൻഫാക്‌ച്വേഷനാണ്. അളവുകോലുള്ള അഭിനിവേശം എന്നിതിനെ പറയാം. അപ്പുറത്തുള്ള വ്യക്തിയെ ഒരു തരത്തിലും ശല്യം ചെയ്യാത്ത. അതേസമയം ദൂഷ്യം ചെയ്യാത്ത അഭിനിവേശം. ആസ്വാദ്യകരമാണത്. ഒരാളോട് ഇൻഫാക്‌ച്വേഷൻ തോന്നിക്കഴിഞ്ഞാൽ ഓരോ ദിനവും മനോഹരമായിരിക്കും. ചുറ്റുമുള്ള കാര്യങ്ങൾ കൂടുതൽ ഭംഗിയുള്ളതാകുന്നു. കാല് നിലത്ത് ഉറക്കാതെ, പൂമ്പാറ്റയയെന്ന പോലെ ആകാശത്തിൽ പറക്കുന്ന പ്രതീതി ഉണ്ടാകും. അവരുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും അന്നത്തെ ദിവസം കൂടുതൽ രസകരമാക്കും. ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും അവർക്ക് സാധിക്കും.

ഇത്രയും ഘട്ടം വരെ ക്രഷ് അതുപോലെ തന്നെയായിരിക്കും. ഇവിടെനിന്നു പ്രണയത്തിലേക്കുള്ള വഴി വളരെ നേർത്തതാണ്. ആ വഴി തുടങ്ങുമ്പോഴുണ്ടാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഷെയറിങ്. കൂട്ടുകരോട് തന്റെ ക്രഷിനെ കുറിച്ച് പറയുന്നതും അവരുടെ പേര് ചൊല്ലി വിളിക്കുമ്പോഴുണ്ടാകുന്ന ആനന്ദവും ഒരു ടിപ്പിക്കൽ സ്‌കൂൾ പ്രണയകഥ പോലെ തന്നെയാണ്. ഈ ഫീലിങ്ങ്‌സ് കൂറേയധിക കാലം കൂടെയുണ്ടാകണമെന്ന് പോലും ആഗ്രഹിച്ച് പോകും. കൂട്ടുകാരോട് പറയുമ്പോൾ അവരെ കുറച്ചുള്ള കൂടുതൽ കാര്യങ്ങൾ അവരുടെ കുറവുകളും മനസിലാക്കാൻ സാധിക്കും. എന്തെന്നാൽ ക്രഷിന്റെ നല്ലത് മാത്രമേ സൂക്ഷിക്കാവൂ എന്ന അദൃശ്യമായ കമാൻഡ് തുടക്കത്തിൽ തലച്ചോറിന് ലഭിക്കും.

അടുത്ത ഘട്ടം എന്താ…? നേരെ പ്രണയം തന്നെ. ക്രഷിന്റെയൊക്കം സ്റ്റേജ് ഇൻഫാക്‌ച്വേഷനിലേ നിന്നു പോകും. ഇഷ്ടമാണോ പ്രണയമാണോ എന്ന് പല ചിന്തകളും തോന്നിയെന്നും വരാം. പതിയെ പതിയെ ക്രഷിൽനിന്നു പ്രണയത്തിലേക്ക് വഴുതി വീഴുമ്പോൾ ക്രഷ് എന്ന ഘട്ടത്തിന് ബൈ ബൈ പറയാം. അതിനോടൊപ്പം തന്നെ അത് തീർത്തും ഒരു ക്രഷായിരുന്നു എന്ന് മനസിലാക്കുമ്പോൾ പതിയെ അവരെ മറന്ന് തുടങ്ങും.

അല്ലെങ്കിലും ജീവിതം അങ്ങനെയാണല്ലോ. മൂവ് ഓൺ ചെയ്യേണ്ടതിന്റൈ ആവശ്യകത വളരെ വലുതാണ്.

Content Highlights: Explore the journey from a crush to love. Understand the stages of attraction, infatuation, and genuine connection