യുവതയുടെ രാഷ്ട്രീയബോധ്യം പ്രതീക്ഷയാവുന്നു -പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കല്പറ്റ : ഇന്ത്യൻയുവതയുടെ രാഷ്ട്രീയ ബോധവും ബോധ്യവും വലിയ പ്രതീക്ഷയാണ് ഉയർത്തുന്നതെന്നും ഭരണകൂടത്തിന്റെ ജനാധിപത്യധ്വംസനങ്ങൾക്കെതിരേ യുവത നടത്തുന്ന പോരാട്ടം ഐതിഹാസികമാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിംലീഗ് നേതാക്കൾക്കുള്ള സ്വീകരണസമ്മേളനവും എൻ. മമ്മൂട്ടി അനുസ്മരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും നാടായിരുന്നു ഇന്ത്യ. എന്നാൽ, ഇന്ന് വിദേശ ഏജൻസികളുടെ സർവ കണക്കുകളും ഇന്ത്യയിൽ ജനാധിപത്യത്തിന്റെ തട്ട് വളരെ താഴെയാണെന്ന് വ്യക്തമാക്കുന്നു.
മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ കാലത്ത് 13 കോടിയിലേറെപ്പേരുടെ വോട്ടവകാശമാണ് റദ്ദുചെയ്യപ്പെട്ടത്. ഇത് നൂറിലധികം രാജ്യങ്ങളിലെ ആകെ വോട്ടർമാരെക്കാൾ വലിയ എണ്ണമാണ്. ഇത്തരം നടപടികൾ നീതീകരിക്കാനാവില്ല. രാജ്യം ഇത്രകാലം കാത്തുസൂക്ഷിച്ച യഥാർഥ പൈതൃകത്തിലേക്ക് തിരികെനടക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അതിനായി നടക്കുന്ന ശ്രമങ്ങളെ പിന്തുണയ്ക്കണം.
പത്തുവർഷത്തെ ഭരണംകൊണ്ട് വയനാടിനെ ഇരുട്ടിലാക്കുകയായിരുന്നു ഇടതുപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാടിന് ഗുണപരമായ മാറ്റങ്ങളുണ്ടാകുന്നത് യു.ഡി.എഫ്. സർക്കാർ കേരളം ഭരിക്കുമ്പോഴാണ്. ഇടതുപക്ഷത്തിന്റെ ജനദ്രോഹനിലപാടുകൾ മടുത്ത ജനങ്ങൾ യു.ഡി.എഫിന് നൽകിയത് അത്യുജ്ജ്വല വിജയം ഐക്യജനാധിപത്യ മുന്നണി വലിയ ഉത്തരവാദിത്വമായാണ് കാണുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും യു.ഡി.എഫ്. സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ. സി. മമ്മൂട്ടി അനുസ്മരണ പ്രഭാഷണവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. റാഷിദ് ഗസ്സാലി അനുമോദനപ്രഭാഷണവും നടത്തി. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജൻ, ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, ജില്ലാ സെക്രട്ടറി പി.പി. അയ്യൂബ്, കെ.ആർ.ഇ.ഡബ്ല്യു.എസ്. ചെയർമാൻ യഹ്യാഖാൻ തലക്കൽ തുടങ്ങിയവർ സംസാരിച്ചു.
യു.ഡി.എഫ്. ശക്തം, ഒഴുക്ക് ഇപ്പോൾ യു.ഡി.എഫിലേക്ക് -പി.കെ. കുഞ്ഞാലിക്കുട്ടി
കല്പറ്റ : യു.ഡി.എഫ്. ശക്തമാണെന്നും യു.ഡി.എഫിലേക്കാണ് ഇപ്പോൾ ഒഴുക്കെന്നും വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ബി.ജെ.പി.യിൽനിന്ന് രാജിവെച്ച പത്മജാ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യസഖ്യത്തിൽ ഭിന്നതയെന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി വിളിച്ച വിഷയം അറിയില്ലെന്നും നേരിട്ടുകാണേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കല്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.