സംഘാടക മികവിന്‌ എ ഗ്രേഡ്

മാനന്തവാടി : സംഘാടന മികവിനാൽ മികച്ചതായിരുന്നു മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാസ്കൂൾ ശാസ്ത്രോത്സവം. ശാസ്ത്രോത്സവത്തിനെത്തിയവരിലാരും ഭക്ഷണമോ കുടിവെള്ളമോ കിട്ടാതെ പ്രയാസപ്പെടേണ്ടിവന്നില്ല.

മാനന്തവാടി 'ഗ്രിൻ എൻ കോ' യുടെ സഹകരണത്തോടെ കേരള അറബിക് ടീച്ചേഴ്സ് അസോസിയേഷൻ ഒരുക്കിയ ജ്യൂസ് കോർണർ ശ്രദ്ധയാകർഷിച്ചു. മേളയ്ക്കെത്തുന്ന എല്ലാവരും കാണുന്ന രീതിയിൽ സ്കൂളിലേക്കുള്ള വഴിയിലായിരുന്നു ജ്യൂസ് കോർണർ. ആവശ്യമായ മുഴുവൻപേർക്കും സൗജന്യമായി ജ്യൂസ് നൽകി. ജ്യൂസ് കോർണറിൽ എത്താൻ സാധിക്കാത്തവർക്ക് വൊളന്റിയർമാർ അരികിലെത്തിച്ചുനൽകി.

കെ.പി.എസ്.ടി.എ. അധ്യാപക സംഘടന എം.ജി.എം. സ്കൂളിന്റെ സഹകരണത്തോടെ നൽകിയ ഭക്ഷണത്തെപ്പറ്റിയും എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. രണ്ടുദിവസവും ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയാണ് വിളമ്പിയത്. രാവിലെ പ്രാതലും നൽകി. ആർക്കും പ്രയാസമില്ലാത്ത രീതിയിൽ മേള പൂർത്തിയാക്കിയ സംഘാടകർക്കും ആതിഥേയ വിദ്യാലയമായ എം.ജി.എം. സ്കൂളിനും എല്ലാവരും എ ഗ്രേഡാണ് നൽകുന്നത്.