കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് മർദനം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

മാനന്തവാടി : കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മാനന്തവാടി പോലീസ് അറസ്റ്റുചെയ്തു. മാനന്തവാടി ഒണ്ടയങ്ങാടി ചെല്ലാട്ടിൽ ഹൗസിൽ സി. ആബിദാ(24)ണ് അറസ്റ്റിലായത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ഇയാൾക്ക് ജാമ്യംനൽകി.

ചൊവ്വാഴ്ച രാവിലെ 7.15-ഓടെ മാനന്തവാടി ഗാന്ധിപാർക്കിലായിരുന്നു കേസിനാസ്പദമായ സംഭവം.

തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന കോർപ്പറേഷന്റെ തിരുവനന്തപുരം ഡിപ്പോ ബസിലെ ഡ്രൈവർ എം.ജെ. ജനേഷിനാണ് മർദനമേറ്റത്. ഓട്ടോറിക്ഷയോട് ചേർത്ത് ബസ് നിർത്തിയ വിരോധത്തിൽ ബസ് തടഞ്ഞുനിർത്തി ബസിനകത്തുകടന്ന് കൈകൊണ്ട് പുറത്തും കഴുത്തിന്റെ പിൻവശത്തും അടിച്ചെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് ജനേഷ് പരാതിനൽകിയത്.

ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻശ്രമിച്ച കണ്ടക്ടർ സുജിത്ത് കുമാറിന്റെ മൊബൈൽഫോൺ ആബിദ് നശിപ്പിച്ചതായും ജനേഷ് പറഞ്ഞു.

ജനേഷ് മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.