മുണ്ടക്കൈ-ചൂരൽമല ദുരന്തം: നഷ്ടപരിഹാരത്തിനായി പരിഗണിച്ചില്ല പ്രതിഷേധവുമായി വ്യാപാരികൾ

ചൂരൽമല : മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്കുള്ള നഷ്ടപരിഹാര ഗുണഭോക്തൃപ്പട്ടികയിൽ ഇടംലഭിക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികൾ. സർക്കാരിന് സമർപ്പിച്ച 84 പേരടങ്ങിയ ഗുണഭോക്തൃപ്പട്ടികയിൽനിന്ന് 28 പേർക്കുമാത്രമാണ് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനമായിരിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസില്ലാതെയും നികുതിയടയ്ക്കാതെയും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണ് പട്ടികയിൽനിന്ന്‌ നീക്കംചെയ്തിരിക്കുന്നതെന്നാണ് വ്യാപാരികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ, ലൈസൻസില്ലാത്ത ചെറുകിടവ്യാപാരികൾക്കടക്കം നഷ്ടപരിഹാരം നൽകുമെന്നായിരുന്നു ദുരന്തത്തിന് തൊട്ടുപുറകെ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനങ്ങളെല്ലാം ലംഘിക്കുന്നതാണ് പുതിയ ഗുണഭോക്തൃപ്പട്ടികയെന്നാണ് വ്യാപാരികളുടെ പരാതി.

അതേസമയം, ലൈസൻസുള്ളതും നികുതിയടയ്ക്കുകയും ചെയ്യുന്ന ചെറുകിടകടയുടമകളെയും പട്ടികയിൽനിന്ന്‌ പുറത്താക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ ആരോപിക്കുന്നു. പട്ടികയിൽ ഉൾപ്പെട്ട വ്യാപാരികൾക്കും പണം എന്നുകിട്ടുമെന്നോ എത്ര രൂപ കിട്ടുമെന്നോ എന്നതിലും വ്യക്തത വന്നിട്ടില്ല. ദുരന്തം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും വ്യാപാരികൾക്കും കെട്ടിടയുടമകൾക്കും നഷ്ടപരിഹാരം നൽകാത്തതിൽ നിരന്തരം പ്രതിഷേധിച്ചതിനൊടുവിലാണ് ഗുണഭോക്തൃപ്പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായത്. അപ്പോഴും അർഹമായവരെ പരിഗണിച്ചില്ലെന്നാണ് ഉയരുന്ന വിമർശനങ്ങൾ.

ദുരന്തബാധിതരായ ഇവർക്ക് സന്നദ്ധസംഘടനകൾ നൽകിയിരുന്ന തുച്ഛമായ തുകയാണ് ആകെ ലഭിച്ചിട്ടുള്ളത്. ആകെയുണ്ടായിരുന്ന വരുമാനമാർഗം നിലച്ചതോടെ വ്യാപാരികളിൽ കൂടിയ പങ്കും കൂലിപ്പണിയും മറ്റും ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്. അർഹമായ നഷ്ടപരിഹാരം ലഭിച്ചാൽ എന്തെങ്കിലും സംരംഭം ആരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്ന വ്യാപാരികൾ പട്ടികയിൽനിന്ന്‌ പുറന്തള്ളിയതോടെ പ്രതീക്ഷയറ്റിരിക്കുകയാണ്. തങ്ങളെക്കൂടി ഉൾപ്പെടുത്തി ഗുണഭോക്തൃപ്പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.