കതിനപ്പാറയിലേക്ക് കഠിനയാത്ര

ചീങ്ങേരിമലയിലേക്കും യാത്രാക്ലേശം

അമ്പലവയൽ : ഗ്രാമപ്പഞ്ചായത്തിലെ കുറ്റിക്കൈത കതിനപ്പാറയിലേക്കുള്ള റോഡുതകർന്ന് യാത്ര ദുഷ്‌കരമായി. 18 കുടുംബങ്ങളുടെ ഏക ആശ്രയമായ പാതയാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. വിനോദസഞ്ചാരകേന്ദ്രമായ ചീങ്ങേരിമലയിലേക്കുള്ള പാതകൂടിയാണിത്. പാതയിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ചെറുവാഹനങ്ങൾ ഇതുവഴി കൊണ്ടുപോകാൻ പറ്റാതായി.

ഗ്രാമപ്പഞ്ചായത്തിലെ 21-ാം വാർഡിലുൾപ്പെടുന്ന പാതയാണിത്. സാധാരണക്കാർ അധിവസിക്കുന്ന ചീങ്ങേരിമലയുടെ താഴ്‌വാരത്ത് എത്തിച്ചേരാനുള്ള ഏകമാർഗമാണിത്.

അരക്കിലോമീറ്ററിൽ താഴെമാത്രം ദൂരമുള്ള പാതയിൽ മിക്കയിടത്തും വലിയ കുഴികളാണ്.

ഇരുചക്രവാഹനങ്ങളോ ചെറുകാറുകളോ ഇതുവഴി ഓടിക്കാൻ പറ്റാത്തസ്ഥിതിയാണ്. അമ്പലവയൽ-കാരാപ്പുഴ പാതയിൽനിന്ന് കതിനപ്പാറയിലേക്കുള്ള റോഡുതിരിയുന്ന ഭാഗത്താണ് യാത്രാക്ലേശം ഏറെ. ഈഭാഗത്തെ ടാറിങ് പൂർണമായി ഇളകിമാറി. പ്രധാനപാതയിൽനിന്ന് ഇറങ്ങുന്നഭാഗം തിട്ടപോലെ രൂപപ്പെട്ടു. വലിയ കല്ലുകൾ ഉന്തിനിൽക്കുന്ന ഭാഗത്ത് വാഹനങ്ങൾ കൊണ്ടുപോകാൻ പറ്റാതായി.

പാതയിലെ ആദ്യ ഇറക്കത്തിൽ വാഹനമോടിക്കാൻ പറ്റാതായതോടെ കഴിഞ്ഞവർഷം നാട്ടുകാർ പിരിവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. ഈ ഭാഗം വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ചീങ്ങേരിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള ഏകപാതകൂടിയാണിത്. വീതികുറഞ്ഞ റോഡായതിനാൽ വലിയവാഹനങ്ങൾ ഇതുവഴി പോകാറില്ല. അമ്പലവയൽ-കാരാപ്പുഴ പാതയോരത്ത് നിർത്തി നടന്നുപോവുകയാണ് പതിവ്.

ചെറുവാഹനങ്ങൾ ടൂറിസംകേന്ദ്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടുവരെ പോകാറുണ്ടായിരുന്നു. ഇപ്പോൾ അതും സാധിക്കാത്ത അവസ്ഥയാണ്. മലകയറാനെത്തുന്നവർ നടന്നുതളരുന്ന സ്ഥിതിയാണ്. ഇത് സന്ദർശകരുടെ മനംമടുപ്പിക്കുന്നു.

കാരാപ്പുഴയിൽനിന്ന് ജലം പമ്പുചെയ്ത് ശേഖരിക്കുന്ന വലിയ ടാങ്ക് ഈ പരിസരത്തുണ്ട്. പലതവണ ടാങ്ക് നിറഞ്ഞ് വലിയ അളവിൽ വെള്ളം പുറത്തേക്കൊഴുകിയതും റോഡുതകരാൻ കാരണമായി. വെള്ളം കുത്തിയൊലിച്ചെത്തിയതോടെയാണ് പാതയുടെ തുടക്കഭാഗം വലിയതോതിൽ തകർന്നത്.

തുടർച്ചയായി വെള്ളമൊഴുകിയതിനാൽ പ്രധാനപാതയുടെ ഒരുവശത്തും വലിയ കുഴി രൂപപ്പെട്ടു. ഈ സംഭവംനടന്ന് രണ്ടുമാസമായിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പാതയിൽ അപകടക്കെണിയായി മാറിയിരിക്കുകയാണ് ഈഭാഗം. റോഡുനന്നാക്കുന്നതിന് എം.എൽ.എ. ഫണ്ട് അനുവദിക്കുമെന്നാണറിയുന്നത്. ആദ്യഘട്ട നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ഡി.ടി.പി.സി. അധികൃതർ നൽകുന്ന സൂചന.