ഐതിഹ്യരഥ ഘോഷയാത്ര കാണാൻ ആയിരങ്ങൾ

കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്ര നവരാത്രി ആഘോഷങ്ങൾ സമാപിച്ചു

മാനന്തവാടി : എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പതിനൊന്നുദിവസങ്ങൾ നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. സമാപനത്തിന്റെ ഭാഗമായിനടന്ന ഐതിഹ്യരഥ ഘോഷയാത്ര കാണാനും അനുഗ്രഹം തേടാനുമായി ആയിരങ്ങളെത്തി. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് ക്ഷേത്രത്തിൽനിന്ന് താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര തുടങ്ങിയത്. ഗജവീരന്മാരായ ചിറയ്ക്കൽ കാളിദാസനും മരുതൂർകുളങ്ങര മഹാദേവനും ശ്രീകോവിലിൽനിന്ന് ഉത്സവമൂർത്തികളായ കാഞ്ചി കാമാക്ഷിയമ്മയുടെയും മാരിയമ്മയുടെയും തിടമ്പുകൾ തലപ്പേറ്റി. വിവിധ പുരാണകഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും കൈകൊട്ടിക്കളിയും ഘോഷയാത്രയെ വർണാഭമാക്കി. താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തെ എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിന്റെ സഹോദരീക്ഷേത്രമായാണ് കണക്കാക്കുന്നത്. താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിൽനിന്നുള്ള തിരിച്ചെഴുന്നള്ളത്ത് പുലർച്ചെ 1.30-ഓടെ എരുമത്തെരുവിൽ പ്രവേശിച്ചു. കരകമേന്തിയവരുടെ കാലുകൾ മഞ്ഞൾ വെള്ളമൊഴിച്ച് ഭക്ത്യാദരപൂർവം സ്വീകരിച്ചു. ആരതിയുഴിഞ്ഞ്, തേങ്ങയും പഴവും വഴിപാടായി സമർപ്പിച്ചു. പുലർച്ചെ മൂന്നുവരെ വഴിയോരങ്ങളിൽ കാത്തുനിന്ന ഭക്തർ വഴിപാടുകൾ നൽകി അനുഗ്രഹം തേടി. വിശ്വാസികളിൽനിന്നുള്ള വഴിപാടു സ്വീകരിച്ച് കാഞ്ചി കാമാക്ഷിയമ്മയും മാരിയമ്മയും അനുഗ്രഹം ചൊരിയുന്നുവെന്നതാണ് സങ്കല്പം. പുലർച്ചെ നാലുമണിയോടെ എഴുന്നള്ളത്ത് അമ്പുകുത്തിയിലെത്തി. ആലപ്പുരമഠം പി.എസ്. വിവേക് നമ്പൂതിരിയുടെ നേതൃത്വത്തിൽ കരകങ്ങളിൽ പ്രത്യേകപൂജകൾ നടന്നു. അമ്പുകുത്തിയിലെ അമലോത്ഭവമാതാ ദേവാലയ കുരിശുപള്ളിക്ക് മുന്നിൽ മഹിഷാസുരന്റെ പ്രതീകമായി സ്ഥാപിച്ച വാഴയ്ക്ക് മൂന്നുവട്ടം വലംവെച്ച്, അമ്പെയ്ത് മഹിഷാസുരനെ വധിക്കുന്ന സാങ്കല്പിക ചടങ്ങ് നടന്നു. മഹിഷാസുരവധത്തിനുശേഷം വാഴ മറിച്ചിട്ട്, കരകങ്ങൾ അതത് ക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നള്ളിച്ചതോടെ നവരാത്രി ആഘോഷത്തിന് പരിസമാപ്തിയായി.

ഉത്സഘോഷക്കമ്മിറ്റി പ്രസിഡന്റ് നിഥീഷ് ലോകനാഥൻ, സെക്രട്ടറി വി.സി. ജ്യോതിഷ്, ക്ഷേത്രസമുദായക്കമ്മിറ്റി പ്രസിഡന്റ് എം.ജി. അനിൽകുമാർ, സെക്രട്ടറി എം.ആർ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.