മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി

ബ്രഹ്മസ്ഥാനക്ഷേത്ര വാർഷികോത്സവം ഇന്നും നാളെയും

മാനന്തവാടി : വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ബ്രഹ്മസ്ഥാന ക്ഷേത്ര വാർഷികോത്സവത്തിനു മുഖ്യകാർമികത്വം വഹിക്കുന്നതിനായി മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തി.

വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെ മാനന്തവാടി അമൃതാനന്ദമയീമഠത്തിലെത്തിയ അവരെ സ്വാഗതസംഘം ജനറൽ കൺവീനർ പി.കെ. സുധാകരൻ മേപ്പാടി, പ്രദീപ് താഴെയങ്ങാടി എന്നിവർ ഹാരമണിയിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ.കെ. മന്മഥൻ പൂർണകുംഭം നൽകി ആചാരവിധി പ്രകാരം സ്വീകരിച്ചു. പി.സി. ഷജിൽ കുമാർ, ഭാര്യ വി.എസ്. അനിത എന്നിവർ പാദപൂജ ചെയ്തു. മാനന്തവാടി മഠാധിപതി സ്വാമിനി ദീക്ഷിതാമൃത ചൈതന്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ഒൻപതുവർഷത്തിനുശേഷമാണ് അമൃതാനന്ദമയി മാനന്തവാടിയിലെത്തിയത്. മഠത്തിലെ മുതിർന്ന സന്ന്യാസശിഷ്യരും ആശ്രമ അന്തേവാസികളും അവർക്കൊപ്പം എത്തിയിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെള്ളിയാഴ്ച രാവിലെ 11-ഓടെ അവരെത്തും. തുടർന്ന് വിശിഷ്ടവ്യക്തികൾ അവരെ ഹാരാർപ്പണം ചെയ്യും. ധ്യാനം, സത്സംഗം ഭജന എന്നിവയ്ക്കുശേഷം അമൃതാനന്ദമയി ദർശനം നൽകും. അവരെ കാണാനും യജ്ഞത്തിൽ പങ്കുചേരാനുമായി എത്തുന്നവർക്കെല്ലാം വേണ്ട സജ്ജീകരണങ്ങളും ആശ്രമത്തിൽ ഒരുക്കിയതായി സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. എത്തുന്നവർക്കെല്ലാം ഭക്ഷണവും കുടിവെള്ളവും നൽകാനുള്ള ക്രമീകരണം ബ്രഹ്മസ്ഥാന പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

ക്രമീകരണം ഒരുക്കി

വാഹനങ്ങളുടെ ബാഹുല്യത്താലുണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്. ബസ്, ലോറി, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്കുചെയ്യാൻ വള്ളിയൂർക്കാവ് മൈതാനത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യൻ ബാങ്ക് ശാന്തിനഗർ മൈതാനത്തും പാറക്കൽ ഓഡിറ്റോറിയത്തിലും വാടേരി ശിവക്ഷേത്രത്തിലും പടച്ചിക്കുന്ന് റോഡ് കവലയിലും നാലുചക്രവാഹനങ്ങൾ നിർത്തിയിടാം. പടച്ചിക്കുന്ന് കവലയുടെ വലതുവശത്ത് ഇരുചക്രവാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൊയിലേരി ഭാഗത്തുനിന്ന്‌ വരുന്ന വലിയ വാഹനങ്ങൾ പരമ്പര ഹോട്ടലിന് സമീപത്തുള്ള മൈതാനത്ത് ആളുകളെ ഇറക്കി വള്ളിയൂർക്കാവ് മൈതാനത്തെത്തി നിശ്ചയിച്ച സ്ഥലത്ത് പാർക്കുചെയ്യണം. ഇതേ ഭാഗത്തുനിന്നുവരുന്ന നാലു ചക്രവാഹനങ്ങൾ വടേരി അമ്പലത്തിന്റെ മൈതാനത്തും ഇന്ത്യൻ ബാങ്കിന് സമീപത്തുള്ള മൈതാനത്തും പാർക്കുചെയ്യണം. മാനന്തവാടി ഭാഗത്തുനിന്ന്‌ വരുന്ന വലിയ വാഹനങ്ങൾ ബസ് എന്നിവ മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പടച്ചിക്കുന്ന് കവലയിൽ ആളുകളെ ഇറക്കി വള്ളിയൂർക്കാവ് മൈതാനത്തെത്തി നിശ്ചയിച്ച സ്ഥലത്ത് പാർക്കുചെയ്യണം. ഇതേ ഭാഗത്തുനിന്ന്‌ വരുന്ന നാലുചക്രവാഹനങ്ങൾ മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പടച്ചിക്കുന്ന് കവലയിൽ ആളുകളെയിറക്കി പാറക്കൽ ഓഡിറ്റോറിയം മൈതാനത്ത് പാർക്കുചെയ്യണം. മാനന്തവാടി- വള്ളിയൂർക്കാവ് റോഡിൽ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. ടോക്കൺ സമ്പ്രദായത്തിലാണ് ദർശത്തിന്‌ അവസരം നൽകുക. ഇത് സുഗമമാക്കുന്നതിനായി വൊളന്റിയർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്.

അമലഭാരതം; ശുചീകരണയജ്ഞം നടത്തി

മാനന്തവാടി ബ്രഹ്മസ്ഥാന ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി മാനന്തവാടി മാതാ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം നടത്തി.

അമൃതാനന്ദമയി വിഭാവനം ചെയ്ത 'അമലഭാരതം' പദ്ധതിയുടെ ഭാഗമായി വടേരി ശിവക്ഷേത്രംമുതൽ വള്ളിയൂർക്കാവ് കവല വരെയുള്ള ഭാഗങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. അമൃത യുവ ധർമധാര പ്രവർത്തകരുൾപ്പെടെ ഒട്ടേറെപ്പേർ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. മഠാധിപതി ദീക്ഷിതാമൃത ചൈതന്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.