ചെറുകാട്ടൂരിലെ ട്രാൻസ്ഫോർമറിന് സുരക്ഷയൊരുക്കി

പനമരം : പനമരം കൈതക്കൽ-കൊയിലേരി-മാനന്തവാടി റോഡിലെ ചെറുകാട്ടൂർ ടൗണിൽ അപകടക്കെണിയായി നിന്ന ട്രാൻസ്ഫോർമറിനെക്കുറിച്ച് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നടപടി. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ശനിയാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി അപകടഭീഷണി ഒഴിവാക്കി. ചെറുകാട്ടൂർ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയുടെ മുന്നിലായി റോഡിനോട് ചേർന്ന് ഒരു സുരക്ഷാകവചവുമില്ലാതെയായിരുന്നു ട്രാൻസ്ഫോർമർ. റോഡരികിലായതിനാൽ സ്ഥലപരിമിതിമൂലം സംരക്ഷണവേലി ഒരുക്കാനാവില്ല. എങ്കിലും ഫ്യൂസുകൾ അടിഭാഗത്തുനിന്ന് ഒന്നരമീറ്ററോളം ഉയർത്തിവെച്ച് അതിനുചുറ്റും കവചം ഒരുക്കിയിരിക്കുകയാണ്. ഇതോടെ അപകടഭീഷണിക്ക് പരിഹാരമായി.
ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനും കച്ചവട സ്ഥാപനങ്ങൾക്കും തൊട്ടടുത്ത്, റോഡിനോട് ചേർന്നാണ് ട്രാൻസ്ഫോർമർ.
ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ജില്ലയിലെ പ്രധാന പാതയോരമാണിത്. വാഹനാപകടങ്ങളും ഇവിടെ പതിവാണ്. സ്കൂൾകുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസവും ഇതിന്റെ ചുവട്ടിലൂടെയാണ് നടന്നുപോകുന്നത്. കൈയൊന്നുനീട്ടിയാൽ ഫ്യൂസുകളിലും വയറുകളിലും തട്ടുന്ന അവസ്ഥയായിരുന്നു.പള്ളിയിൽ ആരാധനയ്ക്കെത്തുന്നവരും ബസ് കാത്തുനിൽക്കുന്നവരും കടകളിൽ വരുന്നവരുമെല്ലാം ഈ ട്രാൻസ്ഫോർമറിന് തൊട്ടടുത്തുകൂടിയാണ് സഞ്ചരിക്കുന്നത്. ഏതായാലും അപകടം നടന്നതിനുശേഷം പരിഹാരം തേടുന്നതിന് പകരം മുൻകൂട്ടി സുരക്ഷയൊരുക്കണമെന്ന ആവശ്യം വാർത്തയ്ക്ക് പിന്നാലെ നടപ്പായതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാർ.