ഡി.ആർ. മേഘശ്രീ ചുമതലയൊഴിയാനെത്തി കുഞ്ഞുവാവയ്ക്കൊപ്പം

കല്പറ്റ: വയനാട് കളക്ടറുടെ ചുമതലയെടുക്കാൻ ഡി.ആർ. മേഘശ്രീ മൂന്നുവർഷംമുൻപ് എത്തിയത് കുടുംബത്തിനൊപ്പമാണ്. ചൂരൽമല- മുണ്ടക്കൈ ദുരന്തവും പുനരധിവാസവും ഉൾപ്പെടെ വയനാട് പൊരുതിയ കാലം നാടിനൊപ്പംനിന്ന കളക്ടർ ചൊവ്വാഴ്ച ചുമതലയൊഴിയാൻ എത്തിയതും കുടുംബവുമൊത്തുതന്നെ, പക്ഷേ, താരമായത് ദിവസങ്ങൾ പ്രായമുള്ള കൈക്കുഞ്ഞാണ്. കുഞ്ഞുമകളെ കാണാനും കളക്ടറോട് യാത്രപറയാനും സഹപ്രവർത്തകരെല്ലാം ഓടിയെത്തി.
തിരുവോണത്തലേന്നാണ് കളക്ടർക്ക് മകൾ പിറന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ശാരീരികാസ്വാസ്ഥ്യം തോന്നി നേരേ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. സെപ്റ്റംബർ ഒന്നുമുതൽ അവധിയിൽ പ്രവേശിക്കാനിരുന്ന കളക്ടർ കുഞ്ഞിന്റെ ജനനത്തോടെ ഓഗസ്റ്റ് 25 മുതൽ അവധിയിലായിരുന്നു. എ.ഡി.എമ്മിനായിരുന്നു പകരം ചുമതല.
ഡി.ആർ. മേഘശ്രീ വയനാട്ടിലെത്തി രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു ചൂരൽമല-മുണ്ടക്കൈ ദുരന്തം. ദുരന്തത്തിലെ രക്ഷാപ്രവർത്തനവും പുനരധിവാസവും ഏറെ ശ്രദ്ധനേടി.
ദുരന്തബാധിത കുടുംബങ്ങളുമായി വൈകാരികമായ അടുപ്പവും ഡി.ആർ. മേഘശ്രീ സൂക്ഷിച്ചിരുന്നു. ഇതിനിടെ നടന്ന തിരഞ്ഞെടുപ്പുകളും മനുഷ്യ-വന്യജീവി സംഘർഷവുമുൾപ്പെടെയുള്ള വിഷയങ്ങളും നല്ലരീതിയിൽ കൈകാര്യംചെയ്തു.
വയനാട്ടിലേക്ക് വരുമ്പോൾ എന്തെല്ലാം ചെയ്യാനാഗ്രഹിച്ചുവോ, അതിനേക്കാളേറെ വയനാട് തനിക്കു തിരിച്ചുനൽകിയെന്ന് ഡി.ആർ. മേഘശ്രീ പറഞ്ഞു. പ്രതിസന്ധികളും അനുഭവങ്ങളും പാഠമായി, അംഗീകാരങ്ങളും വയനാട് നൽകിയ സ്നേഹവും തന്റെ ആത്മവിശ്വാസമുയർത്തിയെന്നും മേഘശ്രീ പറഞ്ഞു.
കളക്ടർചുമതല ഒഴിയുന്നുവെങ്കിലും പ്രസവാവധി അവസാനിക്കുംവരെ വയനാട്ടിൽ തുടരും. കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്ന മൂത്തകുട്ടികളുടെ അധ്യയനവർഷംകൂടി കണക്കിലെടുത്താണിത്.
ഭർത്താവ് വിക്രം സിംഹയും മക്കളായ വിസ്മയയും ദൃതിയും മേഘശ്രീക്കൊപ്പമുണ്ടായിരുന്നു. പുതിയ കളക്ടർ ചെൽസാസിനി ബുധനാഴ്ച ചുമതലയേൽക്കും.