കഥകൾ പറഞ്ഞും കാഴ്ചകൾ കണ്ടും വയോജനങ്ങൾക്ക് ഉല്ലാസയാത്രയൊരുക്കി ജനമൈത്രി പോലീസ്

കല്പറ്റ : കഥകൾ പറഞ്ഞും കാഴ്ചകൾ കണ്ടും പോലീസിനൊപ്പമുള്ള ഉല്ലാസ യാത്ര ആഘോഷമാക്കി വയോജനങ്ങൾ. വനക്കാഴ്ചകൾ മുത്തങ്ങ ആനപ്പന്തിയിലെ ആനകൾ, അങ്ങനെ കുറേ കാഴ്ചകൾ. 87 വയസ്സുള്ള ലക്ഷ്മിയമ്മയും 80 വയസ്സുള്ള എൽസമ്മയും കേശവനും, നാരായണനുമെല്ലാം വാർധക്യത്തിന്റെ അവശതകൾ മറന്ന് കാഴ്ചകൾ ആസ്വദിച്ചു.
ആന വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്തവരാണല്ലോ...’ വേണമെങ്കിൽ ആന ഓടി രക്ഷപ്പെട്ടോട്ടെ’ താമശകൾ പറഞ്ഞും ചിരിച്ചും അവർ ആകുലതകൾ മറന്നു. കല്പറ്റ ക്ലാര ഭവൻ, പഴൂർ സെയ്ന്റ് മാത്യൂസ് ഭവൻ എന്നീ വൃദ്ധ സദനങ്ങളിലെ താമസക്കാരാണ് പോലീസിനൊപ്പം ഉല്ലാസ യാത്ര പോയത്.
ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഉല്ലാസയാത്ര. 'പ്രശാന്തി' പദ്ധതിയുടെ ഭാഗമായി വനം വകുപ്പിന്റെ സഹകരണത്തോടെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലേക്കായിരുന്നു യാത്ര. വയോജനങ്ങൾക്ക് മാനസിക ഉല്ലാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തിയത്. നടക്കാൻ പ്രയാസമുള്ളവരെ പോലീസുകാരും വൃദ്ധ സദനത്തിലെ ജീവനക്കാരും കൗൺസിലർമാരും ചേർന്ന് കൈ പിടിച്ചു നടത്തി.
കാടിന്റെ കാഴ്ചകൾ ആസ്വദിക്കാൻ വന്യജീവി സഫാരിയും ഒരുക്കിയിരുന്നു. ഗായകൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും ഒരുക്കിയതോടെ ആവേശമായി. പോലീസ് ഉദ്യോഗസ്ഥരും വയോജനങ്ങളും പാട്ടുകൾ പാടിയും കൈയടിച്ചും ഒപ്പം കൂടി. സഫാരിക്കിടെ വയനാട് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ആൻഡ് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ വയോജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
കല്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിൻ ക്ലാര ഭവനിൽ ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് ബസിലായിരുന്നു മുത്തങ്ങ വന്യജീവി സങ്കേതത്തിലെത്തിലേക്കുള്ള യാത്ര. ബത്തേരിയിലെ പരിപാടിയിൽ ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം മുഖ്യാതിഥിയായി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.കെ. സുന്ദരൻ, ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ എൻ.കെ. ദാമോദരൻ, എ.എസ്.ഐമാരായ എൻ. ബഷീർ, കെ.എം, അലാവുദ്ദീൻ, എ.ബി. ശ്യാം ലാൽ, സജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.