ടൗൺവികസനം: പടിഞ്ഞാറത്തറയിൽ ഒരുക്കങ്ങൾ തുടങ്ങി

പടിഞ്ഞാറത്തറ : ടൗൺവികസനത്തിന്റെ മുന്നോടിയായി പടിഞ്ഞാറത്തറ ടൗണിൽ കെട്ടിടങ്ങളുടെ മുൻഭാഗം പൊളിക്കൽ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മുതലുള്ള കെട്ടിടങ്ങളുടെ നടപ്പാതയിലേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ പൊളിക്കുന്നത്.
വീതിയുള്ള നടപ്പാതകൾ, സുരക്ഷാ കൈവരികൾ, പൂച്ചെട്ടികൾ സ്ഥാപിക്കൽ തുടങ്ങിയ ഇവിടെ യാഥാർഥ്യമാകും. ജില്ലയിൽ ടൂറിസം സാധ്യതകളുമായി ഏറ്റവും വേഗത്തിൽ വികസിക്കുന്ന ടൗണുകളിലൊന്നാണ് പടിഞ്ഞാറത്തറ. ഇതിനനുസരിച്ചുള്ള നഗരവികസനമാണ് നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്. ശൗചാലയങ്ങൾ, ബസ് സ്റ്റാൻഡ് വികസനം, ട്രാഫിക് ക്രമീകരണങ്ങൾ, ബൈപ്പാസുകൾ എന്നിവയെല്ലാം ലക്ഷ്യങ്ങളാണ്.
കെ.എസ്.ടി.പി. ഫണ്ടിൽ തരുവണ മുതൽ പടിഞ്ഞാറത്തറവരെയുള്ള റോഡ് നവീകരണ പ്രവൃത്തികൾ തുടങ്ങാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ടൗൺ ഭാഗങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് വീതികൂട്ടാനുള്ള നടപടികൾ കൈക്കൊള്ളുന്നത്. പഞ്ചായത്ത് കെട്ടിടത്തിന്റെ മുൻഭാഗമാണ് ആദ്യം പൊളിച്ചു തുടങ്ങിയത്. റോഡ് വീതികൂട്ടുന്നതോടെ കല്പറ്റ റോഡ്, ഡാം സൈറ്റ് റോഡ്, മാനന്തവാടി റോഡ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. നിലവിലുള്ള ബസ് സ്റ്റാൻഡിന് പരിമിതികളുണ്ട്.
വർധിച്ച വാഹനത്തിരക്കും യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുത്ത് സൗകര്യപ്രദമായ ബസ് സ്റ്റാൻഡ് എന്നതാണു ലക്ഷ്യം. ഇതിനായി ബസ് സ്റ്റാൻഡിനോടു ചേർന്ന ബാണാസുരസാഗർ ഇറിഗേഷൻ പ്രോജക്ടിന്റെ നിലവിൽ ഉപയോഗിക്കാത്ത സ്ഥലം വിട്ടുകിട്ടണമെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടി ലഭ്യമായാൽ പടിഞ്ഞാറത്തറ അങ്ങാടിയുടെ മുഖച്ഛായ മാറും.