മാത്തൂർവയലിലെ പമ്പ് ഹൗസ്നോക്കുകുത്തി

കർഷകർക്ക് കഷ്ടപ്പാട്
പനമരം : മാത്തൂർവയലിലെ നെൽപ്പാടങ്ങൾ വിണ്ടുകീറുമ്പോൾ വെള്ളം എത്തിക്കാനുള്ള പമ്പ് ഹൗസ് നോക്കുകുത്തിയാവുന്നതിൽ പ്രതിഷേധം.
കൊടുംചൂടിൽ മാത്തൂർവയലിലെ മഞ്ഞളിപ്പ് ബാധിച്ചും നിലം വിണ്ടുകീറിയതു കാരണവും നഞ്ചക്കൃഷി നശിക്കുമ്പോഴും ആവശ്യത്തിനു വെള്ളം എത്തിക്കാത്തതാണ് കർഷകരുടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ നെൽപ്പാടങ്ങളിൽപ്പെടുന്ന മാത്തൂർവയലിലെ 1000 ഏക്കറോളം വരുന്ന വയലുകളിലേക്ക് വെള്ളം എത്തിക്കാനായി മൂന്നുവർഷം മുമ്പാണ് പനമരം വലിയ പുഴയോരത്ത് പമ്പ് ഹൗസ് സ്ഥാപിച്ചത്. നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി ഇതുവരെയും കമ്മിഷൻ ചെയ്തിട്ടില്ല. ഇവിടെ വെള്ളം പമ്പ് ചെയ്യുന്നതിനായി ഓപ്പറേറ്ററും നിലവിലില്ല. 25 എച്ച്.പി.യുടെ മോട്ടോറാണ് പാടങ്ങളിലേക്ക് വെള്ളം എത്തിക്കാനായി സ്ഥാപിച്ചിട്ടുള്ളത്. ഇവ കേടാകുന്നതും പതിവാണ്.
അറ്റകുറ്റപ്പണികൾ തകൃതി, പക്ഷേ...
മൂന്നാഴ്ച മുമ്പ് നാട്ടിയിറക്കാൻ വെള്ളം എത്താത്തതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലടിഞ്ഞ എക്കലും ചെളിയും മറ്റും കോരി മാറ്റുകയും മോട്ടോറിൽ കുടുങ്ങിയ തുണികൾ ഉൾപ്പെടെ ആളിറങ്ങി വൃത്തിയാക്കിയും താത്കാലികമായി വെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും പഴയ അവസ്ഥയിലായി. ഇതോടെ വെള്ളം ലഭിക്കാതെ കർഷകർ പ്രയാസത്തിലായി. കർഷകർ വീണ്ടും പ്രതിഷേധം കടുപ്പിച്ചതോടെ കഴിഞ്ഞദിവസം മോട്ടോർ അഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇനിയും ശാശ്വത പരിഹാരം ആയിട്ടില്ല. സാധാരണ ഓണത്തിന് മുന്നേ കഴിയുന്ന നാട്ടിപ്പണി ഇത്തവണ വെള്ളമില്ലാത്തതിനാൽ ഏറെ വൈകിയാണ് തുടങ്ങിയത്.
മഴയുടെ കുറവും പ്രതിസന്ധി വർധിപ്പിച്ചു. വയലിനക്കരെ പുഴയും പമ്പ് ഹൗസും ഉണ്ടായിട്ടും കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാത്തത് അധികൃതരുടെ കനത്ത അനാസ്ഥ മൂലമാണെന്നും പമ്പ് ഹൗസ് ഒരുക്കിയതിൽ തന്നെ അപാകം ഉള്ളതായും കർഷകർ പറയുന്നു.
വേണം, 50 എച്ച്.പി. യുടെ രണ്ട് മോട്ടോറുകൾ
25 എച്ച്.പി. യുടെ മോട്ടോർ നീണ്ടു കിടക്കുന്ന പാടത്തിന് പര്യാപ്തമല്ല. അതിനാൽ ഉടൻ 50 എച്ച്.പി.യുടെ രണ്ട് മോട്ടോറുകൾ സ്ഥാപിക്കണം. ഇതിനകത്തേക്ക് തുണികളും കല്ലും കയറും മറ്റും കയറാതിരിക്കാൻ സംവിധാനം കാണണം. പൈപ്പ് ലൈനിലെ ചോർച്ചമാറ്റി പദ്ധതി ഉടൻ കമ്മിഷൻ ചെയ്യണമെന്നുമാണ് കർഷകരുടെ ആവശ്യം.