സാഹസിക വിനോദസഞ്ചാരം: സാധ്യതകൾ ചർച്ചചെയ്യാൻ പ്രിയങ്കാഗാന്ധിയെത്തി

തിരുവമ്പാടി : മലയോരമേഖലയിലെ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസംപ്രവർത്തകരുമായി സംവദിച്ച് പ്രിയങ്കാഗാന്ധി എം.പി. വൈറ്റ് വാട്ടർ കയാക്കിങ്, ഓഫ് റോഡ് റൈഡ്, പാരാഗ്ലൈഡിങ്, വാട്ടർ തീം പാർക്ക് തുടങ്ങിയവ നടത്തുന്നവർ നേരിടുന്ന പ്രയാസങ്ങളും അവരുടെ ആവശ്യങ്ങളും പ്രിയങ്കാ ഗാന്ധിയുമായി പങ്കുവെച്ചു. കക്കാടംപൊയിൽ കുരിശുമല ടൂറിസ്റ്റ് കേന്ദ്രം വികസിപ്പിക്കണമെന്നും പുലിക്കയം അന്താരാഷ്ട്ര കയാക്കിങ് സെന്ററിലേക്ക് ഉപകരണങ്ങൾ അനുവദിക്കണമെന്നും ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും കയാക്കിങ് ഡൈവിങ് റാമ്പുകൾ നിർമിക്കണമെന്നും ആവശ്യമുയർന്നു.

ഓഫ് റോഡ് റൈഡിങ്ങിന് വിവിധ സർക്കാർ വകുപ്പുകളിൽനിന്ന്‌ അനുമതി ലഭിക്കുന്നതിനുള്ള പ്രയാസങ്ങളും ഗതാഗതവകുപ്പിന്റെ കർശന നിയന്ത്രണങ്ങൾമൂലം ഉണ്ടാകുന്ന പ്രയാസങ്ങളും എം.പിയെ ധരിപ്പിച്ചു. തുഷാരഗിരി ടുറിസ്റ്റ് കേന്ദ്രത്തിൽ വനത്തിലൂടെ വയനാട് വൈത്തിരിയിലേക്കും മേപ്പാടി തൊള്ളായിരംകണ്ടിയിലേക്കും ട്രക്കിങ് പുനരാരംഭിക്കണമെന്നും കോടഞ്ചേരി തേവർമലയിൽ വിനോദ സഞ്ചാരികൾക്കായി വാച്ച്ടവർ നിർമിക്കണമെന്നും എം. പിക്ക് മുന്നിൽ ആവശ്യം ഉയർന്നു.

റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, സി. കെ. കാസിം എം.എൽ.എ, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ തുടങ്ങിയവർ പങ്കെടുത്തു.

‘ഗ്യാനേഷ് കുമാർ രാജിവെക്കണം’

മലപ്പുറം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് പ്രിയങ്കാ ഗാന്ധി എം.പി. മലപ്പുറം കളക്ടറേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

തിരഞ്ഞെടുപ്പിനു മുൻപ്‌ ബി.ജെ.പി. തങ്ങൾക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണത്തിൽ അമിത ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. ഇൗ ആത്മവിശ്വാസം എവിടെനിന്നാണ് കിട്ടുന്നത്. തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ച് അവർ എന്താണ് പറയുന്നതെന്ന് കേൾക്കൂ. ആരും അവരിൽ സന്തുഷ്ടരല്ല. തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കുന്നതിനായി ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമവിരുദ്ധമായി ഒത്താശ ചെയ്തുകൊടുക്കുകയാണ്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരേ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങൾക്കെതിരേ ‘ഇന്ത്യാ’സഖ്യത്തിലെ എല്ലാ പാർട്ടികളും ഒന്നിച്ച് പ്രതിഷേധിക്കും. ബി.ജെ.പി.യുടെ പൂർണ്ണ പിന്തുണയോടും നിർദ്ദേശത്തോടും കൂടിയാണ് ഇലക്‌ഷൻ കമ്മിഷണർ ഇത്രയും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നത്. ഇത് രാജ്യദ്രോഹത്തിന് തുല്യമായ കുറ്റമാണ്.

വയനാട്ടിലെ പുനരധിവാസപ്രവർത്തനത്തിൽ തൃപ്തിയുണ്ടെന്നും കോൺഗ്രസ് വാഗ്ദാനംചെയ്ത നൂറ് വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.