അവിശ്വാസം പരാജയം

പൂതാടിയിൽ വൈസ് പ്രസിഡന്റിന് എതിരായ അവിശ്വാസവും പരാജയപ്പെട്ടു

സി.പി.എം. വിമതർ വിട്ടുനിന്നു

യു.ഡി.എഫിന് വീണ്ടും തിരിച്ചടി

കേണിച്ചിറ : പൂതാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബാബുവിനെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു. വോട്ടെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാലാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.

അവിശ്വാസ പ്രമേയ ചർച്ചയ്ക്കുശേഷം നടന്ന വോട്ടെടുപ്പിൽ, യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് എട്ടും വോട്ടുകൾ വീതമാണ് ലഭിച്ചത്. ബി.ജെ.പി. യുടെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന്‌ സി.പി.എം. വിമതയംഗങ്ങളായ എ.വി. ജയനും എ.എം. പ്രസാദും വിട്ടുനിന്നു. ഇവരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാനാകുമെന്നായിരുന്നു യു.ഡി.എഫ്. മുൻപ് കണക്കുകൂട്ടിയിരുന്നത്.

കഴിഞ്ഞ 23-ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണനെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയവും ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തതിനാൽ പരാജയപ്പെട്ടിരുന്നു. പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവിശ്വാസ പ്രമേയവും പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. സി.പി.എം. വിമതയംഗങ്ങളെ കൂടെ നിർത്തി പൂതാടി പഞ്ചായത്തിന്റെ ഭരണം തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. 23 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും പത്ത് വീതവും ബി.ജെ.പി. ക്ക്‌ മൂന്നും അംഗങ്ങളാണുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തുല്യവോട്ടുകൾ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ ബിന്ദു ബാബു തിരഞ്ഞെടുക്കപ്പെട്ടത്.

യു.ഡി.എഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് സി.പി.എമ്മിലെ ഇ.കെ. ബാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിലെ മൂന്ന് സ്ഥിരംസമിതികളുടെ അധ്യക്ഷ സ്ഥാനവും യു.ഡി.എഫിനാണ്. സി.പി.എമ്മിനുള്ളിലെ രൂക്ഷമായ വിഭാഗീയതയുടെ ഫലമായി എ.വി. ജയനും എ.എം. പ്രസാദും സ്ഥിരം സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സഹകരിക്കാതിരുന്നതോടെയാണ് യു.ഡി.എഫിന് വിജയമുണ്ടായത്.

വിമതരുടെ നിലപാട് നിർണായകം

: അവിശ്വാസ പ്രമേയത്തെ തുടർന്ന് രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറഞ്ഞ പൂതാടിയിൽ ഭരണകാര്യങ്ങളിൽ സി.പി.എമ്മിലെ വിമത അംഗങ്ങളായ എ.വി. ജയനും എ.എം. പ്രസാദും എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. നിലവിലെ എൽ.ഡി.എഫ്. ഭരണസമിതിക്ക്‌ എട്ട് അംഗങ്ങളുടെ പിന്തുണ മാത്രമേയുള്ളു. ഭരണസമിതിയിൽ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയില്ലാതെ ഭരണകാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എൽ.ഡി.എഫിന് വലിയ വെല്ലുവിളിയാണ്.

യു.ഡി.എഫുമായി സഹകരിച്ചുപോകുന്നതിന് ധാരണയിലെത്തിയിരുന്ന സി.പി.എം. വിമതന്മാർ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാതെ മാറിനിന്നതോടെ ഈ ബന്ധം വഷളായി. പാർട്ടിയുമായുള്ള സകലബന്ധങ്ങളും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചിരുന്ന ഈ വിമതന്മാർ സി.പി.എമ്മിലേക്ക് തിരിച്ചുപോകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.