പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു

പുല്പള്ളി : ജനവാസമേഖലയിലിറങ്ങി ഭീതിപടർത്തുന്ന പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം മുൻപ്‌ കണ്ടെത്തിയ കുന്നത്തുകവലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല, കുന്നത്തുകവല, ചണ്ണോത്തുകൊല്ലി, ആലത്തൂർ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ട്.

രണ്ടുദിവസം മുൻപ് കുന്നത്തുകവലയിലെ അയിനാട്ടുമോളേൽ മോളിയുടെ ആടിനെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. വീടിനോട് ചേർന്ന കൂട്ടിൽ കെട്ടിയിരുന്ന ആടിനെ രാത്രി 11 മണിയോടെയാണ് പുലി പിടിച്ചത്.

ബഹളംകേട്ട് വീട്ടുകാർ ഉണർന്നെത്തിയതോടെ ആടിനെ ഉപേക്ഷിച്ച് പുലി കടന്നുകളഞ്ഞു. അരമണിക്കൂറിനുള്ളിൽ തൊട്ടടുത്ത പ്രദേശമായ ചണ്ണോത്തുകൊല്ലിയിലെത്തിയ പുലി വാലുമ്മൽ ആന്റണിയുടെ വീട്ടുമുറ്റത്തുകെട്ടിയിട്ടിരുന്ന വളർത്തുനായയെ ആക്രമിച്ചു കൊന്നിരുന്നു. ചങ്ങലയിൽ കെട്ടിയിട്ടിരുന്നതിനാൽ നായയെ പുലിക്ക്‌ വലിച്ചുകൊണ്ടുപോകാനായില്ല.

സംഭവസ്ഥലം പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ വളർത്തുമൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് പുലിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇതിന്റെ തുടർച്ചയായാണ് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചത്.

ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ, പുല്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ. നിജേഷ് എന്നിവരുടെ നേതൃത്വത്തിൽ മേഖലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കർണാടക വനത്തിൽ നിന്നിറങ്ങിയ പുലി

പ്രദേശത്ത് നിരീക്ഷണത്തിനായി വിവിധയിടങ്ങളിൽ ക്യാമറാ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും രാത്രിയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കർണാടക വനത്തിൽ നിന്നിറങ്ങിയ പുലിയാണ് ജനവാസമേഖലയിലിറങ്ങി ഭീതിപടർത്തുന്നത്. കഴിഞ്ഞദിവസങ്ങളിൽ ആലത്തൂർ-ശശിമല റോഡ് മുറിച്ചുനീങ്ങുന്ന പുലിയെ പലരും കണ്ടിരുന്നു.