നാടിന്റെ സ്നേഹമേറ്റുവാങ്ങി ടി.എസ്. മനു

ഏഷ്യൻഗെയിംസിലെ മെഡൽത്തിളക്കം

മുട്ടിൽ : ഏഷ്യൻ ഗെയിംസിൽ ഇരട്ടമെഡൽ നേടി അഭിമാനമായ ടി.എസ്. മനുവിന് ജന്മനാടിന്റെ ആവേശോജ്ജ്വല സ്വീകരണം. നാസിക് ഡോളിന്റെ അകമ്പടിയിൽ മുത്തുക്കുടകളുടെ വർണങ്ങളിൽ റോഡ് ഷോയായായി മനുവിനെ മുട്ടിൽ ബസ് സ്റ്റാൻഡിലേക്ക് സ്വീകരിച്ചാനയിച്ചു. റോഡ്ഷോയ്ക്കിടെ പടക്കംപൊട്ടിച്ചും ആഘോഷം. തുറന്ന വാഹനത്തിൽനിന്ന് മനു കൈവീശി. മനുവിന് അഭിനന്ദനമർപ്പിക്കാൻ ഒട്ടേറെയാളുകൾ റോഡരികിലും മുട്ടിൽ ടൗണിലും കാത്തുനിന്നിരുന്നു. എടപ്പെട്ടിയിൽനിന്ന് മനുവിനെ സ്വീകരിച്ച് മുട്ടിൽ വ്യവസായകേന്ദ്രത്തിന് സമീപത്തുനിന്നാണ് റോഡ്ഷോ തുടങ്ങിയത്. ബസ് സ്റ്റാൻഡിൽവെച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവനും ജനപ്രതിനിധികളും ചേർന്ന് മനുവിനെ സ്വീകരിച്ചു.

ഏഷ്യൻ ഗെയിംസിൽ 4x400 മിക്സഡ് റിലേയിൽ വെള്ളിമെഡലും 4x400 പുരുഷവിഭാഗം റിലേയിൽ വെങ്കലമെഡലും നേടിയ മനുവിന് മുട്ടിൽ പഞ്ചായത്തും പഞ്ചായത്ത് ലൈബ്രറി സമിതിയും ചേർന്നാണ് സ്വീകരണമൊരുക്കിയത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് സ്വീകരണപരിപാടികൾ തുടങ്ങിയത്. ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണസമ്മേളനം ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജനാ സജീവൻ ഉദ്ഘാടനംചെയ്തു. ഏഷ്യൻ ഗെയിംസിലൂടെ ലോകഭൂപടത്തിൽ നാടിന്റെ പേര് രേഖപ്പെടുത്തുകയെന്നത് ചെറിയകാര്യമല്ലെന്ന് സജന പറഞ്ഞു. ഇത്തരം സ്വീകരണങ്ങൾ വരാനിരിക്കുന്ന കായികതാരങ്ങൾക്കും പ്രചോദനമാവുമെന്നും സജന സജീവൻ പറഞ്ഞു. മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത് അധ്യക്ഷതവഹിച്ചു. മനുവിനുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. സജനാ സജീവന് വൈസ് പ്രസിഡന്റ് ലീന സി. നായർ ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് ലൈബ്രറി സമിതിക്കുവേണ്ടി പ്രസിഡന്റ് എം.കെ. ജെയിംസ്, സെക്രട്ടറി സജീഷ് കുമാർ, പഞ്ചായത്ത് ഹരിതകർമസേനയ്ക്കുവേണ്ടി കൺസോർഷ്യം പ്രസിഡന്റ് ഉഷ, സെക്രട്ടറി ജയശ്രീ, കെ.ബി.സി.ടി. വായനശാലയ്ക്കുവേണ്ടി ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ സെക്രട്ടറി സി.എം. സുമേഷ് എന്നിവരും ഉപഹാരം സമ്മാനിച്ചു. മനുവിന്റെ മാതാപിതാക്കളായ ടി.പി. സജി, ഷീല, വല്യമ്മ അച്ചാമ്മ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ആയിഷാബി, നിഷീദ് ചാഴിവയൽ, ജില്ലാപഞ്ചായത്തംഗം നസീമ, പഞ്ചായത്തംഗം കെ.എം. ജോഷി കല്പറ്റ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശശി പന്നിക്കുഴി, ഇം.എം. ഉഷ, സലാം നീലിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

‘ഉയരങ്ങളിലെത്തിച്ചത് അകമഴിഞ്ഞ പിന്തുണ’

ഏഷ്യൻ ഗെയിംസിലുൾപ്പെടെ മെഡൽ നേടാൻ സാധിച്ചത് എല്ലാവരുടെയും പിന്തുണയുള്ളതുകൊണ്ടാണെന്ന് ടി.എസ്. മനു പറഞ്ഞു. തുടക്കകാലം മുതൽ പരിശീലകർ ഉൾപ്പെടെ എല്ലാവരും പിന്തുണയും സഹായവും നൽകി. സ്വീകരണമൊരുക്കിയതിന് നന്ദിയറിയിക്കുന്നതായും മനു പറഞ്ഞു. വാഴവറ്റ കരിങ്കണ്ണിക്കുന്ന് സ്വദേശിയാണ്. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളാണ് മനു.