ഡി.പി.എം. ഓഫീസിലേക്ക് ആശവർക്കർമാരുടെ മാർച്ച്

കല്പറ്റ : വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ശൈലി ആപ്പിന് വർധിപ്പിച്ച ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, വെട്ടിക്കുറച്ച ഇൻസെന്റീവുകൾ പുനഃസ്ഥാപിക്കുക, പ്രഖ്യാപിച്ച 21,000 രൂപ ഓണറേറിയം അനുവദിക്കുക,ആശമാരെ അനധികൃതമായി വാർഡ് മാറ്റുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ നടപടി സ്വീകരിക്കുന്നതും അവസാനിപ്പിക്കുക, അമിതജോലി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, മെഡിക്കൽ ലീവിന് സമയപരിധി നിശ്ചയിക്കുന്ന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ദീപാ പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രശ്മി പ്രദീപ്, ട്രഷറർ സി.കെ. സീമന്തിനി, ഫിലോമിനാ ജോൺ എന്നിവർ സംസാരിച്ചു.