പൊളിച്ചിട്ട സ്റ്റാൻഡിൽ വാഹനങ്ങൾ കയറുന്നത് നിരോധിച്ച് നഗരസഭ

പൊടിശല്യത്തിന് പരിഹാരമാകും

മാനന്തവാടി : ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റി ബസ് ബേ നിർമിക്കുന്ന പ്രവൃത്തിക്കിടെ പൊളിച്ചിട്ട ബസ് സ്റ്റാൻഡിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കയറ്റിയിടുന്നത് മാനന്തവാടി നഗരസഭ നിരോധിച്ചു. വ്യാഴാഴ്ചമുതൽ ഇത് പ്രാബല്യത്തിൽ വരും. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റിയശേഷമാണ് സ്റ്റാൻഡിൽ ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ കയറിത്തുടങ്ങിയത്. ആഴ്ചകൾക്കുമുൻപാണ് കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റിയത്. കെട്ടിടങ്ങൾ പൊളിച്ചശേഷമുള്ള പൊടിമണ്ണിൽ ബസുകൾ കയറിയിറങ്ങുന്നത് വലിയ പൊടിശല്യത്തിന്‌ കാരണമായിരുന്നു. സ്റ്റാൻഡ് പരിസരത്തെത്തുന്നവരും ഇവിടെയുള്ള വ്യാപാരികളും അനുഭവിക്കുന്ന പ്രയാസം കഴിഞ്ഞദിവസം ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്യോഗസ്ഥരുടെയും ബസ്സുടമ, തൊഴിലാളി പ്രതിനിധികളുടെയും യോഗം വിളിച്ചത്.

ബസ് ബേ പണി പൂർത്തിയാവുന്നതുവരെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും മറ്റു സ്വകാര്യവാഹനങ്ങളും സ്റ്റാൻഡിൽ കയറരുതെന്ന് യോഗത്തിൽ നിർദേശം നൽകി. വാഹനങ്ങൾ കയറരുതെന്നുകാണിച്ച് മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കും. വാഹനങ്ങൾ കയറുന്നതൊഴിവാക്കാൻ വല വലിച്ചുകെട്ടി തടസ്സംസൃഷ്ടിക്കും. ഇതുലംഘിച്ച് സ്റ്റാൻഡിലേക്ക് വാഹനം കയറ്റുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതിയധ്യക്ഷരായ പി.വി.എസ്. മൂസ, ലേഖാ രാജീവൻ, ഷിബു കെ. ജോർജ്, ഷീജാ ഫ്രാൻസിസ്, കൗൺസിലർമാർ, മാനന്തവാടി എസ്.ഐ. ടി. ആനന്ദ്, എ.എം.വി.ഐ. ടി.എ. സുമേഷ്, നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷൈജു, ബസ്സുടമാപ്രതിനിധി എൻ.ജെ. ചാക്കോ, കെ.എസ്.ആർ.ടി.സി. പ്രതിനിധി കെ. പ്രസാദ്, തൊഴിലാളിയൂണിയൻ ഭാരവാഹികളായ സമീർ മക്കിയാട്, പി.എസ്. അഖിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.