കുരുമുളക് കൃഷി വാടുന്നു

കല്പറ്റ : മഴ കുറയുന്നത് കുരുമുളക് ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. മഴയെ പ്രധാനമായും ആശ്രയിച്ചുള്ള കൃഷിയായതിനാൽ ഈ വർഷത്തെ മഴക്കുറവിനൊപ്പം ഉയർന്നുവരുന്ന താപനിലയും കുരുമുളകുചെടികളുടെ വളർച്ചയെയും ഉത്പാദനത്തെയും സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾപ്രകാരം ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിൽ ഏറ്റവും കൂടുതൽ കുരുമുളക് കൃഷിയുള്ള അതിർത്തി പഞ്ചായത്തുകളായ പുല്പള്ളി, മുള്ളൻകൊല്ലി, പൂതാടി മേഖലകളിലാണ് മഴക്കുറവിന്റെ പ്രത്യാഘാതം കൂടുതൽ പ്രകടമാകുന്നത്. ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മഴയാണ് ഈ പ്രദേശത്ത് ലഭിച്ചത്.

മണ്ണിൽ ആവശ്യത്തിന് നനവ് ലഭിക്കുന്ന മഴ പെയ്താൽ മാത്രമേ കുരുമുളകുചെടികളിൽ പുതിയ തളിരുകളും തിരികളും ഉണ്ടാകൂ. പിന്നീട് ഈ തിരികളിലാണ് കുരുമുളക് രൂപപ്പെടുന്നത്. കർക്കടകമാസത്തിലെ മഴയിലാണ് തിരികളിൽ പരാഗണം നടക്കുക. എന്നാൽ, ഇത്തവണ പ്രതീക്ഷിച്ചതോതിൽ മഴ ലഭിക്കാത്തതിനാൽ പല ചെടികളിലും തിരികൾ പിടിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.

നിലവിൽ കുരുമുളക് ഡിസംബർ, ജനുവരി മാസങ്ങളോടെ പറിക്കാൻ പാകമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. എന്നാൽ, തുടർന്നും മഴ ലഭിക്കാതെ വരുകയും മണ്ണിലെ ഈർപ്പം കുറയുകയും ചെയ്താൽ കുരുമുളകിന്റെ വളർച്ചയെയും ഗുണനിലവാരത്തെയും ബാധിച്ചേക്കുമെന്നാണ് കർഷകരുടെ ആശങ്ക. പല കുരുമുളകുചെടികളിലും ആവശ്യത്തിന് പുതിയ തിരികൾ ഉണ്ടായിട്ടില്ല. ഉണ്ടായ തിരികളിൽത്തന്നെ കായ്‌പിടിത്തം കുറയുന്ന സാഹചര്യമുണ്ടെന്നും കർഷകർ പറയുന്നു. മഴയുടെ കുറവിനൊപ്പം പകൽസമയത്തെ ഉയർന്ന താപനിലയും മണ്ണിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്.

കുരുമുളക് കൃഷിയിൽ ഉത്പാദനം കുറയുന്നത് കർഷകരുടെ വരുമാനത്തെയും ബാധിക്കും. കൃഷിച്ചെലവ്, വളം, തൊഴിലാളികളുടെ കൂലി തുടങ്ങിയവ വർധിച്ച സാഹചര്യത്തിൽ വിളവുകുറയുന്നത് കർഷകർക്ക് ഇരട്ടിനഷ്ടമാണ് സൃഷ്ടിക്കുക. പ്രത്യേകിച്ച് കുരുമുളക് കൃഷിയെ പ്രധാന വരുമാനമാർഗമായി ആശ്രയിക്കുന്ന ചെറുകിട കർഷകരെയാണ് മഴക്കുറവ് കൂടുതലായി ബാധിക്കുക. മഴയുടെ അഭാവം ഇനിയും തുടരുകയാണെങ്കിൽ കുരുമുളകുവള്ളികളുടെ വളർച്ച മാത്രമല്ല, അടുത്ത വിളവെടുപ്പിന്റെ തോതും ഗണ്യമായി കുറയുമെന്നാണ് കർഷകരുടെ വിലയിരുത്തൽ.

വളപ്രയോഗം നടത്താൻ കഴിഞ്ഞില്ല

മുള്ളൻകൊല്ലി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കാലവർഷമെത്തിയിട്ടും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിച്ചിട്ടില്ല. മഴയില്ലാത്തതിനാൽ ഇപ്പോൾ ചെയ്യേണ്ട വളപ്രയോഗങ്ങൾപോലും നടത്താൻ കഴിയാത്ത അവസ്ഥയാണ്. ഇങ്ങനെ മഴ ലഭിക്കാതെപോയാൽ അടുത്ത വർഷത്തെ ഉത്പാദനത്തെ അത് വലിയ രീതിയിൽ ബാധിക്കും. വിളകൾക്ക് പൊഴിഞ്ഞുപോക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന ഞങ്ങളെ സംബന്ധിച്ച് ഈ സാഹചര്യം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കെ.എ. റോയ്‍മോൻ,

കർഷകൻ, പുല്പള്ളി