പുല്പള്ളി ടൗണിൽ വൻ തീപ്പിടിത്തം

രണ്ടുസ്ഥാപനങ്ങൾ കത്തിനശിച്ചു

പുല്പള്ളി : പുല്പള്ളി ടൗണിലെ താഴെയങ്ങാടിയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ രണ്ടുസ്ഥാപനങ്ങൾ പൂർണമായി കത്തിനശിച്ചു. എരിയപ്പള്ളി പുത്തൻപുരക്കൽ പി.എം. സജിയുടെ ഉടമസ്ഥതയിലുള്ള വയനാട് കോഫിൻ വർക്സ്, സജിയുടെ ഭാര്യ ഇ.എസ്. പ്രിയയുടെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ ഫ്ലവർ ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. ബുധനാഴ്ച രാത്രി 12.30-ഓടെയാണ് സംഭവം. റോഡരികിലെ കടമുറികളിൽ പ്രവർത്തിച്ചിരുന്ന രണ്ടു സ്ഥാപനങ്ങളും കെട്ടിടത്തിേനാടു ചേർന്നുള്ള മരപ്പണി ശാലയുമാണ് കത്തിയമർന്നത്. ബത്തേരിയിൽ നിന്ന്‌ ഫയർഫോഴ്‌സിന്റെ രണ്ടു യൂണിറ്റെത്തി, രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

ബുധനാഴ്ച രാത്രി പത്തുമണിവരെ സജിയും കുടുംബവും സ്ഥാപനത്തിലുണ്ടായിരുന്നു. രാത്രി 12.30-ഓടെയാണ് കെട്ടിടത്തിൽ തീപടർന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സജി സ്ഥാപനത്തിന്റെ മുൻവശത്തുണ്ടായിരുന്ന ഓക്സിജൻ സിലിൻഡറുകളും ജനറേറ്ററുകളും പാചകവാതക സിലിൻഡ റുമെല്ലാം പുറത്തേക്ക് എടുത്തുമാറ്റി. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതോടെ മറ്റൊന്നും ചെയ്യാനാവാതെ പകച്ചുനിൽക്കേണ്ടിവന്നു. സ്ഥാപനത്തിലുണ്ടായിരുന്ന ഫ്രീസറും ഫ്രിഡ്ജും ഉൾപ്പെടയുള്ള ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് തീപടർന്നതോടെ അത് പൊട്ടിത്തെറിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നു. നിമിഷ നേരത്തിനുള്ളിൽ സ്ഥാപനങ്ങളെ മുഴുവൻ തീവിഴുങ്ങി. തീപടർന്ന കെട്ടിടത്തിന്റെ താഴെനിലയിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ വിളിച്ചുണർത്തിയാണ് രക്ഷപെടുത്തിയത്.

ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് തൊട്ടുചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതെ പ്രതിരോധിക്കാനായത്. 300-ഓളം ശവപ്പെട്ടികൾ, മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസർ, ഫ്രിഡ്ജുകൾ, രണ്ട് ലോഡുമരം, സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പണിയുപകരണങ്ങൾ തുടങ്ങി സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് സജി പറഞ്ഞു. പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ 30 വർഷത്തോളമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സജിയും കുടുംബവും ഇതേ കെട്ടിടത്തിൽതന്നെയായിരുന്നു താമസം. അടുത്തിടെയാണ് ഇവർ എരിയപ്പള്ളിയിലേക്ക് താമസം മാറിയത്. ഒരു വർഷം മുൻപും ഇതേസ്ഥാപനത്തിന്റെ പിൻഭാഗത്ത് രാത്രിയിൽ ചെറിയ തീപ്പിടിത്തമുണ്ടായിരുന്നു. അന്ന് സജിയും കുടുംബവും ശബ്ദംകേട്ടുണർന്നതിനാൽ, തീയണച്ച് അപകടമൊഴിവാക്കാനായി.