രാധയ്ക്ക് ആരോടെങ്കിലും ഒന്ന് മിണ്ടണം

#രമേഷ് വെള്ളമുണ്ട

വെള്ളമുണ്ട: വർഷം പത്തോ അതോ പതിനഞ്ചോ… അതിലേറയായി ഒറ്റയ്ക്കാ… പുക ഇരുൾപടർത്തിയ പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളിൽ ഒരു ഏകാന്തജീവിതം. ഒന്നു മിണ്ടാൻപോലും ആരുമില്ല. അകത്തുനിന്നും അടഞ്ഞ വാതിൽ തുറക്കാൻ ഈ വീട്ടിലേക്ക് ആരുംവരാനുമില്ല. ഇവിടെനിന്ന്‌ ആരും എവിടേക്കും പോകാനുമില്ല. വയനാട്ടിലെ വെള്ളമുണ്ട മംഗലശ്ശേരി മലയിലെ കാട്ടുനായ്ക്ക ഉന്നതിയിലാണ് പതിറ്റാണ്ടുകളുടെ ഏകാന്തതയിൽ രാധയെന്ന ഭിന്നശേഷിക്കാരിയായ ആദിവാസി സ്ത്രീയുടെ ഒറ്റപ്പെട്ട ജീവിതം. പുറംലോകത്ത് നിന്ന്‌ ആരും അധികം എത്തിപ്പെടാനില്ലാത്ത മലയോരം. വനത്തോട് ചേർന്ന മലഞ്ചരിവിൽ മറ്റു നാലുവീടുകൾക്കരികിലായാണ് രാധയുടെ വീടുള്ളത്. ദ്രവിച്ചവാതിലും പാളികളടർന്ന ജനാലയുമുള്ള പാമ്പും പഴുതാരയുമുള്ള വീട്ടിൽ രാധ തനിച്ചായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഭർത്താവ് കുട്ടപ്പൻ മരിച്ചതോടെയാണ് രാധ വീട്ടിൽ തനിച്ചായത്. പ്രായം എത്രയായെന്ന് ഓർമ്മയില്ല. എഴുപത് കഴിഞ്ഞിട്ടുണ്ടാകും. മക്കളൊന്നുമില്ല. ബന്ധുക്കളും ഈ വഴിക്ക് വരാറില്ല. ഉന്നതിയിലെ മറ്റുള്ളവർക്കെല്ലാം ഇവർ ഒറ്റയ്ക്കാണെന്ന് മാത്രമറിയാം. ഇവരെങ്ങിനെ കഴിയുന്നു എന്നതിനൊക്കുറിച്ചൊന്നും യാതൊരു അറിവുമില്ല. അടഞ്ഞുകിടക്കുന്ന വാതിൽ അങ്ങനെതന്നെ കിടക്കും. അധികസമയവും ഇരുട്ടുമുറിയിൽ തന്നെയിരിക്കും. എത്രദിവസമായാലും അങ്ങനെ തന്നെയാണ്. ഉന്നതിയിലുള്ളവർ പറയുന്നു.

കിട്ടുന്ന പെൻഷൻ തുകയിൽനിന്ന്‌ ഓട്ടോറിക്ഷക്കാർ ആരെങ്കിലും നാലു കിലോമീറ്ററോളം ദുഷ്കരമായ മലകയറി റേഷൻ വാങ്ങി വീട്ടിലെത്തിക്കും. ഇതിലായിരിക്കണം വിശപ്പടങ്ങുന്നത്. എപ്പോഴെങ്കിലും ആശുപത്രിയിൽപോയാലുമായി. ഇങ്ങനെയൊക്കയായിരുന്നു ജീവിതം. ഇപ്പോൾ ഒന്നിനും വയ്യാതായി. ഊന്നുവടിയിൽ താങ്ങിനിന്ന് രാധ പറയുന്നു.

കാട്ടുനായ്ക്കരായ മാതന്റെയും കാളിയുടെയും മകളാണ് രാധ. ചെറുപ്പത്തിലെ വലതുകാൽ തളർന്നുപോയതിനാൽ തൊഴിൽചെയ്ത് ജീവിക്കാനും കഴിഞ്ഞില്ല. അച്ഛനും അമ്മയുമെല്ലാം നേര​േത്ത പോയി. ആകെ തുണയായുണ്ടായിരുന്ന ഭർത്താവും പോയതോടെ രാധയുടെ ജീവിതം ഈ വീടിനുള്ളിൽത്തന്നെ ഒതുങ്ങുകയായിരുന്നു. ജനാലവഴി പുറത്തേക്ക് നോക്കാൻ പോലും ഇവർക്കിന്ന് പേടിയാണ്. രാത്രിയും പകലും എല്ലാം ഒരുപോലെ. ഈ വീട് പോലും പോകുമോ എന്ന ചിന്തയിൽ ആര് പുറത്തുവന്നാലും ഇവർ വാതിൽ തുറക്കില്ല. കാടുമൂടുന്ന വീടും ഒറ്റപ്പെടുകയാണ്. ബന്ധുക്കളെല്ലാം എവിടയൊക്കയോ ഉണ്ട്. അവരാരെങ്കിലും വന്നാൽ അവർക്കൊപ്പം പോകാൻ ഇവർക്കൊരു മനസ്സുണ്ട്. ആരും വരാത്ത ഈ കാത്തിരിപ്പുകൾക്കിടയിൽ ഏകാന്തമാത്രമാണ് ഇവർക്ക് കൂട്ട്. വെയിലും മഴയുമായി എത്രയോ വർഷങ്ങൾ കഴിഞ്ഞുപോയി. അപ്പോഴും ഒറ്റയ്ക്കാണ് രാധയുടെ ജീവിതം.