ഓൺലൈനിലാണേ പശുച്ചന്ത

കല്പറ്റ : ജേഴ്സി-എച്ച്.എഫ്. ക്രോസ് പശുക്കുട്ടിയെ വേണോ, അതോ പോത്തുകുട്ടിയായാലോ. കാലിച്ചന്തയിൽപ്പോയി തൊട്ടും തലോടിയും നോക്കി വിലപേശുകയല്ല, വാട്സാപ്പ് ഗ്രൂപ്പിലെ വീഡിയോകളിൽ സൂം ചെയ്തുനോക്കി കന്നുകാലികളെ വാങ്ങുകയാണ് വയനാട്ടിലെ കർഷകർ. കന്നുകാലിച്ചന്തകൾ അന്യംനിന്നു തുടങ്ങിയ കാലത്ത് ‘പശുച്ചന്ത’യെന്ന ഡിജിറ്റൽ കൂട്ടായ്മ അക്ഷരാർഥത്തിൽ അനുഗ്രഹമാണെന്നാണ് ക്ഷീരകർഷകരുടെ അഭിപ്രായം.

ചുണ്ടേൽ സ്വദേശി അബൂബക്കർ സാദിഖും പുളിയാർമല സ്വദേശി അരുൺകുമാറുമാണ് പശുച്ചന്തയെ ഡിജിറ്റലാക്കിയതിനു പിന്നിൽ. യു.എൻ.ഡി.പി. പ്രോജക്ടറിൽ നെഹ്റു യുവകേന്ദ്രയുെട വൊളന്റിയർമാരായി കർഷകർക്കുവേണ്ടി പ്രവർത്തിച്ച പരിചയമാണ് കർഷകരുടെ ഡിജിറ്റൽ ചന്തകൾക്കുപിന്നിൽ.

ഇരുവരുടെയും സ്ഥാപനമായ ഗ്രോഫായുടെ നേതൃത്വത്തിൽ വയനാട്ടിലെ കർഷകർക്കായി കർഷകച്ചന്തയെന്ന വാട്സാപ്പ് കൂട്ടായ്മയുണ്ടായിരുന്നു. കർഷകർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവണം എന്നതിനാൽ പുതിയ ആപ്പ് പരിചയപ്പെടുത്തുന്നതിനു പകരം വാട്സാപ്പ് ഗ്രൂപ്പായാണ് പ്രവർത്തനം. ഓരോ തദ്ദേശസ്ഥാപന പരിധിയിലെ കർഷകർക്കായും അതത് പഞ്ചായത്ത്/നഗരസഭകളുടെ പേരിലായി 26 കർഷകച്ചന്ത ഗ്രൂപ്പുകൾ തയ്യാറാക്കി. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അതത് ഗ്രൂപ്പുകളിൽ ഫോട്ടോയും വിശദാംശങ്ങളും ഇട്ട് വിൽപ്പനയ്ക്കുവെക്കാം. ഉദാഹരണത്തിന് അഞ്ചുകിലോ ചേനയോ, പത്തുകെട്ട് പയറോ തുടങ്ങി നെല്ലും വാഴക്കുലയുംവരെ വിൽപ്പനയ്ക്കെത്തും. അതത് ഗ്രൂപ്പുകളിൽ തന്നെ വിറ്റുപോയില്ലെങ്കിൽ 26 ഗ്രൂപ്പുകളിലും ഉത്പന്നത്തിന്റെ വിശദാംശം എത്തും. കർഷകച്ചന്ത വിജയമായതോടെ ക്ഷീരകർഷകർ തന്നെയാണ് തങ്ങൾക്കുവേണ്ടിയും ഓൺലൈൻ ഗ്രൂപ്പുകൾ വേണമെന്ന് ആവശ്യമുന്നയിച്ചത്.

ഇപ്പോൾ 950-ഓളം ക്ഷീരകർഷകരാണ് ഗ്രൂപ്പുകളിലുള്ളത്. ആലയിൽനിന്നുള്ള കന്നുകാലികളുടെ വീഡിയോ പങ്കുവെക്കണമെന്നാണ് നിബന്ധന. വിൽപ്പന കർഷകർ പരസ്പരം കന്നുകാലികളെ കണ്ടതിനുശേഷം മാത്രം. ആഴ്ചയിൽ അഞ്ചു കാലികളെയെങ്കിലും ഗ്രൂപ്പിലൂടെ വിൽക്കുന്നുണ്ടെന്ന് അബൂബക്കർ പറയുന്നു. വയനാടിനൊപ്പം കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കർഷകരും കൂട്ടായ്മയിലുണ്ട്. ഗ്രൂപ്പിൽ അംഗമാകാൻ മൊബൈൽ: 6282856532.