വയനാടിന് വികസനമാതൃകയൊരുക്കാൻ ‘ഭൂമി’ വെബ് പ്ലാറ്റ്‌ഫോം

കല്പറ്റ : ജില്ലയെ കാർബൺ ന്യൂട്രലിൽനിന്ന് കാലാവസ്ഥാ അനുകൂലനിലയിലേക്ക് കൊണ്ടുവന്ന് സുസ്ഥിരവികസനം സാധ്യമാക്കുന്നതിനായി രൂപകല്പന ചെയ്ത പൊതു–സ്വകാര്യ–സാമൂഹിക പങ്കാളിത്ത (പി.പി.എസ്.പി.) മാതൃകയിലുള്ള ‘ഭൂമി’ പദ്ധതിയുടെ വെബ് പ്ലാറ്റ്‌ഫോം തുടങ്ങി.

സംസ്ഥാനത്ത് വികസനത്തിന് പ്രത്യേക പരിഗണന നൽകേണ്ട ജില്ലയെന്ന നിലയിലാണ് ഭൂമി പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി വയനാടിനെ തിരഞ്ഞെടുത്തത്.

ജില്ലാ വികസനപ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഭൂമി പദ്ധതി പ്രവർത്തനം ആരംഭിക്കുന്നത്. ചലച്ചിത്രതാരം മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ പദ്ധതിയുടെ പ്രധാന പങ്കാളികളിലൊന്നാണ്.

സർക്കാർ വകുപ്പുകൾ, സി.എസ്.ആർ. പങ്കാളികൾ, കോർപ്പറേറ്റുകൾ, സന്നദ്ധസംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വിദഗ്ധർ, പ്രാദേശിക സമൂഹങ്ങൾ എന്നിവയെ ഏകോപിപ്പിക്കുകയാണിതിന്റെ ലക്ഷ്യം.

വികസനപദ്ധതികൾ കണ്ടെത്തുന്നതും ആവശ്യമായ സഹായധനം ഉറപ്പാക്കുന്നതുമുതൽ പദ്ധതികളുടെ നിർവഹണവും പ്രവർത്തനപുരോഗതിയും ഏകോപിപ്പിക്കുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായകരമാകും.

കൃഷി, വിദ്യാഭ്യാസം, നൈപുണിവികസനം, ആദിവാസി–സാമൂഹിക വികസനം, കാലാവസ്ഥാ പ്രതിരോധം, പരിസ്ഥിതിസംരക്ഷണം, സുസ്ഥിര ടൂറിസം, സാങ്കേതികവിദ്യ, സംരംഭകത്വം, സ്ത്രീ–യുവജന ശാക്തീകരണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾക്കായിരിക്കും മുൻഗണന നൽകുക.

‘ഭൂമി’ പദ്ധതിയുടെ വെബ് പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി. സിദ്ദിഖ് പങ്കെടുത്തു.

ഭൂമി കോൺക്ലേവ് ഡിസംബർ 19-ന്

ഒരുവർഷം നീണ്ടുനിൽക്കുന്ന ‘ഭൂമി’ പദ്ധതിയുടെ ഭാഗമായി ഡിസംബർ 19, 20 തീയതികളിൽ വയനാട്ടിൽ ഭൂമി കോൺക്ലേവ് സംഘടിപ്പിക്കും. സർക്കാർ പ്രതിനിധികൾ, കോർപ്പറേറ്റ്–സി.എസ്.ആർ. രംഗത്തെ പ്രമുഖർ, വികസനസംഘടനകൾ, അക്കാദമിക് വിദഗ്ധർ, സാമൂഹികപ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തിരിച്ചറിയുക, വിജയകരമായ മാതൃകകളും പരിഹാരങ്ങളും അവതരിപ്പിക്കുക, ദീർഘകാല വികസനത്തിനായി വിവിധ മേഖലകളിൽ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയാണ് കോൺക്ലേവിന്റെ ലക്ഷ്യം.

കോൺക്ലേവിന്റെ ഭാഗമായി കൂട്ടായ ഉത്തരവാദിത്വത്തിന്റെയും സാമൂഹിക പുരോഗതിയുടെയും സന്ദേശം ഉയർത്തി ഡിസംബർ 20-ന് ‘വയനാട് യൂണിറ്റി റൺ’ മാരത്തൺ സംഘടിപ്പിക്കും.