കോഴിക്കോടുമുതൽ സുൽത്താൻബത്തേരിവരെ അതിവേഗ റെയിൽ; പദ്ധതി വിശദീകരിച്ച് ഇ. ശ്രീധരൻ

കോഴിക്കോട്ടുനിന്ന് ബത്തേരിയിലേക്ക് 35 മിനിറ്റ്

സുൽത്താൻബത്തേരി : അതിവേഗ റെയിൽപ്പാതയുടെ ആദ്യഘട്ടമായി കോഴിക്കോടുമുതൽ സുൽത്താൻബത്തേരിവരെയുള്ള റെയിൽപ്പാതാ പദ്ധതി വിശദീകരിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡി.എംആർ.സി.) നടത്തിയ പഠന റിപ്പോർട്ടുമായി ശനിയാഴ്ച സുൽത്താൻബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച പദ്ധതി വിശദീകരണയോഗത്തിലായിരുന്നു പ്രഖ്യാപനം.

കോഴിക്കോട്ടുനിന്ന്‌ തുടങ്ങുന്ന പാത കൊടുവള്ളി-അടിവാരം -കല്പറ്റ വഴി സുൽത്താൻബത്തേരിയിൽ അവസാനിക്കും. ആകെ 72 കിലോമീറ്ററാണ് പാതയ്ക്കുള്ളത്. പരമാവധി മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ പോകാൻ കഴിയുന്ന പാത യാഥാർഥ്യമായാൽ കോഴിക്കോട്ടുനിന്ന്‌ 35 മിനിറ്റുകൊണ്ട് സുൽത്താൻബത്തേരിയിലെത്താനാകും. 150 രൂപയായിരിക്കും കോഴിക്കോട്ടുനിന്ന്‌ സുൽത്താൻബത്തേരിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ട്രെയിനിൽ ഒരേസമയം 800 പേർക്ക് യാത്ര ചെയ്യാനാകും.

ജനജീവിതത്തെ ബാധിക്കാത്തവിധം മേൽപ്പാലങ്ങളും തുരങ്കങ്ങളും ഉപയോഗിച്ചായിരിക്കും പാത. അടിവാരം വരെ മേൽപ്പാലത്തിലെത്തുന്ന റെയിൽ അവിടെമുതൽ കല്പറ്റവരെ തുരങ്കത്തിലൂടെ കടന്നുപോകും. ആകെ 20 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെ കടന്നുപോകും. പോകുന്നതിനും വരുന്നതിനുമായി രണ്ട് തുരങ്കങ്ങൾ നിർമിക്കും. തുരങ്കം വഴിയുള്ള പാതയായതിനാൽ പാരിസ്ഥിതികാഘാതങ്ങൾ കുറവാകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ട്രെയിൻ ഒാടുന്നതിനാവശ്യമായ വൈദ്യുതി സോളാർ ഉപയോഗിച്ച് ഉണ്ടാക്കും. ബാക്കിവരുന്ന വൈദ്യുതി കെ.എസ്.സി.ബിക്ക് കൈമാറും.

അതിവേഗ റെയിൽപ്പാതയുടെ ആദ്യഘട്ടം തിരുവനന്തപുരത്തുനിന്ന്‌ കണ്ണൂരിലേക്കും രണ്ടാംഘട്ടം കണ്ണൂരിൽനിന്ന്‌ കാസർക്കോട്ടേക്കും മൂന്നാംഘട്ടത്തിൽ കോഴിക്കോട്ടുനിന്ന്‌ ബത്തേരിയിലേക്കുമായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ജില്ലയിലെ യാത്രാക്ലേശം മനസ്സിലാക്കി ഒന്നാംഘട്ടം കോഴിക്കോട് -സുൽത്താൻബത്തേരി പാതയാക്കി മാറ്റുകയുമായിരുന്നെന്ന് പദ്ധതി വിശദീകരിക്കവേ ഇ. ശ്രീധരൻ പറഞ്ഞു. റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതികളുടെ ആവശ്യവുമില്ല. സാധാരണ പാറപൊട്ടിച്ച് തുരങ്കമുണ്ടാക്കുന്ന രീതിയിൽനിന്ന്‌ വ്യത്യസ്തമായി ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് പാറതുരന്നാകും തുരങ്കം നിർമിക്കുക. ഇത് മണ്ണിടിയുന്നതും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ഇല്ലാതാക്കും.

പൂർത്തീകരണത്തിന് നാലുവർഷം

15,000 കോടി രൂപ ചെലവുവരുന്ന പദ്ധതി നാലുവർഷംകൊണ്ട് പൂർത്തിയാക്കാനാകും. മൊത്തം ചെലവിന്റെ 30 ശതമാനം സംസ്ഥാന സർക്കാരും 30 ശതമാനം കേന്ദ്രസർക്കാരും വഹിക്കും. ബാക്കി വരുന്ന 40 ശതമാനം പണം പൊതുജനങ്ങളിൽനിന്ന്‌ ഒാഹരി നൽകി സമാഹരിക്കും. സർക്കാരിനോട് ആവശ്യപ്പെട്ട അഞ്ചുകോടി രൂപ ലഭ്യമാകുന്ന മുറയ്ക്ക് ഡി.പി.ആർ. നടപടികൾ ആരംഭിക്കുമെന്നും ശ്രീധരൻ വിശദീകരിച്ചു.

പദ്ധതി വിശദീകരണ പരിപാടിയിൽ െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി. ജില്ലയുമായി ബന്ധപ്പെട്ട ഏഴ് പ്രധാന പദ്ധതികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിവേഗ റെയിൽപ്പാതയും ബൈരക്കുപ്പ പാലവുമെല്ലാം ഇതിൽ ഉൾക്കൊള്ളുമെന്നും എം.എൽ.എ. പറഞ്ഞു. സുൽത്താൻബത്തേരി നഗരസഭാധ്യക്ഷ റസീന അബ്ദുൽകാദർ, നീലഗിരി-വയനാട് എൻ.എച്ച്. ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം. റഷീദ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയപ്പാർട്ടികളും കൂട്ടായ്മകളും ഇ. ശ്രീധരനെ ആദരിച്ചു. നീലഗിരി-വയനാട് എൻ.എച്ച്. ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി, വയനാട് ചേംബർ ഒാഫ് കൊമേഴ്സ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ ശശിധരൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് തുടങ്ങിയവർ സംസാരിച്ചു.