പനമരം ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിതുടങ്ങി

പനമരം : പനമരം ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. നടപ്പാതയിലെ ഇന്റർലോക്ക് എടുത്തുമാറ്റിയശേഷം ദ്വാരമിട്ട് വെള്ളം ഓടയിലേക്ക് ഒഴുക്കുന്ന പ്രവൃത്തിയാണ് ബുധനാഴ്ച വൈകീട്ട് തുടങ്ങിയത്.
ചെറിയ മഴപെയ്താൽപ്പോലും പനമരം ടൗണിലെ നടപ്പാതകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നടപ്പാത നിറഞ്ഞൊഴുകി കടകളിൽ വെള്ളംകയറാനും ഇടയാക്കുകയാണ്. കഴിഞ്ഞ ആഴ്ച പത്തിലേറെ കടകളിൽ വെള്ളംകയറി. തുടർന്ന് പൊതുമരാമത്ത് അധികൃതർ വെള്ളക്കെട്ടിന് പരിഹാരംകാണുമെന്ന് പറഞ്ഞെങ്കിലും 10 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ കഴിഞ്ഞദിവസം പെയ്ത മഴയിൽ വീണ്ടും വെള്ളക്കെട്ട് ഉണ്ടായത് ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു.
ഇതേത്തുടർന്നാണ് വെള്ളക്കെട്ടിന് പരിഹാരംകാണാൻ നടപടി ഉണ്ടായിരിക്കുന്നത്.
മലയോരഹൈവേയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയായതോടെ ടൗണിൽ റോഡ് ഉയരുകയും ഫുട്പാത്ത് താഴുകയും ചെയ്തതിന് പിന്നാലെയാണ് ടൗണിൽ വെള്ളക്കെട്ട് അനുഭവപ്പെട്ട് തുടങ്ങിയത്. കൂടാതെ ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് ഇറങ്ങാത്തതും പ്രശ്നമായി. മഴവെള്ളം നടപ്പാതയിൽ തളംകെട്ടിക്കിടക്കുന്നതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുസ്സഹമായി മാറുകയാണ്. ഏതായാലും തത്കാലിക നടപടിയെങ്കിലും ഉണ്ടായതിലുള്ള ആശ്വാസത്തിലാണ് വ്യാപാരികൾ. അടുത്ത മഴക്കാലത്തിനുമുൻപ് ശാശ്വതപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.