നെടുമ്പാശ്ശേരി വാഹനാപകടം; ദേവികയുടെ വീട്ടിലെത്തി പ്രത്യേക അന്വേഷണസംഘം

കല്പറ്റ : നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അതിവേഗത്തിലോടിച്ച ആഡംബരക്കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ദേവികയുടെ വീട്ടിലെത്തി പ്രത്യേക അന്വേഷണസംഘം. ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച മടക്കിമലയിലെ വീട്ടിലെത്തിയത്.
രാവിലെ ഒൻപതരയോടെ വീട്ടിലെത്തിയ സംഘം ദേവികയുടെ മാതാപിതാക്കളായ സന്തോഷ് കുമാറിന്റെയും സരിതയുടെയും മൊഴിയെടുത്തു. അന്വേഷണസംഘത്തിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ദേവികയുടെ അമ്മ സരിത പറഞ്ഞു. പ്രതി സുഹൈൽ സജീവിന് പരമാവധി ശിക്ഷകിട്ടണമെന്ന് ദേവികയുടെ അച്ഛൻ സന്തോഷ് കുമാർ പറഞ്ഞു. പ്രതിയുടെ പാസ്പോർട്ട് റദ്ദു ചെയ്യാൻ നടപടി സ്വീകരിക്കണം. മൂന്നു കുടുംബങ്ങളുടെ പ്രതീക്ഷയായ കുട്ടികളാണ് മരണപ്പെട്ടത്. ഇനി ഇങ്ങനൊരു ഗതി ആർക്കും വരരുത്. ചെയ്തതെറ്റിന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും സന്തോഷ് കുമാർ പറഞ്ഞു.
ഒക്ടോബർ 10-ന് രാത്രി ജോലി കഴിഞ്ഞ് വിമാനത്താവളത്തിനു സമീപമെത്തി ഭക്ഷണംകഴിച്ചശേഷം അത്താണി ഭാഗത്തേക്ക് മടങ്ങുമ്പോൾ പിന്നിൽ അതിവേഗത്തിൽവന്ന ആഡംബരക്കാർ ഇടിച്ചാണ് ദേവികയും പാലക്കാട് സ്വദേശി ഗോപികയും സുള്ള്യ സ്വദേശി ഇയ്യാസും മരണപ്പെട്ടത്. 19 വയസ്സുകാരൻ സുഹൈൽ സജീവാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.