വയനാട്ടിൽ ജീവിതത്തിന് വേഗമില്ല -അരുണാ ആലഞ്ചേരി

കല്പറ്റ : തിരുവനന്തപുരത്തും കോഴിക്കോട്ടും ജീവിതത്തിന് അനുഭവപ്പെടുന്ന വേഗം വയനാട്ടിൽ ഇല്ലെന്ന് എഴുത്തുകാരിയും ചിത്രകാരിയുമായ അരുണാ നാരായണൻ ആലഞ്ചേരി പറഞ്ഞു. കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം എം.പി. വീരേന്ദ്രകുമാർ ഹാളിൽ സംഘടിപ്പിച്ച എഴുത്തുകാരുമായി സംവദിക്കാം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. മറ്റു നഗരങ്ങളിലൊന്നും സമയം മനുഷ്യരെ കാത്തുനിൽക്കുന്നില്ല. അവിടെ എപ്പോഴും എല്ലാവർക്കും തിരക്കാണ്. വയനാട്ടിൽ സമയം മനുഷ്യരെ കാത്തുനിൽക്കുന്നതായാണ് അനുഭവമെന്നും അരുണ പറഞ്ഞു. മനുഷ്യസ്നേഹം വയനാടൻ മണ്ണിൽനിന്ന് ആവോളം അനുഭവിച്ചറിഞ്ഞു. തറയിൽ ചോക്കുകൊണ്ട്‌ വരച്ചായിരുന്നു ചിത്രരചനയിലെ തുടക്കം. അച്ഛനും അമ്മയുമായിരുന്നു ചിത്രരചനയിലും എഴുത്തിലും പ്രചോദനം നൽകിയതെന്നും അരുണ പറഞ്ഞു.

എഴുത്തുകാരൻ ബാലൻ വേങ്ങര അധ്യക്ഷത വഹിച്ചു. ഗംഗാശ്യാം, റാലിമ ബിജു, ഷീമ മഞ്ചാൻ, ജോയ് പാലക്കാമൂല, ടി.എസ്. സൂര്യനന്ദൻ, പി.വി. വിജയൻ, പി. അനിത, കെ.എ. അംബുജാക്ഷി, എ.വി. ദീപ തുടങ്ങിയവർ സംസാരിച്ചു.