ബത്തേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കും -മന്ത്രി

സുൽത്താൻബത്തേരി : നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ, കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.

ഐ.സി. ബാലകൃഷ്ണൻ എം. എൽ.എ.യുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവും ഭരണപരവുമായ വിവിധ കാരണങ്ങളാൽ സമയബദ്ധമായി പൂർത്തീകരിക്കാൻ കഴിയാതിരുന്ന പ്രവൃത്തികൾ വിശദമായി ചർച്ച ചെയ്തു. ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി, നേരിടുന്ന തടസ്സങ്ങൾ, തുടർനടപടികൾ, പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള സാധ്യതകൾ എന്നിവയും യോഗം വിലയിരുത്തി.

പ്രധാന റോഡുകളായ പെരിക്കല്ലൂർ-പുല്പള്ളി-ബത്തേരി, താളൂർ-സുൽത്താൻബത്തേരി, ബീനാച്ചി-പനമരം തുടങ്ങി ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ അടിയന്തരമായി തുടങ്ങാനും നിശ്ചിത കാലയളവിൽ പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരെ നീക്കം ചെയ്യുന്നതിനും മന്ത്രി കർശന നിർദേശം നൽകി. കൊളവയൽ-കേണിച്ചിറ-കല്ലുവയൽ റോഡ്, ഷെഡ്-മുള്ളൻകൊല്ലി റോഡ്, പാടിച്ചിറ-സീതാമൗണ്ട്-കൊളവയൽ റോഡ്, നിരപ്പത്ത് ഇൻഡോർ സ്‌റ്റേഡിയം, താളൂർ ടൗണിൽ ബസ് ബേ, മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം, മീനങ്ങാടി തുമ്പക്കുനി പാലം, വാകേരി പാലക്കുറ്റി പാലം, കോളേരി പാലം മുതലായ തുടങ്ങാനിരിക്കുന്നതും പൂർത്തിയാക്കാനുള്ളതുമായ വിവിധ പദ്ധതികളും യോഗം ചർച്ച ചെയ്തു. പദ്ധതികളുടെ തുടർനടപടികൾ ഏകോപിപ്പിച്ച് സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ പരിഹരിക്കുന്നതിനും പ്രവൃത്തികൾക്ക് ആവശ്യമായ വേഗം ഉറപ്പാക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതുമരാമത്ത് നിരത്ത്, കെട്ടിടം, പാലം വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരും ദേശീയപാത, കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥരും വിവിധ നിർവഹണ ഏജൻസികളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.