കർണാടക അതിർത്തിഗ്രാമങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കുന്നു

പോലീസ്, എക്സൈസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം
പുല്പള്ളി : ലഹരിമാഫിയാ സംഘങ്ങൾക്ക് അതിർത്തിയിൽ വഴിതുറന്നിട്ട് പോലീസും എക്സൈസും. കർണാടകയുമായി അതിർത്തി പങ്കിടുന്ന കബനിക്കരയിലെ കേരളഗ്രാമങ്ങൾ ലഹരി കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറിയിട്ട് കാലമേറെയായി.
കർണാടകയിൽനിന്ന് ലഹരിവസ്തുക്കൾ കബനിപ്പുഴ കടത്തി, മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളിലൂടെയാണ് ജില്ലയുടെ പലഭാഗങ്ങളിലേക്കും കടത്തുന്നത്. ലഹരി സംഘങ്ങൾക്കെതിേര സംസ്ഥാനത്തുടനീളം നടപടി ശക്തമാക്കുമ്പോഴും ലഹരി സംഘങ്ങളുടെ കേന്ദ്രമായ അതിർത്തി ഗ്രാമങ്ങളിലേക്ക് അധികൃതരുടെ കാര്യമായ ശ്രദ്ധപതിയുന്നില്ലെന്നാണ് വിമർശനം.
മുൻപ് ഈ മേഖലകളിൽ സ്ഥിരമായുണ്ടായിരുന്ന പരിശോധനകൾ ഇപ്പോൾ കുറഞ്ഞതോടെ അങ്ങാടികളിലടക്കം പരസ്യമായാണ് ലഹരിക്കച്ചവടം നടക്കുന്നത്. സ്കൂൾ വിദ്യാർഥികൾവരെ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടിവിടെ.
അതിർത്തിവഴി വർധിച്ചുവരുന്ന ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി പെരിക്കല്ലൂർ കടവിൽ പോലീസ് എയ്ഡ് പോസ്റ്റ് നിർമിച്ചിരുന്നു. എന്നാൽ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി ആറുമാസം കഴിഞ്ഞിട്ടും പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായിട്ടില്ല. അടഞ്ഞുകിടക്കുന്ന പോലീസ് എയ്ഡ്പോസ്റ്റിന് മുന്നിലൂടെയാണിപ്പോൾ നിർബാധം കേരളത്തിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ മരക്കടവിൽ ക്യാമ്പുചെയ്ത് കബനീ തീരപ്രദേശങ്ങളിൽ സ്ഥിരംപരിശോധന നടത്തിയിരുന്നത് ലഹരി കള്ളക്കടത്ത് തടയുന്നതിന് ഒരുപരിധിവരെ സഹായിച്ചിരുന്നു. എന്നാൽ അടുത്തിടെ ക്യാമ്പ് ചെയ്തുള്ള പരിശോധന എക്സൈസ് അവസാനിപ്പിച്ചു. നിലവിൽ മീനങ്ങാടിയിൽനിന്നും ബത്തേരിയിൽനിന്നും എക്സൈസിന്റെ പട്രോളിങ് സംഘം പരിശോധനയ്ക്കായി എത്തുന്നുണ്ടെങ്കിലും അത് വലിയഗുണം ചെയ്യുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കർണാടകയിലെ ബൈരക്കുപ്പ, മച്ചൂർ, ഗുണ്ടറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് മദ്യം, കഞ്ചാവ്, രാസ ലഹരിവസ്തുക്കൾ, നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവ വൻതോതിൽ കടത്തുന്നത്. കബനിപ്പുഴയിലെ ആളൊഴിഞ്ഞ കടവുകളിലൂടെയാണ് പ്രധാനമായും ലഹരിക്കടത്ത്. സ്വാമിക്കടവ് ഉൾപ്പെടെയുള്ള വനമേഖലകളിലൂടെയും ലഹരി കടത്തുന്നുണ്ട്.
പോലീസ്, എക്സൈസ് നീക്കങ്ങൾ കൃത്യസമയത്ത് ലഹരി സംഘങ്ങളെ അറിയിക്കാനും ആളുകളുണ്ട്. ഇതിനാൽ ലഹരിക്കടത്ത് സംഘങ്ങൾ പലപ്പോഴും പിടിക്കപ്പെടാറില്ല. ലഹരിവസ്തുക്കൾ തേടി ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നും വിദ്യാർഥികളും യുവാക്കളുമെല്ലാം നിത്യവും കബനിക്കരയിലേക്ക് എത്തുന്നുണ്ട്. അയൽ ജില്ലകളിലേക്ക് കച്ചവട ആവശ്യങ്ങൾക്കായി കഞ്ചാവ് ഉൾപ്പെടെ വലിയ അളവിൽ വാങ്ങിക്കൊണ്ടുപോകാനെത്തുന്നവരും ഏറെയുണ്ട്. പോലീസും എക്സൈസും സ്ഥിരമായി ഈ മേഖലയിൽ ക്യാമ്പ് ചെയ്ത് രാത്രിയും പകലുമായി പരിശോധനകൾ തുടർന്നാൽമാത്രമേ ലഹരി കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയിടാനാകുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്.
എയ്ഡ് പോസ്റ്റ് തുടങ്ങണം
സ്കൂൾ-കോളേജ് വിദ്യാർഥികളടക്കം മദ്യവും മയക്കുമരുന്നും വാങ്ങാനായി കർണാടകാതിർത്തിയിലേക്ക് എത്തുന്നുണ്ട്. ഇതുവഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി പെരിക്കല്ലൂരിൽ നിർമാണം പൂർത്തിയാക്കിയ പോലീസ് എയ്ഡ് പോസ്റ്റ് ഉടൻ പ്രവർത്തന സജ്ജമാക്കണം. രാത്രിയിലടക്കം എക്സൈസിന്റേയും പോലീസിന്റേയും പരിശോധനകൾ ശക്തമാക്കണം. സ്വാമി കടവ്, തേൻമാവിൻ കടവ്, പെരിക്കല്ലൂർ തോണിക്കടവ്, മരക്കടവ്, തോണിക്കടവ് എന്നിവിടങ്ങളിൽ പരിശോധനയും നിരീക്ഷണവും അത്യാവശ്യമാണ്.
ജി.ജി. ഗിരീഷ്കുമാർ
പി.ടി.എ. പ്രസിഡന്റ്, പെരിക്കല്ലൂർ ജി.എച്ച്.എസ്.എസ്.