ഗൂഡല്ലൂരിലെ ആശുപത്രിക്കെട്ടിടത്തിന്റെ നിർമാണം ഇഴയുന്നു

#അനിൽ പയ്യമ്പള്ളി

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിവളപ്പിൽ പുതിയ പ്രസവവാർഡ് കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു.

ഗൂഡല്ലൂർ താലൂക്ക് സർക്കാർ ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയതിനെത്തുടർന്ന്, 31 കോടി രൂപ ചെലവിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചുവരുകയാണ്. ഇതിന്റെ ആദ്യഘട്ടമായി, ശസ്ത്രക്രിയ, അത്യാഹിത വിഭാഗം, നേത്രരോഗ വിഭാഗം എന്നിവയ്ക്കായുള്ള കെട്ടിടം 15 കോടി രൂപ ചെലവിൽ 2025 ഒക്ടോബർ ആറിന് തുറന്നുകൊടുത്തു. ബാക്കിയുള്ള 16 കോടി രൂപ ചെലവിൽ, എല്ലാവിധ സൗകര്യങ്ങളുമുള്ള പ്രസവവാർഡ് കെട്ടിടത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കെ, 2024 ജൂണിലുണ്ടായ കനത്ത മഴയിൽ കെട്ടിടത്തിന് സമീപമുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും സമീപത്തെ ചില വീടുകളിൽ വിള്ളലുകൾ രൂപപ്പെട്ട് കേടുപാടുകൾ സംഭവിക്കുകയുംചെയ്തു.

'സർക്കാർ ആശുപത്രിയിലെ പുതിയ കെട്ടിടത്തിനായി മണ്ണ് നീക്കം ചെയ്തതാണ് വീടുകളിൽ വിള്ളലുകളുണ്ടാകാൻ കാരണമെന്ന്' പരാതി ഉയർന്നു. ഇതിനെത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. പിന്നീട്, മണ്ണൊലിപ്പ് തടയുന്നതിനായി ഏഴുമീറ്റർ ഉയരവും അൻപതടി നീളവുമുള്ള സംരക്ഷണഭിത്തി നിർമിച്ചു. ശേഷം നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

2026 മൺസൂണിന് മുൻപായി ഈ പ്രവൃത്തികൾ പൂർത്തിയാക്കി കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അടുത്തവർഷത്തോടെയേ ഇത്‌ പൂർത്തിയാക്കാനാവൂ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിലെ ഗർഭിണികൾക്കായി കിടത്തിച്ചികിത്സാ സൗകര്യമുള്ള ഏക ആശുപത്രിയാണ് ഗൂഡല്ലൂരിലെ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി. വ്യാപക പരാതിയായതിനെത്തുടർന്ന് അടുത്തകാലത്ത് മാത്രമാണ് സ്ഥിരമായി ഡോക്ടർമാരെ നിയമിച്ചത്.

ജില്ലയിൽ മലയോരമേഖലയിലെ ഏകാശ്രയമായ ആശുപത്രിക്ക്‌ നല്ലകെട്ടിടം പണിയുന്നതിനായി സർക്കാർ അനുവദിച്ച കെട്ടിടമാണ് അലംഭാവംമൂലം പണിപൂർത്തീകരിക്കാതെ, നീണ്ടുപോയിക്കൊണ്ടിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഗർഭിണികളെ ചികിത്സാർഥം കിലോമീറ്ററുകൾ താണ്ടി ഊട്ടി സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിലോ അല്ലെങ്കിൽ വയനാട്ടിലെ ആശുപത്രികളിലോ എത്തിക്കേണ്ട ദുരവസ്ഥയാണ്.