ചേരമ്പാടി ആരോഗ്യകേന്ദ്രത്തിലെ ഒഴിവുകൾ ഉടൻ നികത്തുമെന്ന് ആരോഗ്യവകുപ്പ്

ഗൂഡല്ലൂർ : നീലഗിരി ജില്ലയിലെ ചേരമ്പാടി സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകൾ ഉടൻ നികത്തുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുലഭിച്ചതായി നീലഗിരി ജില്ലാ പാട്ടാളി മക്കൾ കക്ഷി (പി.എം.കെ.) പ്രസിഡന്റ് ഹംസ പറഞ്ഞു.

ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് ജില്ലാ പൊതുജനാരോഗ്യ-രോഗപ്രതിരോധ മെഡിക്കൽ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ രണ്ട് ഡോക്ടർമാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ഇതിൽ ഒരാൾ പ്രസവാവധിയിലാണെന്നും മറുപടിയിൽ പറയുന്നു.

എക്സ്റേ, രക്തപരിശോധന തുടങ്ങിയ സൗകര്യങ്ങൾ ആരോഗ്യകേന്ദ്രത്തിൽ നിലവിലുണ്ട്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ഒഴിവുകൾ ഉടൻ നികത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

സെപ്‌റ്റംബർ 27ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തത് സംബന്ധിച്ച മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതുൾപ്പെടുത്തി ഹംസ മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുൾപ്പെടെ പരാതി നൽകിയിരുന്നു. തുടർന്നാണ് ഇതു സംബന്ധിച്ച നടപടികൾ വിശദീകരിച്ച് സർക്കാർ മറുപടി നൽകിയത്.