പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി.ഓപ്പറേറ്റിങ് സെന്റർ വരുമോ

#സ്വന്തം ലേഖകൻ

പുല്പള്ളി : കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കുന്നതിനായി പെരിക്കല്ലൂരിൽ ഏറ്റെടുത്ത സ്ഥലം പതിറ്റാണ്ട് കഴിഞ്ഞിട്ടും മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് കെ.എസ്.ആർ.ടി.സി.ക്ക്‌ കൈമാറിയില്ല. ഇതിനിടെ ഈ സ്ഥലം ഗ്രാമപ്പഞ്ചായത്ത് വകമാറ്റി ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിനുള്ള നടപടികളുമായി കേരള-കർണാടക സർക്കാരുകൾ മുന്നോട്ടുപോകുമ്പോൾ പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി.യുടെ ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.

പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. എം.ഡി.യുമായി നടത്തിയ ചർച്ചയിൽ, സ്ഥലം കൈമാറിയാൽ ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കാമെന്ന് ഉറപ്പുനൽകിയിരുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് സുനിൽ ഡി. വാഴയ്ക്കൽ പറഞ്ഞു.

സ്ഥലം ഏറ്റെടുത്തത് 2016-ൽ

പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കുന്നതിനായി 2016-ലാണ് മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പെരിക്കല്ലൂർ സെയ്ന്റ് തോമസ് ഇടവകയുടെ രണ്ടേക്കർ ഭൂമി ഏറ്റെടുത്തത്. ഒരേക്കർ സ്ഥലം 43.75 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് വിലയ്ക്കുവാങ്ങിയപ്പോൾ ഒരേക്കർ സ്ഥലം സൗജന്യമായി ഇടവക നൽകുകയായിരുന്നു.

അടിസ്ഥാനസൗകര്യങ്ങളൊരുക്കി നൽകിയാൽ ഇവിടെ ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കാമെന്നായിരുന്നു അക്കാലത്ത് കെ.എസ്.ആർ.ടി.സി.യുടെ നിലപാട്.

ഇതിന്റെ ഭാഗമായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്ന്‌ 50 ലക്ഷം ഉപയോഗപ്പെടുത്തി ബസ് നിർത്തിയിടുന്നതിനുള്ള യാർഡ് നിർമിച്ചിരുന്നു. ജീവനക്കാർക്ക് താമസിക്കുന്നതിനായി കെട്ടിടവും ശൗചാലയങ്ങളും നിർമിച്ചു.

എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൂടുതൽ സാമ്പത്തികബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ആർ.ടി.സി. ഇതോടെ പെരിക്കല്ലൂരുകാരുടെ ഓപ്പറേറ്റിങ് സെന്റർ എന്ന മോഹവും പൊടിപിടിച്ചു.

സ്ഥലവും സൗകര്യവുമെല്ലാമുണ്ടായിട്ടും പെരിക്കല്ലൂരിൽ ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കാനാവാത്തതിനാൽ പ്രദേശവാസികൾക്ക് ശക്തമായ അമർഷമുണ്ട്. ജനപ്രതിനിധികൾ ഈ വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

ജനങ്ങളോടുള്ള വഞ്ചന

പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററിനുള്ള സ്ഥലമേറ്റെടുക്കുന്നതിനും നിർമാണങ്ങൾക്കുമായി ഒരുകോടിയോളം രൂപ ചെലവഴിച്ചിട്ടും നാടിന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഏറ്റെടുത്ത സ്ഥലം കെ.എസ്.ആർ.ടി.സി.ക്ക്‌ പത്തുവർഷം കഴിഞ്ഞിട്ടും കൈമാറാൻ തയ്യാറാകാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്. ബൈരക്കുപ്പ പാലത്തിന്റെ പേരിൽ ജനങ്ങളെ കളിപ്പിക്കുന്നതുപോലെത്തന്നെയാണ് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററിന്റെ കാര്യത്തിലും നടക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയിലെയും ഭരിക്കുന്ന പാർട്ടിയിലെയും ചേരിപ്പോര് കാരണം പഞ്ചായത്തിലെ പല വികസനപദ്ധതികളും താളംതെറ്റുകയാണ്. ഫണ്ടുകൾ ലാപ്‌സാകാതെ നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഭരണസമിതി തയ്യാറാകണം.

രാജൻ പാറയ്ക്കൽ

പൊതുപ്രവർത്തകൻ

എട്ട് ദീർഘദൂര ബസ് സർവീസുകൾ

ഒരുകാലത്ത് പെരിക്കല്ലൂരിൽനിന്ന്‌ 18 ദീർഘദൂര ബസ് സർവീസുകൾവരെ നടത്തിയിരുന്നു. കോവിഡിനുശേഷം സർവീസുകൾ വെട്ടിക്കുറച്ചെങ്കിലും ഇപ്പോഴും എട്ട് ദീർഘദൂര ബസ് സർവീസുകൾ ഇവിടെനിന്നുണ്ട്. കോട്ടയം, പാല, പൊൻകുന്നം, അടൂർ, ഇരിട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലേക്കായി സൂപ്പർ ഡീലക്‌സ്, സൂപ്പർഫാസ്റ്റ്, ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഇവിടെനിന്ന് സർവീസ് നടത്തുന്നുണ്ട്. വെട്ടിക്കുറച്ച സർവീസുകൾ വീണ്ടും തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് നാട്ടുകാർ.