നാടുകാണിച്ചുരത്തിൽ കാട്ടാന ബൈക്ക് തകർത്തു

യാത്രക്കാർ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഗൂഡല്ലൂർ : നാടുകാണിച്ചുരത്തിൽ പട്ടാപ്പകലിറങ്ങിയ കാട്ടാന ബൈക്ക് തകർത്തു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. താഴെ നാടുകാണിയോട് ചേർന്ന് തേൻപാറയ്ക്ക് സമീപം വളവിലാണ് കാട്ടാനയിറങ്ങിയത്. വളവിലിറങ്ങിയ കാട്ടാനയെക്കണ്ട് ബൈക്ക് ഉപേക്ഷിച്ച് കുടുംബം രക്ഷപ്പെടുകയായിരുന്നു. പിന്നാലെയെത്തിയ കാട്ടാന ബൈക്ക് ചവിട്ടിത്തകർത്തു. വഴിക്കടവിൽനിന്ന് പന്തല്ലൂരിലേക്ക്‌ പോവുകയായിരുന്നവരാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

കാട്ടാനയുടെ പരാക്രമം മറ്റുള്ള യാത്രക്കാർ മൊബൈലിൽ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലിട്ടു. ഇത് ഒട്ടേറെപ്പേരാണ് ഷെയർ ചെയ്തത്. ഏറെസമയം പാതയ്ക്കരികിൽ നിലയുറപ്പിച്ച കാട്ടാന പിന്നീട് കാടുകയറുകയായിരുന്നു. ഏറെനേരം വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. അതിർത്തിപ്രദേശത്തായതിനാൽ വഴിക്കടവിൽനിന്ന് കേരള വനംവകുപ്പ്‌ അധികൃതരും തമിഴ്‌നാട് വനംവകുപ്പ്‌ അധികൃതരും എത്തി പരിശോധന നടത്തി.