അപകടക്കെണിയൊരുക്കി കൂറ്റൻ മരത്തടികൾ

പനമരം : പനമരം - മാനന്തവാടി റോഡിൽ അപകടക്കെണിയൊരുക്കി മുറിച്ചിട്ട കൂറ്റൻ മരത്തടികൾ. കരിമ്പുമ്മൽ മുതൽ ആര്യന്നൂർനട വരെയുള്ള ഭാഗങ്ങളിലാണ് മാസങ്ങൾക്കുമുൻപ്‌ കൂറ്റൻമരങ്ങൾ മുറിച്ചത്. മരത്തടികൾ ഇവിടെനിന്നും കയറ്റിപ്പോവാതെ റോഡരികിൽത്തന്നെ ഇട്ടിരിക്കുകയാണ്. ഇതാണ് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുന്നത്.

പനമരം ആര്യന്നൂർനടയിൽ വൻമരത്തിന്റെ വലിയ കഷ്ണങ്ങളാണ് റോഡിനോട് ചേർന്നുള്ളത്. കൊടുംവളവും കുത്തനെയുള്ള കയറ്റിറക്കവും നിറഞ്ഞ റോഡരികിൽ ഏതുനിമിഷവും വലിയ അപകടം ഉണ്ടാക്കുമെന്ന അവസ്ഥയിലാണ്‌. ഒട്ടേറെ വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുമുണ്ട്. കാൽനടയാത്രക്കാരെ വാഹനമിടിച്ച് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.

ശ്രദ്ധയൊന്ന് തെറ്റിയാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്ന അവസ്ഥയാണ്. ഒപ്പം കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ വലിയ പ്രയാസവുമാണ് ഇവിടെ. എത്രയുംപെട്ടെന്ന് മുറിച്ചിട്ടമരങ്ങൾ റോഡരികിൽ നിന്നും നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.