കാലാനുസൃതമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അനിവാര്യം- മന്ത്രി എൻ. ഷംസുദ്ദീൻ

കല്പറ്റ : വിദ്യാർഥികളെ ആഗോളതലത്തിൽ മത്സരസജ്ജരാക്കാൻ കാലാനുസൃതമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മേപ്പാടി ജി.എച്ച്.എസ്.എസിൽ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ എന്റിച്ച്‌മെന്റ് പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം മുൻനിർത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേപ്പാടിയിൽ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിനായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു. എൽ.പി., യു.പി. തലത്തിലെ വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ വിദ്യാഭ്യാസം ശക്തമാക്കുന്നതിന് സംസ്ഥാനത്തെ 6,000 സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിച്ചു. െഹെസ്കൂളുകളിൽ എ.ഐ., റോബോട്ടിക്‌സ് പഠിപ്പിക്കുന്ന എറൈസ് പദ്ധതി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഭൂമിശാസ്ത്രപരമായ പ്രയാസങ്ങൾ, മാനസികസംഘർഷങ്ങൾ എന്നിവകാരണം പഠനരംഗത്ത് പിന്നാക്കംപോകുന്ന ഗോത്രവർഗ വിദ്യാർഥികളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണിത്. മുൻവർഷത്തിൽ സംസ്ഥാനത്തെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. 2026-27 അധ്യയനവർഷത്തിൽ സംസ്ഥാനത്തെ 445 സ്കൂളുകളിൽ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ക്യാമ്പുകൾ, നൈപുണി വികസന വർക്ക്‌ഷോപ്പുകൾ, പഠനയാത്രകൾ, ഭൗതികസാഹചര്യ വികസനം, രക്ഷിതാക്കൾക്ക് ബോധവത്കരണം എന്നിവ സംഘടിപ്പിക്കും.

മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷതവഹിച്ചു. പ്രത്യേക പഠന പരിപോഷണ പദ്ധതിയിലൂടെ ഗോത്ര മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കു തടഞ്ഞ് കരിയർ വളർച്ചയ്ക്കാവശ്യമായ പിന്തുണ നൽകാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്പെഷ്യൽ എന്റിച്ച്‌മെന്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 445 സ്കൂളുകളിലേക്കുള്ള അഞ്ചു കോടി രൂപയുടെ വിതരണ ഉത്തരവ് മന്ത്രി എൻ. ഷംസുദ്ദീൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസിന് കൈമാറി. പദ്ധതിയുടെ മൊഡ്യൂൾ മന്ത്രി ടി. സിദ്ദിഖ് ഡയറ്റ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യനു നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷ സൽമ മോയിൻ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോൺ മാതാ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ യു. അജ്മൽ സാജിദ്, സി. ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.