വനത്തിനുള്ളിൽ അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

44 ദിവസംമുൻപ് കാണാതായ തങ്കിയുടേതാണെന്ന് സംശയം

സുൽത്താൻബത്തേരി : വയനാട് വന്യജീവിസങ്കേതത്തിൽ വടക്കനാട് പള്ളിവയൽ വനത്തിനുള്ളിലെ പേരക്കൊല്ലിയിൽ അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് കുറിച്യാട് റെയ്ഞ്ചിലെ വനമേഖലയിൽ പോത്തിനെ മേയ്ക്കാൻ പോയവർ മൃതദേഹം കണ്ടത്.

ചെറിയ ചോലയുടെ അരികിലെ മരത്തിനുചുവട്ടിൽ അഴുകി അസ്ഥികൂടമായ നിലയിലായിരുന്നു. ഇതിൽ മേൽവസ്ത്രങ്ങളില്ലാത്ത വിധമായിരുന്നു. തുടർന്ന് ജനപ്രതിനിധികളും പോലീസും വനപാലകരുമെത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. ജൂലായ് 30-ന് വടക്കനാട് പള്ളിവയൽ ഊരിൽനിന്ന് കാണാതായ തങ്കിമൊരുത്തി(64)യുടേതാണോ മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്.

തങ്കി ധരിച്ചിരുന്നതുപോലത്തെ ഒരു ലോഹവള മൃതദേഹത്തിന്റെ കൈയിലുണ്ട്. കൂടാതെ പരിസരത്ത് പോലീസും ഫൊറൻസിക് സംഘവും നടത്തിയ പരിശോധനയിൽ തങ്കിയുടേതെന്ന് സംശയിക്കുന്ന വസ്ത്രഭാഗങ്ങളും മാലയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് തങ്കിയുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കാണാതായ സമയത്ത് തങ്കി ഏതെങ്കിലും അപകടത്തിൽപ്പെട്ടിരുന്നെങ്കിൽ ഇത്രയും അഴുകിയ നിലയിലാകാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ അവരുടേതാണോയെന്ന സംശയമാണ് കൂടുതലായും ഉയരുന്നത്. തങ്കിയെ കാണാതായ പള്ളിവയൽ ഉന്നതിയിൽനിന്ന് ഏകദേശം രണ്ടുകിലോമീറ്റർ അകലെയും ജനവാസമേഖല കഴിഞ്ഞ് ഒരുകിലോമീറ്ററോളം വനത്തിലേക്ക് മാറിയുമാണ് മൃതദേഹം കണ്ടെത്തിയത്.

ബത്തേരി പോലീസ് ഇൻസ്പെക്ടർ കെ.എസ്. അജേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ മാനന്തവാടി മെഡിക്കൽ കോളേജിലെ പോലീസ് സർജനെ സ്ഥലത്തെത്തിച്ച് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി വൈകീട്ടോടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഡി.എൻ.എ. പരിശോധന നടത്തും

വെള്ളിയാഴ്ച ഫൊറൻസിക് സർജൻ പോസ്റ്റ്‌മോർട്ടം നടത്തും. അസ്ഥികൂടം മാത്രമായ നിലയിലായതിനാൽ ഡി.എൻ.എ. പരിശോധന നടത്തിയേ ആരുടേതാണ് മൃതദേഹമെന്ന് ഉറപ്പിക്കാനാകൂവെന്നും പരിശോധനയ്ക്കുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾ കരീം പറഞ്ഞു.

തങ്കിമൊരുത്തി വനത്തിനുള്ളിലുള്ള ഈ ഭാഗത്ത് എത്തിയതെങ്ങനെയെന്നും മരിക്കാനുണ്ടായ കാരണവുമടക്കം എല്ലാതലത്തിലുമുള്ള അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനും ഫൊറൻസിക് പരിശോധനകൾക്കും ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തതവരൂ. തങ്കിമൊരുത്തിയെ കാണാതായശേഷം ഓഗസ്റ്റ് 16-ന് ഇവരുടെ കൊച്ചുമകൻ സുധീഷിനെ(മുരളി-27) വനത്തിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് മൊഴിയെടുത്തശേഷമാണ് ഊരിന് നാനൂറ് മീറ്ററോളം അകലെ സുധീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.