ആർക്കും ഉപകാരമില്ലാതെ കാടുമൂടി അത്തിക്കൽ ജലസംഭരണി

കോട്ടത്തറ : വർഷങ്ങൾക്ക് മുൻപ് നെൽപ്പാടങ്ങളിൽ വെള്ളമെത്തിച്ച അത്തിക്കൽ ജലസംഭരണി കാടുമൂടിക്കിടക്കുകയാണ്. സമീപത്തുതന്നെ ചെറിയ ചെക്ക്ഡാമും കനാലുമെല്ലാം ഉണ്ടെങ്കിലും ഇപ്പോൾ ജലസംഭരണിയിൽ മണ്ണും ചെളിയും നിറഞ്ഞ് കാടുവളർന്നിരിക്കയാണ്. വേനൽക്കാലത്തുപോലും വറ്റാത്ത ഉറവയുള്ള പ്രദേശത്തെ ജലസംഭരണി ആർക്കും ഉപകാരപ്പെടുന്നില്ല.

അരയേക്കറോളം വിസ്തൃതിയുള്ളതാണ് അത്തിക്കൽ ജലസംഭരണി. 65 വർഷത്തോളം പഴക്കമുണ്ട്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ചെക്ക്ഡാം നിർമിച്ച് നെൽപ്പാടങ്ങളിൽ വെള്ളമെത്തിച്ചിരുന്നു. ചെക്ക്ഡാമിൽ മരത്തിന്റെ പലകകൾ വെച്ചായിരുന്നു ഷട്ടറുകൾ നിർമിച്ചിരുന്നത്. കാലപ്പഴക്കം കാരണം ആദ്യം മരത്തിന്റെ ഷട്ടറുകൾ നശിച്ചു. കൃത്യമായ പരിപാലനം ഇല്ലാതായതോടെ പതിയെ ജലസംഭരണിയും മണ്ണും ചെളിയും നിറഞ്ഞ് നശിച്ചുതുടങ്ങി. വർഷങ്ങൾക്ക് മുൻപ് കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് ജലസംഭരണി നന്നാക്കിയെടുക്കാൻ ശ്രമംനടത്തിയെങ്കിലും പൂർണമായില്ല. ഇപ്പോൾ ഒറ്റനോട്ടത്തിൽ അതൊരു ജലസംഭരണിയാണെന്ന് പറയുകപോലുമില്ല. മുരിക്ക് മരങ്ങൾവരെ ജലസംഭരണിയിൽ വളർന്നിട്ടുണ്ട്.

വണ്ടിയാമ്പറ്റ, പൂവ്വാച്ചുള്ളി പാടശേഖരങ്ങൾക്കാണ് അത്തിമൂല ജലസംഭരണി കൂടുതൽ ഉപകാരമാവുന്നത്. പ്രദേശങ്ങളിലെ ഒരുപ്പൂ കൃഷി ഇരുപ്പൂ കൃഷിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്തിക്കൽ ജലസംഭരണി ചെക്ക്ഡാം നിർമിച്ചത്. തുടക്കത്തിൽ കർഷകർക്ക് ഉപകാരവുമായിരുന്നു. ജലസംഭരണി നശിച്ചതോടെ കർഷകർ പ്രതിസന്ധിയിലായി.

വെള്ളത്തിന്റെ ദൗർലഭ്യം കാരണം ഇപ്പോൾ നെൽക്കൃഷി തന്നെ പ്രയാസത്തിലായിരിക്കുകയാണ്. പലരും കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ടായി. പ്രദേശത്ത് നെൽക്കൃഷി തിരികെ കൊണ്ടുവരാൻ അത്തിക്കൽ ജലസംഭരണി നന്നാക്കിയാൽ സാധിക്കുമെന്നാണ് കർഷകർ പറയുന്നത്. അറ്റക്കുറ്റപ്പണി നടത്തുന്നതിനോടൊപ്പം ഒരു കിലോമീറ്ററോളം ദൂരം കനാലും നിർമിക്കേണ്ടതുണ്ട്.

നന്നാക്കിയാൽ നാടിനും ഉപകാരം

വേനലിൽപ്പോലും ഉറവ വറ്റാത്ത പ്രദേശത്തെ ജലസംഭരണി നന്നാക്കിയെടുത്താൽ കൃഷിക്കുമാത്രമല്ല നാടിനും പ്രയോജനമാണെന്നും നാട്ടുകാർ പറഞ്ഞു. ജലസംഭരണിയിൽ വെള്ളമുണ്ടായിരുന്നപ്പോൾ പ്രദേശത്തെ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിലും വെള്ളമുണ്ടായിരുന്നു. ജലസംഭരണി നന്നാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജലസംഭരണി ഇനി പഴയപോലെയാക്കാൻ കാടുവെട്ടിത്തെളിക്കുകയും മണ്ണും ചെളിയും നീക്കുകയും വേണം. ചെക്ക്ഡാമിന് ഷട്ടറുകൾ നിർമിക്കുകയും ചെയ്യണം.

ജലസംഭരണി പ്രയോജനപ്പെടുത്തണം

അത്തിക്കൽ ജലസംഭരണി പുനരുജ്ജീവിപ്പിക്കണം. കനാൽ നിർമിച്ച് വെള്ളമെത്തിച്ചാൽ പൂവ്വാച്ചുള്ളി, വണ്ടിയാമ്പറ്റ പ്രദേശങ്ങളിലായി അറുപത് ഹെക്ടറോളം നെൽക്കൃഷിക്ക് പ്രയോജനപ്പെടും. നെൽക്കൃഷിയെ തിരി​േക കൊണ്ടുവരാനും സാധിക്കും. ബന്ധപ്പെട്ടവർ മുൻകൈ​െയടുക്കണം.

-ഒ. അനിൽകുമാർ, പ്രദേശവാസി